• HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | 'അടുത്ത സീസണിലും ഇവിടെയുണ്ടാകും; ആരാധകരെ കാണാൻ കാത്തിരിക്കുന്നു'; ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Kerala Blasters | 'അടുത്ത സീസണിലും ഇവിടെയുണ്ടാകും; ആരാധകരെ കാണാൻ കാത്തിരിക്കുന്നു'; ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഐ എസ് എൽ സീസൺ കഴിഞ്ഞാൽ ഉടൻ കൊച്ചിയിലേക്ക് പോകുമെന്നും അവിടെയെത്തി ഉടമകളുമായി സംസാരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇവാൻ വുകോമനോവിച്ച്

ഇവാൻ വുകോമനോവിച്ച്

  • Share this:
    സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള (Ivan Vukoanovic) കരാർ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നീട്ടിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത സീസണിലും താൻ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്ന് പരിശീലകനായ ഇവാൻ തന്നെയാണ് സൂചന നൽകിയത്. ഐ എസ് എൽ സീസൺ കഴിഞ്ഞാൽ ഉടൻ കൊച്ചിയിലേക്ക് പോകുമെന്നും അവിടെയെത്തി ഉടമകളുമായി സംസാരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു. ക്ലബ്ബുമായുള്ള കരാർ നീട്ടാൻ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞ വുകോമനോവിച്ച് മാർച്ചിൽ തന്നെ ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.

    വുകോമനോവിച്ചിന് കീഴിൽ സീസണിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. വുകോമനോവിച്ചിന്റെ പ്രകടനത്തിൽ മാനേജ്‌മെന്റും സന്തുഷ്ടരായതിനാൽ സെർബിയൻ പരിശീലകനെ അടുത്ത സീസണിലും ഒപ്പം കൂട്ടാൻ തന്നെയാകും അവരു൦ ആഗ്രഹിക്കുന്നുണ്ടാവുക. അതിനാൽ തന്നെ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നേരത്തെ ആരംഭിച്ചിരുന്നു. ഇത് ധാരണയായി എന്ന സൂചനയാണ് വുകോമനോവിച്ചിന്റെ പ്രസ്താവനയിൽ നിന്നും ലഭിക്കുന്നത്.

    അടുത്ത സീസണിൽ ആരാധകരെ കാണാനായി കാത്തിരിക്കുകയാണെന്ന പ്രതീക്ഷയും പരിശീലകൻ പങ്കുവെച്ചു. കൊച്ചിയിൽ ആരാധകരുടെ സാന്നിധ്യത്താൽ നിറഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുന്നതിനായാണ് കാത്തിരിക്കുന്നതെന്നും പരിശീലകൻ പറഞ്ഞു.

    വുകോമനോവിച്ച് എത്തി; എല്ലാം ശരിയാക്കി

    2014, 2016 സീസണുകളിൽ ഫൈനലിൽ എത്തിയതിന് ശേഷമുള്ള സീസണുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. ഓരോ സീസണിലും ടീമിൽ പ്രതീക്ഷിയർപ്പിച്ച് എത്തുന്ന ആരാധകർക്ക് സീസൺ അവസാനം നിരാശ നൽകുന്ന പ്രകടനങ്ങൾ മാത്രമായിരുന്നു ഓർത്തിരിക്കാൻ ഉണ്ടായിരുന്നത്. ആ ഒരു സാഹചര്യത്തിൽ ആയിരുന്നു വുകോമനോവിച്ചിന്റെ വരവ്. കഴിഞ്ഞ സീസണുകളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളും ഓരോ സീസണിലും പുതിയ ടീമുമായി എത്തുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിതി ഈ സീസണിലും മാറാൻ പോകുന്നില്ലെന്ന വിലയിരുത്തലായിരുന്നു ആരാധകർക്കിടയിൽ.

    Also read- ISL | സഹലിന്റെ വണ്ടർ ഗോൾ, വാസ്‌കസിന്റെ ഡബിൾ; മുംബൈക്കാരോട് 'ജാവോ' പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; സെമി യോഗ്യതയ്ക്കരികിൽ

    എന്നാൽ മികവുറ്റ താരങ്ങളെ ടീമിലേക്ക് എത്തിച്ച് ടീമിലെ വിദേശികളെയും ഇന്ത്യൻ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ എന്ന ഒരു കുടക്കീഴിലേക്ക് ഒരുമിച്ച് ചേർത്തി നിർത്തി വുകോമനോവിച്ച് തന്റെ തന്ത്രങ്ങൾ ഓരോന്നായി ആവിഷ്കരിച്ച് എടുക്കുകയായിരുന്നു. ഫലം, സീസണിൽ ഓരോ മത്സരം കഴിയുംതോറും ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട് വരികയായിരുന്നു. പോയ സീസണുകളിൽ നിന്നും വ്യത്യസ്തമായി ക്രിയാത്മകമായി ചലിക്കുന്ന മധ്യനിരയും ഗോളുകൾ നേടാനായി ആർത്തലച്ചെത്തുന്ന മുന്നേറ്റനിരയും അതിലുമുപരി ഉരുക്കുകോട്ട പോൽ നിൽക്കുന്ന ഒരു പ്രതിരോധ നിരയേയും വുകോമനോവിച്ച് വാർത്തെടുത്തു.

    ലീഗിന്റെ ആദ്യ പാദത്തിൽ കരുത്തുറ്റ ടീമുകളെ അടിയറവ് പറയിച്ച് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് കോവിഡ് തളർത്തിയത് ഒന്ന് കൊണ്ട് മാത്രമായിരുന്നു രണ്ടാം പാദത്തിൽ പുറകോട്ട് പോയത്. എന്നാൽ പതിയെ വീര്യം വീണ്ടെടുത്ത അവർ ഇപ്പോഴിതാ ആറ് വർഷങ്ങൾക്ക് ശേഷം ഐ എസ് എല്ലിലെ മറ്റൊരു സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കുന്നതിന്റെ അരികിലാണ്. ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് സെമി യോഗ്യതയ്ക്ക് ഒരു പടി കൂടി അടുത്തത്. സീസണിൽ ആദ്യ പാദത്തിലും മുംബൈക്കെതിരെ ജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ ചരിത്രത്തിൽ ആദ്യമായി ഒരു സീസണിലെ രണ്ട് മത്സരങ്ങളിലും മുംബൈക്കെതിരെ ജയമെന്ന റെക്കോർഡ് സ്വന്തമാക്കി.

    മുംബൈക്കെതിരായ ജയത്തോടെ 19 മത്സരങ്ങളിൽ നിന്നും 33 പോയിന്റായ ബ്ലാസ്റ്റേഴ്സിന് അവസാന മത്സരത്തിൽ ഗോവയ്‌ക്കെതിരെ സമനില കൊണ്ട് പോലും സെമിയിലേക്ക് കടക്കാം.

    2016-ന് ശേഷം ബ്ലാസ്റ്റേഴ്‌സ് സെമിയിൽ എത്തിയതോടെ ബ്ലാസ്റ്റേഴ്സിന് പിടിതരാതെ നിൽക്കുന്ന ഐ എസ് എൽ കിരീടം ഈ സീസണിൽ സ്വന്തമാക്കാൻ കഴിയുമെന്ന വിശ്വാസം ആരാധകർക്കിടയിലുണ്ട്. ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുന്നത് കാണാനാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും അത് നഷ്ടപ്പെട്ടാലും അവർക്ക് സങ്കടമുണ്ടാകില്ല. കാരണം വർഷങ്ങളായി നിരാശ നൽകുന്ന പ്രകടനങ്ങൾ മാത്രം കണ്ടുകൊണ്ടിരുന്ന അവർക്ക് മുന്നിലേക്ക് മനം നിറയ്ക്കുന്ന ഫുട്ബോൾ പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്സും വുകോമനോവിച്ചും ഒരുക്കി നൽകിയത്. അതുകൊണ്ട് തന്നെ ഫലമെന്തായാലും അവർ ഈ ടീമിനെ ഇരും കൈയും നീട്ടി സ്വീകരിക്കും. അതിൽ അവർ വുകോമനോവിച്ചിന്റെ പ്രയത്‌നത്തിന് ഹൃദയപൂർവം നന്ദി പറയുകയും ചെയ്യും.
    Published by:Naveen
    First published: