HOME » NEWS » Sports » IT WOULD BE DIFFICULT FOR US TO STOP THIS PLAYER IN THE CHAMPIONSHIP FINAL SAYS NZ BOWLING COACH SHANE YURGENOSN JK INT

ഇന്ത്യന്‍ നിരയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയാവുക ഈ താരം; വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് ബൗളിംഗ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണ്‍

ഇന്ത്യന്‍ നിരയില്‍ കിവി ടീമിന് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് ആരായിരിക്കും എന്നതാണ് യുര്‍ഗെന്‍സണ്‍ വെളിപ്പെടുത്തിയത്

News18 Malayalam | news18-malayalam
Updated: May 24, 2021, 9:38 PM IST
ഇന്ത്യന്‍ നിരയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയാവുക ഈ താരം; വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് ബൗളിംഗ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണ്‍
indian-cricket-team
  • Share this:
അടുത്ത മാസമാണ് ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടീം ആരാകും എന്നത് ഏവരും ആവേശത്തോടെ ഉറ്റുനോക്കുന്ന കാര്യമാണ്. ജൂണ്‍ 18നു തുടങ്ങുന്ന ടൂര്‍ണമന്റില്‍ ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാവും നടക്കുക എന്നുറപ്പാണ്. മികച്ച താരങ്ങളാണ് ഇരു ഭാഗത്തും ഉള്ളത്. ഇരു ടീമുകളേയും അവരുടെ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെ കുറിച്ച് ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ന്യൂസിലന്‍ഡ് ബൗളിങ് കോച്ച് ഷെയ്ന്‍ യുര്‍ഗെന്‍സണ്‍. ഇന്ത്യന്‍ നിരയില്‍ കിവി ടീമിന് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നത് ആരായിരിക്കും എന്നതാണ് യുര്‍ഗെന്‍സണ്‍ വെളിപ്പെടുത്തിയത്.

കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ടീം നിലവില്‍ ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു മുമ്പ് ഇംഗ്ലണ്ടുമായി രണ്ടു മത്സര ടെസ്റ്റ് പരമ്പര അവര്‍ ഇവിടെ കളിക്കും. വിരാട് കോഹ്ലിക്കു കീഴില്‍ ജൂണ്‍ രണ്ടിനാകും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുക. ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷം മൂന്ന് ദിവസത്തെ ക്വാറന്റീന് ശേഷം മാത്രേ ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങുകയുള്ളൂ. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

ഇംഗ്ലണ്ടില്‍ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്ന കിവീസ് താരങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുമ്പോള്‍ ചെറിയ മുന്‍തൂക്കം നല്‍കും. ഇത് കൂടാതെ ഇംഗ്ലണ്ടിലേയും ന്യൂസിലന്‍ഡിലേയും സാഹചര്യങ്ങളും സമനമാണ് എന്നതും അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. പക്ഷേ മികച്ച താരങ്ങളുമായി ഇറങ്ങുന്ന ഇന്ത്യയെ വിലകുറച്ച് കാണാന്‍ ഒരുക്കമല്ല എന്നതാണ് അവരുടെ ബൗളിംഗ് കോച്ചിന്റെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാകുന്നത്.

ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭ് പന്തായിരിക്കും ഫൈനലില്‍ തങ്ങളുടെ പ്രധാന ഭീഷണിയെന്നാണ് യുര്‍ഗെന്‍സണ്‍ പറഞ്ഞത്. വളരെ അപകടകാരിയായ ഒരു താരമാണ് ഋഷഭ്, മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ നിന്നും ഇത് വ്യക്തമായതുമാണ്. എപ്പോഴും ആക്രമിച്ചു കളിക്കുക്ക എന്ന ചിന്താഗതിയുള്ള താരമായതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ അത് ഒരു അവസരം നല്‍കിയേക്കുമെന്നും കോച്ച് നിരീക്ഷിച്ചു.

ഞങ്ങളുടെ ബൗളര്‍മാര്‍ ഋഷഭിനെതിരേ വളരെ നന്നായി പന്തെറിയേണ്ടതുണ്ട്. കൃത്യമായ പദ്ധതിയോടെ വളരെ ശാന്തമായി ബൗള്‍ ചെയ്ത് ഋഷഭിന് റണ്‍സെടുക്കുകയെന്നത് ദുഷ്‌കരമാക്കി മാറ്റണം. വളരെ ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്സ്മാനാണ് അദ്ദേഹം, അതിനാല്‍ തന്നെ റണ്‍സ് നേടി തുടങ്ങിയാല്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുക ബുദ്ധിമുട്ടാണ്. ഇക്കാര്യം പ്രത്യേകം മനസ്സില്‍ വച്ചാവും അദ്ദേഹത്തിനെതിരെ പന്തെറിയുക യുര്‍ഗെന്‍സണ്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനം നടന്ന ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പയോടെയാണ് താരത്തിന്റെ കരിയറിന് പുതിയ ഉണര്‍വ്വ് ലഭിച്ചത്. പിന്നാലെ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന നിശ്ചിത ഓവര്‍, ടെസ്റ്റ് പരമ്പരകളിലും താരം ഇതേ പ്രകടനം ആവര്‍ത്തിച്ചിരുന്നു. തന്നെ വിമര്‍ശിച്ചവരെ പോലും തിരുത്തി പറയിച്ച പ്രകടനമാണ് പന്ത് കാഴ്ചവച്ചത്.

ഇതുകൂടാതെ, ഇന്ത്യന്‍ ബൗളിങ് നിരയെ പ്രശംസിക്കാനും യുര്‍ഗെന്‍സണ്‍ മറന്നില്ല. ഇന്ത്യയുടേത് വെല്ലുവിളിയുയര്‍ത്തുന്ന ബൗളിങ് നിരയാണ്. മികച്ച ഒരു പേസ് നിര തന്നെ അവര്‍ക്കുണ്ട്. ജസ്പ്രീത് ബുംറ മുതല്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ വരെയുള്ളവരില്‍ നിന്നും കടുത്ത വെല്ലുവിളി ഞങ്ങള്‍ക്കു നേരിടേണ്ടിവരും. ഇതില്‍ ഓള്‍റൗണ്ടര്‍ കൂടിയായ ഠാക്കൂര്‍ ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. മുഹമ്മദ് സിറാജും മികച്ച ബൗളറാണ്, അവരുടെ സ്പിന്നര്‍മാരുടെ കാര്യമെടുത്താല്‍ ഇരുവശങ്ങളിലേക്കും പന്ത് ടേണ്‍ ചെയ്യിക്കാന്‍ കഴിയുന്ന താരങ്ങളാണ് ഇന്ത്യയുടെ കൂടെയുള്ളത്. മൊത്തത്തില്‍ വളരെ കരുത്തുറ്റ ടീമാണ് ഇന്ത്യയുടേതെന്നും കിവീസ് കോച്ച് കൂട്ടിച്ചേര്‍ത്തു.
Published by: Jayesh Krishnan
First published: May 24, 2021, 9:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories