ഐഎസ്എൽ (ISL) രണ്ടാം സെമി ഫൈനലിന്റെ (Semi Final) ആദ്യ പാദത്തിൽ എടികെ മോഹൻ ബഗാനെതിരെ (ATK Mohun Bagan) തകർപ്പൻ ജയം സ്വന്തമാക്കി ഹൈദരാബാദ് എഫ്സി (Hyderabad FC). ബാംബോലിമിലെ ജി എം സി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബഗാനെ തോൽപ്പിച്ചത്. ഒരു ഗോളിന് പുറകിൽ പോയ ശേഷമായിരുന്നു മൂന്ന് ഗോളുകളടിച്ച് തിരികെവന്ന് ഹൈദരാബാദ് മത്സരം സ്വന്തമാക്കിയത്. ഹൈദെരാബാദിനായി ബാർത്തലോമ്യു ഓഗ്ബച്ചേ (45+3), മുഹമ്മദ് യാസിർ (58), സിവേറിയോ (64) എന്നിവർ ഗോളുകൾ നേടിയപ്പോൾ റോയ് കൃഷ്ണയാണ് (18) ബഗാന്റെ ഏക ഗോൾ നേടിയത്.
ബഗാന്റെ മുന്നേറ്റം കണ്ടുകൊണ്ടാണ് ആദ്യ പകുതിക്ക് ആരംഭമായത്. ബഗാൻ ആക്രമിച്ച് കളിച്ചതോടെ ഹൈദരാബാദിന് പ്രതിരോധത്തിലേക്ക് അൽപ്പം വലിയേണ്ടി വന്നു. ബഗാന്റെ ഇന്ത്യൻ താരം ലിസ്റ്റൺ കൊളാസോ ആയിരുന്നു അപകടകാരി. ഇടത് വിങ്ങുകളിലൂടെ പന്തുമായി താരം ഇടയ്ക്കിടയ്ക്ക് ഹൈദരാബാദ് ഗോൾമുഖത്ത് അപകടം വിതയ്ക്കാൻ ശ്രമിച്ചു. ഒടുവിൽ 18-ാ൦ മിനിറ്റിലെ ആത്തരമൊരു ശ്രമമാണ് ബഗാന് ആദ്യ ഗോൾ നേടിക്കൊടുത്തത്. ഇടതു വിങ്ങിലൂടെ മുന്നേറി ഹൈദരാബാദ് ഗോൾ പോസ്റ്റിന് മുന്നിലേക്ക് ലിസ്റ്റൺ കൊളാസോ നൽകിയ മനോഹര പാസ് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റോയ് കൃഷ്ണ വലയിലക്കുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ഹൈദരാബാദ് ശ്രമം തുടങ്ങി. എന്നാൽ ഈ ഗോളിന് മറുപടി നൽകാൻ അവർക്ക് ആദ്യ പകുതിയുടെ അവസാനം വരെ കാക്കേണ്ടി വന്നു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഓഗ്ബച്ചേയുടെ ഹെഡറിലൂടെ ഹൈദരാബാദ് ബഗാനെ സമനിലയിൽ പിടിക്കുകയായിരുന്നു. നൈജീരിയൻ താരത്തിന്റെ ഈ സീസണിലെ 18-ാ൦ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂടിയ ഹൈദെരാബാദിനെയാണ് കണ്ടത്. ആക്രമിച്ച് കളിച്ച അവർ 58-ാ൦ മിനുട്ടിൽ മുഹമ്മദ് യാസിർ നേടിയ ഗോളിൽ കളിയിൽ ലീഡ് നേടി. ഓഗ്ബച്ചേ ഒരുക്കി നൽകിയ അവസരത്തിൽ നിന്നായിരുന്നു യാസിറിന്റെ ഗോൾ പിറന്നത്. ഹൈദരാബാദ് താരങ്ങളുടെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ജിങ്കൻറെ ടാക്കിളിൽ സഹതാരമായ ടിരിക്ക് പരിക്കേറ്റു. പരിക്കേറ്റ താരത്തെ സ്ട്രച്ചറിലായിരുന്നു പുറത്തേക്ക് കൊണ്ടുപോയത്.
ഇതിന് പിന്നാലെ 64-ാ൦ മിനിറ്റിൽ സിവേറിയോയുടെ ഗോളിൽ ഹൈദരാബാദ് തങ്ങളുടെ ലീഡ് ഇരട്ടിയാക്കിക്കൊണ്ട് അവരുടെ മൂന്നാം ഗോളും നേടി ബഗാന്റെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു.
ആദ്യ പാദത്തിൽ നേടിയ ജയം 16ന് നടക്കുന്ന രണ്ടാം സെമിയിൽ ഇറങ്ങുമ്പോൾ ഹൈദരാബാദിന് മാനസിക ആധിപത്യം നൽകും.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.