നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | തലയെടുപ്പോടെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ; ഐഎസ്എൽ ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ ജയം

  ISL | തലയെടുപ്പോടെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ; ഐഎസ്എൽ ചാമ്പ്യന്മാർക്കെതിരെ തകർപ്പൻ ജയം

  മലയാളി താരം സഹൽ അബ്ദുൽ സമദ് (27), സ്പാനിഷ് താരം അൽവാരോ വാസ്‌കസ് (47), അർജന്റൈൻ താരം ഹോർഗേ പെരേര ഡയസ് (51, പെനാൽറ്റി) എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്

  Image: Kerala Blasters FC, Twitter

  Image: Kerala Blasters FC, Twitter

  • Share this:
   എന്തൊരു ജയം! എന്തൊരു മത്സരം! സ്വന്തം ടീമിന്റെ ജയം കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകരുടെ മനസ്സും ഹൃദയവും നിറയ്ക്കുന്ന ജയം നേടിക്കൊടുത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വിരുന്നൊരുക്കിയത്.

   കേരള ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് (27), സ്പാനിഷ് താരം അൽവാരോ വാസ്‌കസ് (47), അർജന്റൈൻ താരം ഹോർഗേ പെരേര ഡയസ് (51, പെനാൽറ്റി) എന്നിവരാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ജയം ഇതിലും ഗംഭീരമാകുമായിരുന്നു. മുംബൈയുടെ പ്രതിരോധ താരം മൊർത്താദ ഫാൾ ചുവപ്പ് കാർഡ് പുറത്തായതും ചാമ്പ്യന്മാർക്ക് തിരിച്ചടിയായി.

   ലീഗ് ചാമ്പ്യന്മാരുടെയും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർ എന്ന പകിട്ടോടെയും മത്സരത്തിനിറങ്ങിയ മുംബൈക്കെതിരെ സമ്പൂർണ ആധിപത്യം പുലർത്തുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്. മുംബൈയുടെ അക്രമണത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് കളി ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആക്രമണം മുഖമുദ്രയാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ 11ാ൦ മിനിറ്റിൽ തന്നെ ഗോളിന് അടുത്ത് എത്തി. ബോക്‌സിന് പുറത്ത് നിന്നും അൽവാരോ വാസ്‌കസ് തൊടുത്ത തകർപ്പൻ ലോങ്ങ് റേഞ്ചർ മുംബൈ ഗോളി നവാസിന്റെ കൈകളെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു.

   മത്സരത്തിന്റെ കഥയെന്താകുമെന്നതിന്റെ സൂചനയായിരുന്നു ഇവിടെ ബ്ലാസ്റ്റേഴ്‌സ് നൽകിയതെന്ന് മുംബൈക്ക് പിന്നീടാണ് മനസ്സിലായത്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും ഒത്തൊരുമ പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് വൈകാതെ തന്നെ ലീഡും നേടി. പെനാൾട്ടി ബോക്സിൽ നിന്ന് ഡയസ് ബോക്സിന്റെ മധ്യത്തിലേക്ക് മറിച്ച് നൽകിയ പന്തിനെ കരുത്തുറ്റ ഒരു ഹാഫ് വോളിയിലൂടെ ഗോളിലേക്ക് പായിച്ച് സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന് ലീഡ് നേടി കൊടുക്കുകയായിരുന്നു. സീസണിൽ തന്റെ രണ്ടാം ഗോളാണ് സഹൽ കണ്ടെത്തിയത്. പിന്നീട് ഒരുപാട് അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചെങ്കിലും അവയെല്ലാം ഗോളാകാതെ പോവുകയായിരുന്നു. സ്പാനിഷ് താരം അൽവാരോ വാസ്‌കസ് മുംബൈയുടെ പ്രതിരോധ നിരയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. തുടർന്ന് ആദ്യ പകുതിക്കായി ഇരു ടീമുകളും പിരിഞ്ഞു.

   രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് മേൽ ബ്ലാസ്റ്റ് ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാസ്‌കസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നിലയുയർത്തി. ജീക്‌സണ്‍ സിങ് നല്‍കിയ പാസില്‍ നിന്ന് ഉഗ്രനൊരു വോളിയിലൂടെ സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടുകയായിരുന്നു.

   പിന്നാലെ 50-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മൊർത്താദ ഫാളിന് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി. തുടർന്ന് 10 പേരുമായാണ് മുംബൈ ബാക്കിയുള്ള സമയം കളിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ലഭിച്ച അവസരങ്ങൾ പാഴായതോടെ ലീഡ് നില വർധിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. പെരേര ഡയസിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഈ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തു.

   51-ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി മുംബൈയുടെ തിരിച്ചുവരവിനുള്ള സാധ്യത അവസാനിപ്പിക്കുകയായിരുന്നു.

   മത്സരത്തിൽ നിന്നും നേടിയ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ആറ് മത്സരങ്ങളിൽ നിന്നും ഒമ്പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറി. മത്സരം തോറ്റെങ്കിലും ഏഴ് മത്സരങ്ങളിൽ നിന്നും 15 പോയിന്റോടെ മുംബൈ തന്നെയാണ് ഒന്നാം സ്ഥാനത്ത്.
   Published by:Naveen
   First published: