നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL| മൂന്നിന്റെ മൊഞ്ചിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ തകർത്ത് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്

  ISL| മൂന്നിന്റെ മൊഞ്ചിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ തകർത്ത് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്

  ബ്ലാസ്റ്റേഴ്സിന് വേണ്ടി അർജന്റൈൻ താരം പെരേര ഡയസ്, മലയാളി താരം സഹൽ അബ്ദുൾ സമദ്, യുറുഗ്വായ് താരം അഡ്രിയാൻ ലൂണ എന്നിവരാണ് ഗോളുകൾ നേടിയത്.

  Image: Kerala Blasters FC, Twitter

  Image: Kerala Blasters FC, Twitter

  • Share this:
   ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും കോരിത്തരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ സതേൺ ഡാർബി പോരാട്ടത്തിൽ ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ചെന്നൈയുടെ വല നിറയ്ക്കുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സും നിറയ്ക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

   മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി അർജന്റൈൻ താരം പെരേര ഡയസ്, മലയാളി താരം സഹൽ അബ്ദുൾ സമദ്, യുറുഗ്വായ് താരം അഡ്രിയാൻ ലൂണ എന്നിവരാണ് ഗോളുകൾ നേടിയത്. ലീഗിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കുറവ് ഗോളുകൾ മാത്രം വഴങ്ങിയ ടീമായ ചെന്നൈയിനെതിരെ മൂന്ന് ഗോളുകളുടെ വമ്പൻ ജയം നേടാനായത് താരങ്ങൾക്കും പരിശീലകനായ വുകോമനോവിച്ചിനും മുന്നോട്ടുള്ള മത്സരങ്ങളിലേക്കുള്ള ഊർജ്ജമാകും.

   മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ആക്രമണത്തിലൂന്നിയ കളിയാണ് പുറത്തെടുത്തത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടെ പെട്ടെന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെതിരെ ലീഡ് നേടുകയായിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം പ്യൂട്ടിയ മുന്നേറ്റനിരയിലേക്ക് ഉയർത്തി വിട്ട പന്ത് സ്വീകരിച്ച് അർജന്റൈൻ താരം ഡയസാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ചെന്നൈയിൻ പ്രതിരോധ താരങ്ങൾക്ക് മുകളിലൂടെ പെരേരയെ ലക്ഷ്യമാക്കി നൽകിയ പാസിനെ ചെന്നൈയിൻ താരങ്ങളുടെ ഓഫ്‌സൈഡ് കെണിയെ മറികടന്ന ഡയസ് വിശാൽ കെയ്ത്ത് മാത്രം മുന്നിൽ നിൽക്കെ പന്തിനെ ഗോൾപോസ്റ്റിന്റെ ഇടത് മൂലയിലേക്ക് പായിക്കുകയായിരുന്നു.

   തൊട്ടുപിന്നാലെ 12-ാം മിനിറ്റിൽ ചെന്നൈയിന്റെ മിർലാൻ മുർസേവ് ചെന്നൈയിനെ ഒപ്പമെത്തിക്കാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ ശ്രമം ഓഫ്‌സൈഡ് ആയി മാറുകയായിരുന്നു. ഒരു ഗോളിന്റെ ലീഡിൽ ബ്ലാസ്റ്റേഴ്‌സ് കാളി നിയന്ത്രിച്ച് കളിക്കുന്നതിനിടെ 25-ാം മിനിറ്റിൽ ക്യാപ്റ്റൻ ജെസ്സെൽ കാർനെയ്‌റോയുടെ ബോക്സിനുള്ളിലെ ക്ലിയറൻസ് സ്ഥാനം തെറ്റി ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് കയറേണ്ടിയിരുന്നതാണെങ്കിലും അസാമാന്യ സേവിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോളി ഗിൽ ബ്ലാസ്‌റ്റേഴ്‌സിനെ കാക്കുകയായിരുന്നു. പിന്നാലെ 28-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് താരം പെരേരയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ പോസ്റ്റിന് മുകളിലൂടെ പോയി. പിന്നാലെ അഡ്രിയാൻ ലൂണയ്ക്കും അവസരം ലഭിച്ചെങ്കിലും അതും ഗോളാവാതെ പോയി.

   30-ാ൦ മിനിറ്റിൽ ചെന്നൈയിന് ബ്ലാസ്റ്റേഴ്സിനൊപ്പമെത്താൻ സുവർണാവസരം ലഭിച്ചെങ്കിലും ചെന്നൈ താരം ജർമൻപ്രീത് സിങ്ങിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു. ജർമൻപ്രീതിന് അവസരം ഒരുക്കി നൽകിയ ചെന്നൈ താരം മുർസേവിന് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

   ചെന്നൈയിൻ സമനില നേടാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ 38-ാം മിനിറ്റിൽ ലഭിച്ച അവസരം ഗോളാക്കി ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെ വീണ്ടും ഞെട്ടിച്ചു. മലയാളി താരം സഹൽ അബ്ദുൾ സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്. വാസ്‌കസിന്റെ പന്ത് സ്വീകരിച്ച് മുന്നേറിയ സഹൽ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും ചെന്നൈ പ്രതിരോധ താരം റീഗൻ സിങ് സഹലിന്റെ ഷോട്ട് തടുത്തു. പിന്നീട് റീബൗണ്ടിലൂടെ സഹൽ തന്നെ പന്തിനെ ഗോളിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി തുടർച്ചയായ രണ്ടാം മത്സരത്തിലും സഹലിന് ഗോൾ നേടാൻ സാധിച്ചു.

   ആദ്യപകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ വാസ്‌കസിന് വീണ്ടും അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ചെന്നൈയിൻ ഗോളി വിശാൽ കെയ്ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇരു ടീമുകളും ആദ്യ പകുതിക്കായി പിരിഞ്ഞു.

   രണ്ടാം പകുതിയിൽ ഗോൾ നേടാൻ ചെന്നൈയിൻ താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചു. ഇതോടെ ഏറിയ പങ്ക് നേരവും ബ്ലാസ്റ്റേഴ്സിന്റെ പകുതിയിലായിരുന്നു പന്ത്. എന്നാൽ ചെന്നൈയിൻ താരങ്ങളുടെ ഓരോ നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് വിദഗ്ദ്ധമായി നിഷ്ഫലമാക്കി. ഇതിനിടയിൽ മറുഭാഗത്തേക്ക് ബ്ലാസ്റ്റേഴ്‌സ് ആക്രമണം നടത്തുണ്ടായിരുന്നെങ്കിലും അവയൊന്നും ഗോളായി മാറിയില്ല. പിന്നീട് 79-ാ൦ മിനിറ്റിൽ ലഭിച്ച ഒരവസരം ഗോളാക്കി മാറ്റി അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി വിജയം ഉറപ്പിക്കുകയായിരുന്നു.

   ചെന്നൈയിനെതിരായ ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ലീഗിലെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഏഴ് മത്സരങ്ങളിൽ 11 പോയിന്റുമായി ചെന്നൈയിൻ ഏഴാം സ്ഥാനത്ത് നിൽക്കുന്നു.
   Published by:Naveen
   First published: