ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജൂണ്‍ 18ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന കലാശപ്പോരാട്ടത്തില്‍ ശക്തരായ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ ടെസ്റ്റ് റാങ്കിംഗ് അനുസരിച്ച് ഇന്ത്യ ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡ് രണ്ടാമതുമാനും. ഇത് കൊണ്ട് തന്നെ ആവേശകരമായ പോരാട്ടത്തിനാകും ഫൈനല്‍ സാക്ഷ്യം വഹിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ന്യൂസിലന്‍ഡിലേതിന് സമാനമാണെന്നതിനാല്‍ ചെറിയൊരു മുന്‍തൂക്കം അവര്‍ക്ക് ലഭിക്കുമെങ്കിലും നിലവിലെ ഇന്ത്യന്‍ ടീം ഏത് വെല്ലുവിളിയും ഏറ്റെടുത്ത് വിജയം നേടുക എന്ന ഒറ്റ ലക്ഷ്യം വച്ച് മുന്നോട്ട് കുതിക്കുന്നവരാണ്.
ഇന്ത്യന്‍ ടീമിന്റെ ഈ വിജയതൃഷ്ണ തന്നെയാണ് അവരെ ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ടീമാക്കി നിര്‍ത്തുന്നതും. ഈയിടെ കളിച്ച മത്സരങ്ങളില്‍ ഓസ്ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയാണ് ഇന്ത്യന്‍ ടീം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. നാട്ടിലെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാകും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്.
ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐസിസിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐസിസി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്പ്യന്‍ഷിപ്പ്. ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്ക്കുന്നു. ലോക ക്രിക്കറ്റിലെ രണ്ട് ശക്തരായ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരമായത് കൊണ്ട് മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇതില്‍ താരങ്ങളും മുന്‍ താരങ്ങളും പരിശീലകരും എല്ലാവരും ഉള്‍പ്പെടുന്നുണ്ട്.
ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റിലെ ലോകകപ്പാണെന്നും അത് നേടുക തങ്ങളുടെ സ്വപ്നമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റായ ചേതേശ്വര്‍ പുജാര. 'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുകയെന്നത് ഞങ്ങളുടെ വലിയ സ്വപ്നമാണ്. കാരണം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്നത് ടെസ്റ്റിലെ ലോകകപ്പാണ്. അതിനാല്‍ അത് ഞങ്ങള്‍ക്ക് നേടണം. എല്ലാവര്ക്കും അറിയുന്ന കാര്യമാണ് ഓസ്ട്രേലിയന്‍ പര്യടനങ്ങള്‍ വെല്ലുവിളി നിറഞ്ഞതാകുമെന്ന്. ഇന്ത്യയെ സംബന്ധിച്ച് ഓസ്ട്രേലിയന്‍ പര്യടനം വളരെ പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ 2018ല്‍ ഞങ്ങള്‍ നേടിയ പരമ്പര വിജയം വളരെ അമൂല്യമായ ഒന്നാണ്. ഇതിനോടൊപ്പം ഈയടുത്ത് നടന്ന പരമ്പരയിലെ വിജയവും മികച്ച നേട്ടം തന്നെയാണ്. കാരണം ഈ പരമ്പരയില്‍ ഞങ്ങളുടെ ഭാഗത്ത് അധികം സീനിയര്‍ താരങ്ങള്‍ ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയെ വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ ടീം അല്പം പുറകിലായിരുന്നു. പക്ഷേ എന്നിട്ടും ടീം മികച്ച രീതിയില്‍ കളിച്ച് പരമ്പര നേടി. അതുകൊണ്ട് തന്നെ ആ പരമ്പര ഇന്ത്യന്‍ ടീമിനും എനിക്കും വളരെയധികം സന്തോഷം നല്കുന്ന ഒന്നായിരുന്നു.'
'ഓസ്ട്രേലിയയില്‍ എന്റെ പദ്ധതിക്കനുസരിച്ച് തന്നെ കാര്യങ്ങള്‍ വന്നു ചേര്‍ന്നു. ഓസ്ട്രേലിയ തീര്‍ച്ചയായും മികച്ച താരങ്ങളുള്ള ടീമാണ്. ലോകോത്തരമായ ഒരു ബൗളിംഗ് നിരയാണ് അവര്‍ക്കുള്ളത്. അവര്‍ക്കെതിരേ നേടിയ ജയം ആത്മവിശ്വാസം വളര്‍ത്തുന്നതാണ്. എന്നാല്‍ പഴയകാല സ്മരണകളില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഓരോ മത്സരവും പുതിയ തുടക്കവും വെല്ലുവിളിയുമാണ്'-പുജാര കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് പുജാര കാഴ്ചവെച്ചത്. ഓസ്ട്രേലിയയില്‍ പരുക്കും ക്യാപ്റ്റന്‍ കോഹ്ലിയുടെ അഭാവവും ഇന്ത്യന്‍ ടീമിന് ഉണ്ടായിരുന്നു. എന്നിട്ടും തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ കാഴ്ചവച്ചത്. ഇംഗ്ലണ്ടിലേക്ക് പക്ഷേ അവര്‍ ഒരുങ്ങുന്നത് തങ്ങളുടെ മികച്ച താരനിരയുമായാണ്. തങ്ങളുടെ മുന്‍നിര താരങ്ങളെല്ലാം അവരുടെ മികച്ച ഫോമിലാണ് എന്നുള്ള ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്നത്. രോഹിത് ശര്‍മ,വിരാട് കോലി,അജിന്‍ക്യ രഹാനെ, പുജാര എന്നീ പരിചയസമ്പന്നരായ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഋഷഭ് പന്തിന്റെ സാന്നിധ്യവും എതിരാളികളെ ഭയപ്പെടുത്തുന്നു.
എന്നാല്‍ ടിം സൗത്തി, നീല്‍ വാഗ്നര്‍,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ കരുത്തുറ്റ പേസ് നിരയാണ് ന്യൂസീലന്‍ഡിന്റേത്. അതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെയാണ്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടുമായി ന്യൂസീലന്‍ഡ് പരമ്പര കളിക്കുന്നതിനാല്‍ പിച്ചിനോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള അവസരം കൂടി അവര്‍ക്ക് ലഭിക്കുന്നുണ്ട്. അതേ സമയം ക്വാറന്റീന് ശേഷം നെറ്റ്സിലെ പരിശീലനം മാത്രമാണ് ഇന്ത്യക്ക് ലഭിക്കുക. ഇത് ഇന്ത്യക്ക് ഒരു വെല്ലുവിളിയാണെങ്കിലും ഇന്ത്യന്‍ ടീം ഇതിനെ എങ്ങനെയാകും മറികടക്കുക എന്ന് കാത്തിരുന്ന് കാണാം.
ഇന്ത്യക്കായി ബൗളിംഗില്‍ ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നീ മിന്നും പേസര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. സമീപകാലത്തായി മിന്നും പ്രകടനം കാഴ്ചവെക്കുന്ന രവീന്ദ്ര ജഡേജ,ആര് അശ്വിന് എന്നീ സ്പിന്നര്‍മാരും കൂടി ചേരുമ്പോള്‍ ന്യൂസീലന്‍ഡിന് എളുപ്പത്തില്‍ കിരീടം സ്വന്തമാക്കാനാവില്ലെന്നുറപ്പാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.