• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup | സ്പാനിഷ് വെല്ലുവിളി മറികടന്ന് അസൂറിപ്പട ഫൈനലിലേക്ക്, വിജയം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍

Euro Cup | സ്പാനിഷ് വെല്ലുവിളി മറികടന്ന് അസൂറിപ്പട ഫൈനലിലേക്ക്, വിജയം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍

എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങി. ഷൂട്ട് ഔട്ടില്‍ 4-2നാണ് ഇറ്റലി സ്‌പെയ്‌നെ തകര്‍ത്തത്.

Photo | Reuters

Photo | Reuters

 • Share this:
  യൂറോ കപ്പിലെ ആദ്യ സെമിയില്‍ സ്‌പെയ്‌നെ ഷൂട്ട് ഔട്ടില്‍ മറികടന്ന് മാന്‍ചീനിയും സംഘവും ഫൈനലിലേക്ക്. 2006ലെ ലോകകപ്പിനു ശേഷം ഒരു കിരീടം എന്ന ഇറ്റാലിയന്‍ സ്വപ്നം ഇതോടെ അടുത്ത് എത്തിയിരിക്കുകയാണ്. നിശ്ചിത സമയത്തിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഇറ്റലിയ്ക്കായി ഫെഡറിക്കോ കിയേസയും സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ഗോള്‍ നേടിയത്. ഇതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കളി 4-2നാണ് ഇറ്റലി സ്വന്തമാക്കിയത്.

  ലോക റാങ്കിങ്ങില്‍ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളില്‍ ഉള്ള സ്‌പെയ്നും ഇറ്റലിയും നേര്‍ക്കുനേര്‍ വന്ന പോരാട്ടമായതിനാല്‍ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഈ മത്സരം നോക്കിക്കണ്ടത്. ഫൈനലിന് മുമ്പുളള ഫൈനല്‍ എന്നായിരുന്നു ആരാധകര്‍ ഈ മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. തുല്യ ശക്തികളായ ഇരു ടീമുകളും പതിവില്‍ നിന്ന് വിപരീതമായി ആക്രമണശൈലിയിലായിരുന്നു തുടക്കം മുതലേ കളിച്ചത്. നാലാം മിനിട്ടില്‍ ഇറ്റലി താരം ബരെല്ല തകര്‍പ്പന്‍ ഗോള്‍ ശ്രമം നടത്തിയെങ്കിലും സൈഡ് റെഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് സ്‌പെയ്ന്‍ പൊസഷന്‍ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. 25ആം മിനിട്ടില്‍ സ്‌ട്രൈക്കര്‍ ഡാനി ഓല്‍മോയുടെ ഒരു ബുള്ളറ്റ് ഷോട്ട് ഇറ്റലി ഗോള്‍കീപ്പര്‍ തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞിട്ടു.

  45ആം മിനിട്ടില്‍ ഇറ്റലിയുടെ എമേഴ്‌സണിന്റെ ഷോട്ട് സ്‌പെയിന്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഇരു ടീമുകളും ഗോള്‍ നേടാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഗോള്‍ മാത്രം അന്യം നിന്നതോടെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ പിന്നെയും ഇരു ടീമുകളും ആക്രമണത്തിലേക്ക് തിരിഞ്ഞു. 52ആം മിനിട്ടില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബുസ്‌കെറ്റ്‌സ് പാഴാക്കി. ഒരു മിനിട്ടിനുള്ളില്‍ ഇറ്റലിയുടെ ഭാഗത്തു നിന്നും പ്രത്യാക്രമണം വന്നു. കിയേസയുടെ ഒരു ഗ്രൗണ്ടര്‍ സ്‌പെയ്ന്‍ ഗോള്‍ കീപ്പര്‍ സിമോണ്‍ കൈയ്യിലൊതുക്കി. എന്നാല്‍ 60ആം മിനിട്ടില്‍ കിയേസ തന്നെ ഇറ്റലിക്കായി ആദ്യ ഗോള്‍ നേടി.

  ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു അസൂറിപ്പട സ്‌പെയ്‌നിന്റെ ഗോള്‍ വല കുലുക്കിയത്. ഇമ്മോബിലെയാണ് ഗോളിന് വഴിയൊരുക്കിയത്. കിയേസ രാജ്യത്തിനായി നേടുന്ന മൂന്നാം ഗോളായിരുന്നു ഇത്. ഇതിനുശേഷം സ്‌പെയ്ന്‍ മത്സരത്തിന്റെ വേഗം കൂട്ടാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് സമനില ഗോള്‍ നേടാനായി അവര്‍ പരിശ്രമിച്ചു. 64-ാം മിനിട്ടില്‍ ഒയര്‍സബാലിന് തുറന്ന അവസരം ലഭിച്ചെങ്കിലും പാസിന് കൃത്യമായി തലവെയ്ക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മത്സരം ശേഷിക്കാന്‍ 10 മിനിട്ട് ശേഷിക്കേ സ്‌പെയ്ന്‍ സമനില ഗോള്‍ നേടി. ആല്‍വരോ മൊറാട്ടയാണ് സ്‌പെയ്‌നിനായി ഗോള്‍ നേടിയത്. മൊറാട്ട തന്നെ തുടങ്ങിവെച്ച നീക്കത്തിലൂടെയാണ് ഗോള്‍ പിറന്നത്. പിന്നീട് നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും ഇരു ടീമിനും ഗോളൊന്നും നേടാന്‍ കഴിയാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

  എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങി. ഷൂട്ട് ഔട്ടില്‍ 4-2നാണ് ഇറ്റലി സ്‌പെയ്‌നെ തകര്‍ത്തത്. ഇറ്റലിയുടെ ആദ്യ കിക്ക് എടുത്ത ലൊക്കാറ്റലിക്ക് പിഴച്ചു. ഉനായ് സിമോണ്‍ ഫുള്‍ ഡൈവിലൂടെ കിക്ക് സേവ് ചെയ്തു. സ്‌പെയിനിനായി ആദ്യ കിക്ക് എടുത്ത ഡാനി ഓല്‍മ കിക്ക് ആകാശത്തേക്കും പറത്തി. പിന്നീട് ബെലൊട്ടി, ബൊണൂചി, ബെര്‍ണഡസ്‌കി എന്നിവര്‍ ഇറ്റലിക്കായും ജെറാഡ് മൊറേനോ, തിയാഗോ എന്നിവര്‍ സ്‌പെയന് വേണ്ടിയും പന്ത് വലയില്‍ എത്തിച്ചു. പക്ഷെ നാലാം കിക്ക് എടുത്ത മൊറാട്ടോയുടെ ഷോട്ട് ഡൊണ്ണരുമ്മ സേവ് ചെയ്തു. പെനാല്‍റ്റി എടുക്കുന്നതില്‍ പ്രഗത്ഭനായ ജോര്‍ഗീഞ്ഞോ അഞ്ചാം കിക്ക് വലയില്‍ എത്തിച്ച് ഇറ്റലിക്ക് വിജയം നേടിക്കൊടുത്തു.
  Published by:Sarath Mohanan
  First published: