നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | ഐഎസ്എല്ലിലെ മോശം റഫറീയിംഗ്; AIFF-ന് പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ്

  ISL | ഐഎസ്എല്ലിലെ മോശം റഫറീയിംഗ്; AIFF-ന് പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ്

  ഇന്ത്യയിൽ ഫുട്ബോളിന്റെ നിലവാര൦ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിന് തടസ്സം നിൽക്കുന്നവയാണ് ലീഗിലെ റഫറീയി൦ഗ് എന്ന് ക്ലബ് അഭിപ്രായപ്പെട്ടു

  • Share this:
   ഐഎസ്എല്ലിലെ (ISL 2021-22) മോശം റഫറീയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (AIFF) പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). സമൂഹമാധ്യമങ്ങളിൽ ക്ലബിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയാണ് ഫെഡറേഷന് പരാതി നൽകിയ വിവരം ബ്ലാസ്റ്റേഴ്‌സ് അറിയിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ നിയന്ത്രിച്ച റഫറി വെങ്കടേഷിന്റെ പേര് പരാമർശിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയിരിക്കുന്നതെന്നതും ശ്രദ്ധേയമായി.

   റഫറിമാരുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും നിലവാരമില്ലാത്തതുമാണെന്നും ക്ലബ് കുറ്റപ്പെടുത്തി. ഇന്ത്യയിൽ ഫുട്ബോളിന്റെ നിലവാര൦ ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്ലബ് പ്രവർത്തിക്കുന്നത്. എന്നാൽ ഫുട്ബോളിന്‍റെ സ്വീകാര്യതയും ആരാധക പിന്തുണയ്ക്കും കോട്ടം തട്ടുന്ന രീതിയിലാണ് ഐഎസ്എല്ലിൽ റഫറീയി൦ഗ്. ഫുട്ബോളിലെ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് തന്നെ എഐഎഫ്‌എഫ് ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്‌സ് അഭിപ്രായപ്പെട്ടു.

   ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളാണ് റഫറി അനുവദിക്കാതിരുന്നത്. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്‌മ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനമാണ് ഉയർത്തിയത്. മത്സരത്തിൽ റഫറി എടുത്ത തീരുമാനങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ അഡ്രിയൻ ലൂണയും പ്രതിഷേധം അറിയിച്ചിരുന്നു. മത്സരശേഷം നടന്ന അവാർഡ് ദാന ചടങ്ങിൽ റഫറിയുടെ തീരുമാനങ്ങളെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് അവതാരകയോട് ലൂണ ചോദിച്ചിരുന്നു. റഫറിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ ലൂണയുടെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

   അത്യന്തം നാടകീയത; ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടത് രണ്ട് ഗോളും വിജയവും

   ഐഎസ്എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഈസ്റ്റ് ബംഗാള്‍ സമനിലയില്‍ തളച്ചിരുന്നു. ഇരുവരും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. രണ്ട് ഗോളിനെങ്കിലും ബ്ലാസ്റ്റേഴ്‌സ് ജയിക്കേണ്ടിയിരുന്ന മത്സരമാണ് റഫറിയുടെ തെറ്റായ തീരുമാനം മൂലം ബ്ലാസ്റ്റേഴ്സിന്റെ കൈവിട്ടുപോയത്.

   15-ാം മിനിറ്റിലായിരുന്നു ആദ്യ സംഭവം. ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്‍റെ ഷോട്ട് എതിര്‍ താരത്തിന്‍റെ കയ്യില്‍ തട്ടിയ ഉടനെ റഫറി വിസിലടിച്ചു. ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിര താരം പൂട്ടിയ എടുത്ത ഷോട്ട് ഈസ്റ്റ് ബംഗാൾ താരത്തിന്റെ കയ്യിൽ തട്ടിയ ഉടനെ റഫറി ഫൗൾ വിളിച്ചെങ്കിലും ദിശാമാറിയെത്തിയ പന്തിനെ വാസ്‌കസ് ബംഗാളിന്റെ വലയിലേക്ക് എത്തിച്ചു. ഫൗൾ വിളിച്ച റഫറി ബ്ലാസ്റ്റേഴ്സിന് ഗോൾ അനുവദിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ താരങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് ലൈന്‍ റഫറിയുമായി സംസാരിക്കുകയും തുടർന്ന് ഗോൾ നിഷേധക്കുകയുമായിരുന്നു. പിന്നീട് 88 -ാം മിനിറ്റില്‍ ലൂണയുടെ ക്രോസില്‍ നിന്ന് ഡയസ് നേടിയ ഗോളും നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം. എന്നാല്‍ റിപ്ലേകളില്‍ ഫൗൾ നടന്നതിന് തെളിവുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.

   ഐഎസ്എല്ലിലെ റഫറീയിംഗ് മോശമാണെന്ന അഭിപ്രായം ഇതാദ്യമായല്ല ഉയരുന്നത്. ലീഗിലെ റഫറീയിംഗിന്റെ നിലവാരമില്ലായ്‌മ ചൂണ്ടിക്കാട്ടി മുൻ സീസണുകളിലും ആരാധകർ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർത്തിയിരുന്നു. നിലവാരമുള്ള റഫറിമാരെ മത്സരം നിയന്ത്രിക്കാൻ നിർത്തണമെന്നും വിദേശ ലീഗുകളിലുള്ളത് പോലെ ഐഎസ്എല്ലിലും വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം കൊണ്ടുവരണമെന്നും ആരാധകർ അഭിപ്രായപ്പെട്ടിരുന്നു. റഫറീയിംഗിലെ പിഴവുകൾ ഈ സീസണിലും ആവർത്തന കഥയായതോടെ ആരാധകരുടെ പ്രതിഷേധവും ശക്തമാവുകയാണ്.
   Published by:Naveen
   First published: