നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

  ISL | ആദ്യം ഹീറോ, പിന്നെ വില്ലൻ; ആഷിക്കിന്റെ ഡബിളിൽ ബെംഗളൂരുവിനെ സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്‌സ്

  84ാ൦ മിനിറ്റിൽ ബെംഗളുരുവിനെ മുന്നിലെത്തിച്ച ആഷിഖ്, 88ാ൦ മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം ജയിക്കാനുള്ള അവസരം ബെംഗളൂരുവിന് നഷ്ടമാവുകയായിരുന്നു.

  Image: Twitter

  Image: Twitter

  • Share this:
   ഐഎസ്എല്ലിലെ (ISL) വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സി (Kerala Blasters vs Bengaluru FC) പോരാട്ടത്തിന് നാടകീയമായ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ബെംഗളൂരുവിന്റെ മലയാളി താരമായ ആഷിഖ് കുരുണിയൻ (Ashique Kuruniyan) ആദ്യം ഹീറോയും പിന്നെ വില്ലനായി മാറുന്ന കാഴ്ചയുമാണ് കണ്ടത്.

   84ാ൦ മിനിറ്റിൽ ബെംഗളുരുവിനെ മുന്നിലെത്തിച്ച ആഷിഖ്, 88ാ൦ മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം ജയിക്കാനുള്ള അവസരം ബെംഗളൂരുവിന് നഷ്ടമാവുകയായിരുന്നു. ഇതോടെ ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ച് ഒരു പോയിന്റ് സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

   ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട് എടുക്കാൻ പോലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ഏറിയ പങ്കും പന്ത് കാൽക്കൽ വെച്ച് കളി നിയന്ത്രിച്ചത് ബെംഗളൂരു ആയിരുന്നു.

   ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇരു ടീമുകളും ഇറങ്ങിയതെങ്കിലും സമനിലപ്പൂട്ട് പൊട്ടിച്ച് ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. ഒടുവിൽ 83ാ൦ മിനിറ്റില്‍ ബെംഗളൂരുവിന് സുവര്‍ണാവസരം ലഭിച്ചു. ത്രോയിൽ നിന്നും ലഭിച്ച അവസരത്തിൽ ക്‌ളീറ്റൺ സിൽവയിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും ബെംഗളുരുവിന്റെ ശ്രമത്തെ വിഫലമാക്കി ഗോളി ആൽബിനോ ഗോമസ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.

   എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ആൽബിനോയ്ക്ക് പിഴവ് സംഭവിച്ചു. ബെംഗളൂരുവിന്റെ മലയാളി താരം ആഷിഖ് ബോക്സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ട് ആൽബിനോയ്ക്ക് അനായാസമായി കൈപ്പിടിയിൽ ഒതുക്കാമായിരുന്നെങ്കിലും പന്ത് പിടിക്കുന്നതിൽ ആൽബിനോ വരുത്തിയ പിഴവിൽ ബെംഗളൂരു ലീഡ് എടുക്കുകയായിരുന്നു.

   ആറ് മിനിറ്റ് മാത്രം ശേഷിക്കെ ബെംഗളൂരു വിജയമുറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാൽ ബെംഗളൂരുവിന്റെ വിജയപ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് സമനില നേടുകയായിരുന്നു. 88ാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ മുന്നേറ്റത്തിൽ അവരുടെ പ്രതിരോധ താരമായ മാർകോ ലെസ്‌കോവിച്ചിന്റെ ഷോട്ട് പുറത്തേക്ക് അടിച്ച ആഷിക്കിന് പിഴയ്ക്കുകയായിരുന്നു. ആഷിഖ് അടിച്ച പന്ത് സ്വന്തം വലയിലേക്ക് കയറിയതോടെ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരുവിനെ സമനിലയിൽ പിടിക്കുകയായിരുന്നു. റഫറി പിന്നീട് അഞ്ച് മിനിറ്റ് അധിക സമയം അനുവദിച്ചെങ്കിലും വിജയ ഗോൾ നേടാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

   തുടർച്ചയായ രണ്ടാം സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ വഴങ്ങുന്നത്. തുടർച്ചയായി 11 ആമത്തെ മത്സരത്തിലും ജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഇതോടെ മൂന്നു മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍ ഒന്നു വീതം വിജയവും തോല്‍വിയും സമനിലയുമുള്ള ബെംഗളൂരു നാല് പോയിന്റോടെ മൂന്നാമതാണ്.
   Published by:Naveen
   First published: