നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | ഒരു ഗോളിന്റെ കരുത്തിൽ ഹൈദരാബാദിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയിൽ ഒന്നാമത്

  ISL | ഒരു ഗോളിന്റെ കരുത്തിൽ ഹൈദരാബാദിനെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയിൽ ഒന്നാമത്

  42-ാ൦ മിനിറ്റിൽ സ്പാനിഷ് താരം അൽവാരോ വാസ്‌കസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയശിൽപ്പി

  • Share this:
   ഐഎസ്എല്ലിൽ (ISL) പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). 2014 ണ് ശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തുന്നത്. ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതായത്. സീസണിലെ ആദ്യത്തെ മത്സരത്തിൽ മോഹൻ ബാഗാനോട് തോറ്റതിന് ശേഷം തുടർച്ചയായ ഒമ്പതാം മത്സരത്തിലും അപരാജിതരായി കുതിപ്പ് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്.

   സീസണിൽ ഏറ്റവും കുറവ് മത്സരങ്ങൾ തോറ്റ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് ആവേശകരമായ പോരാട്ടം തന്നെയായിരുന്നു. 42-ാ൦ മിനിറ്റിൽ സ്പാനിഷ് താരം അൽവാരോ വാസ്‌കസാണ് ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ച ഗോൾ നേടിയത്. സീസണിൽ താരത്തിന്റെ നാലാം ഗോൾ ആയിരുന്നു ഇത്.


   മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണ നീക്കങ്ങളുമായി കളം നിറഞ്ഞത് ഹൈദരാബാദ് ആയിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ എഡു ഗാര്‍സിയയുടെ തകർപ്പൻ ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്‍ രക്ഷപ്പെടുത്തി. ഇതിനിടയിൽ ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം ഹർമൻജോത് ഖബ്ര ആദ്യ മഞ്ഞക്കാർഡ് വാങ്ങി. പിന്നാലെ 10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ഗില്ലിനെ പുറകിൽ നിന്നും ഫൗൾ ചെയ്തതിന് ഹൈദരാബാദ് താരം ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയും മഞ്ഞക്കാര്‍ഡ് വാങ്ങി.

   24-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളിന് അരികിൽ വരെയെത്തിയെങ്കിലും ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ ഉജ്ജ്വല സേവിൽ കേരളത്തിന് നിരാശരാകേണ്ടി വന്നു. ബ്ലാസ്റ്റേഴ്സിന്റെ അർജന്റൈൻ താരം ഹോർഗെ പെരേര ഡയാസിന്റെ ഉറച്ച ഗോള്‍ ശ്രമം കട്ടിമണി അദ്ഭുതകരമായ റിഫ്ലെക്സിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.

   ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ പിറക്കുകയായിരുന്നു. 42-ാ൦ മിനിറ്റിൽ സ്പാനിഷ് താരം വാസ്‌കസിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ലീഡ് എടുക്കുകയായിരുന്നു. ഖാബ്രയുടെ നീളൻ ത്രോയിൽ നിന്നും പന്ത് ലഭിച്ച സഹൽ  ബോക്സിലേക്ക് നൽകിയ ഒരു ബാക്ക് ഹെഡ്ഡർ സ്വീകരിച്ച വാസ്‌കസ് ഒരു ഹാഫ് വോളിയിലൂടെ പന്തിനെ ഗോളിലേക്ക് പായിക്കുകയായിരുന്നു.

   ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ പിടിക്കാനുറച്ചാണ് ഹൈദരാബാദ് ഇറങ്ങിയത്.

   47-ാം മിനിറ്റില്‍ തന്നെ നിഖില്‍ പൂജാരി ബ്ലാസ്റ്റേഴ്‌സ് ബോക്സിലേക്ക് അപകടകരമാം ക്രോസ് നൽകിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര ആ ശ്രമം നിർവീര്യമാക്കി. പിന്നാലെ 53-ാം മിനിറ്റില്‍ അനികേത് യാദവിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. രണ്ടാം പകുതിയിൽ കടുത്ത പ്രെസ്സിങ് നടത്തിയ ഹൈദരാബാദിന്റെ വെല്ലുവിളി അതിജീവിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കിയത്.
   Published by:Naveen
   First published: