നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup|യൂറോ കപ്പ്: സൂപ്പർ പോരാട്ടത്തിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി സെമിയിൽ; എതിരാളികൾ സ്പെയിൻ

  Euro Cup|യൂറോ കപ്പ്: സൂപ്പർ പോരാട്ടത്തിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി സെമിയിൽ; എതിരാളികൾ സ്പെയിൻ

  ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി ബെൽജിയത്തെ തോൽപ്പിച്ചത്. ഇറ്റലിക്കായി നിക്കോളോ ബരെല്ല, ലോറൻസോ ഇൻസീന്യെ എന്നിവർ ഗോളുകൾ നേടിയപ്പോൾ പെനാൽറ്റിയിലൂടെ ലഭിച്ച അവസരത്തിൽ റൊമേലു ലുകാക്കുവാണ് ബെൽജിയത്തിനായി ഗോൾ നേടിയത്.

  ബെൽജിയത്തെ തോൽപ്പിച്ച ഇറ്റലിക്ക് സെമിയിൽ സ്പെയിനാണ് എതിരാളികൾ

  ബെൽജിയത്തെ തോൽപ്പിച്ച ഇറ്റലിക്ക് സെമിയിൽ സ്പെയിനാണ് എതിരാളികൾ

  • Share this:


   യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെ സൂപ്പർ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിൻ്റെ വെല്ലുവിളി മറികടന്ന് ഇറ്റലി സെമിയിലേക്ക് മുന്നേറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി ബെൽജിയത്തെ തോൽപ്പിച്ചത്. ഇറ്റലിക്കായി നിക്കോളോ ബരെല്ല, ലോറൻസോ ഇൻസീന്യെ എന്നിവർ ഗോളുകൾ നേടിയപ്പോൾ പെനാൽറ്റിയിലൂടെ ലഭിച്ച അവസരത്തിൽ റൊമേലു ലുകാക്കുവാണ് ബെൽജിയത്തിനായി ഗോൾ നേടിയത്. കളിയിൽ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയതും ബെൽജിയത്തിന് തിരിച്ചടിയായി. ബെൽജിയത്തിനെതിരെയും ജയിച്ചതോടെ ഇറ്റലി തോൽവി അറിയാതെ മറ്റൊരു മത്സരം കൂടി പൂർത്തിയാക്കി. തോൽവി അറിയാതെ 32 മത്സരങ്ങളാണ് റോബർട്ടോ മാൻചീനിക്ക് കീഴിലുള്ള ഇറ്റാലിയൻ സംഘം പൂർത്തിയാക്കിയിരിക്കുന്നത്. സെമിയിൽ സ്‌പെയിനാണ് ഇറ്റലിയുടെ എതിരാളികൾ.

   അതേസമയം തുടർച്ചയായ രണ്ടാം തവണയാണ് ബെൽജിയം യൂറോ കപ്പ് ക്വാർട്ടറിൽ പുറത്താകുന്നത്. 2016ലെ യൂറോയിലും അവർ ക്വാർട്ടറിൽ പുറത്തായിരുന്നു. തോൽവി പിണഞ്ഞതോടെ ബെൽജിയൻ ടീമിൻ്റെ സുവർണ തലമുറക്ക് കീഴിൽ ഒരു കിരീടം എന്ന സ്വപ്നം വീണ്ടും നീളുകയാണ്.   മത്സരത്തിന്റെ തുടക്കത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ബെൽജിയവും ഇറ്റലിയും കാഴ്ചവെച്ചത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞ മത്സരത്തിൽ 13ാം മിനിറ്റിൽ തന്നെ ഇറ്റലി അവരുടെ പ്രതിരോധ നിര താരമായ ബൊനൂച്ചിയിലൂടെ മുന്നിൽ എത്തിയെങ്കിലും താരം നേടിയ ഗോൾ വാർ പരിശോധന നടത്തിയ ശേഷം റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.

   ഇതിന് മറുപടിയായി ഇറ്റാലിയൻ ബോക്സിൽ മുന്നെറ്റവുമായി ബെൽജിയം എത്തിയെങ്കിലും അവർക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. ടിലെമെൻസിന്റെ ലോങ്റേഞ്ചർ ഇറ്റാലിയൻ ക്രോസ് ബാറിന് മുകളിലൂടെയാണ് പറന്നത്. 21ാം മിനിറ്റിൽ വീണ്ടും ബെൽജിയത്തിന്റെ വക ഒരു തകർപ്പൻ മുന്നേറ്റം വന്നെങ്കിലും കെവിൻ ഡിബ്രൂയ്‌നയുടെ ഗോളെന്നുറച്ച അത്യുഗ്രൻ ഷോട്ട് തകർപ്പൻ സേവിലൂടെ ഇറ്റാലിയൻ ഗോൾകീപ്പർ ഡോണരുമ്മ ഗോളിൽ നിന്നും അകറ്റി. 26ാം മിനിറ്റിൽ ലുകാക്കുവിൻ്റെ ഒരു ഷോട്ടും ഇറ്റാലിയൻ ഗോളി തട്ടിയകറ്റി.

   ഇതിനിടെ വീണ്ടും ഇറ്റലി മുന്നേറ്റങ്ങളുമായെത്തി. പിന്നാലെ അവർ മത്സരത്തിൽ ലീഡെടുക്കുകയും ചെയ്തു. മധ്യനിര താരം നിക്കോളോ ബരെല്ലയാണ് ഇറ്റലിയുടെ അക്കൗണ്ട് തുറന്ന ഗോൾ നേടിയത്. ബെൽജിയം പ്രതിരോധം വരുത്തിയ ചെറിയ പിഴവിൽ നിന്നും പന്ത് കിട്ടിയ വെറാട്ടി ബരെല്ലയ്ക്ക് നൽകി. പാസ് സ്വീകരിച്ച് രണ്ട് ബെൽജിയം പ്രതിരോധതാരങ്ങളെ മറികടന്ന് താരം എടുത്ത ഷോട്ട് ഗോൾകീപ്പർ കുർട്വായ്ക്ക് ഒരു ചാൻസും നൽകാതെ വലയിലേക്ക് കയറുകയായിരുന്നു. ഗോൾ വീണതോടെ വർധിത വീര്യത്തോടെയാണ് ഇറ്റലി കളിച്ചത്.

   40ാം മിനിറ്റിൽ ഇറ്റലിയുടെ കിയേസ തൊടുത്ത ഷോട്ട് ബെൽജിയം പോസ്റ്റിന് തൊട്ടരികിലൂടെയാണ് കടന്നുപോയത്. ഗോൾ വീണതോടെ ബെൽജിയം ആക്രമണം ശക്തമാക്കിയെങ്കിലും ഇറ്റാലിയൻ പ്രതിരോധത്തെ മറികടന്ന് ഗോൾ സ്വന്തമാക്കാൻ അവർക്ക് സാധിച്ചില്ല. 

   ഇതിനിടെ ഇറ്റലി അവരുടെ ഗോൾനില വീണ്ടും ഉയർത്തി. ലോറൻസോ ഇൻസീന്യ നേടിയ തകർപ്പൻ ഗോളിലാണ് ഇറ്റലി ലീഡ് ഉയർത്തിയത്. പന്തുമായി ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും ഒറ്റയ്ക്ക് മുന്നേറിയ ഇൻസീന്യ തൊടുത്ത ഒരു മനോഹരമായ ഗോളിലേക്ക് പറന്നിറങ്ങുകയായിരുന്നു.

   എന്നാൽ ഇറ്റലിക്ക് അധിക നേരം സന്തോഷിക്കാൻ പറ്റിയില്ല. 45ാം മിനിറ്റിൽ ബെൽജിയം മുന്നേറ്റതാരം ഡോകുവിനെ ഡി ലോറൻസോ ഇറ്റാലിയൻ ബോക്സിൽ വെച്ചു വീഴ്ത്തിയതിന് ബെൽജിയത്തിന് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത സൂപ്പർ താരം റൊമേലു ലുകാക്കു പന്ത് അനായാസം വലയിലെത്തിച്ച് ബെൽജിയത്തിനായി അക്കൗണ്ട് തുറന്നു.   രണ്ടാം പകുതിയിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. സമനില ഗോൾ നേടാനുള്ള തീവ്രശ്രമത്തിലായിരുന്നു ബെൽജിയം. എന്നാൽ സ്ട്രൈക്കറായ ലുകാക്കുവിന് പന്തെത്തിക്കുന്നതിൽ മധ്യനിര പരാജയപ്പെടുകയും കിട്ടിയ അവസരങ്ങൾ താരത്തിന് മുതലാക്കാൻ കഴിയാഞ്ഞതും ടീമിന് തിരിച്ചടിയായി. 61ാം മിനിറ്റിൽ ഒപ്പമെത്താനുള്ള ഒരു സുവർണാവസരമാണ് ലുകാക്കു പാഴാക്കിയത്. ഡിബ്രുയ്‌നെയുടെ പാസിൽ ഗോൾകീപ്പർ കൃത്യമായ പൊസിഷനിൽ ഇല്ലാഞ്ഞിട്ടും തുറന്ന അവസരത്തിൽ താരത്തിന് ഗോൾ നേടാൻ കഴിഞ്ഞില്ല. താരത്തിന്റെ ദുർബലമായ ഷോട്ട് ഇറ്റാലിയൻ താരമായ സ്പിനാസോളയുടെ കാലിൽ തട്ടി പുറത്തേക്ക് പോവുകയാണ് ഉണ്ടായത്.

   പിന്നീട് ഇറ്റാലിയൻ മുന്നേറ്റങ്ങൾ വന്നെങ്കിലും വീണ്ടുമൊരു ഗോൾ വഴങ്ങാതെ ബെൽജിയത്തെ കാക്കാൻ ഗോളി കുർട്വായ്ക്ക് കഴിഞ്ഞു. മറുവശത്തും അവസരങ്ങൾ വന്നെങ്കിലും ലുകാക്കു വീണ്ടും അവസരങ്ങൾ കളഞ്ഞു. പിന്നീട് 84ാം മിനിറ്റിൽ മികച്ച ഒരു മുന്നേറ്റത്തിലൂടെ ഇറ്റാലിയൻ ബോക്സിനകത്തേക്ക് കയറി പ്രതിരോധ താരങ്ങളെ കബിളിപ്പിച്ച്  ഡോക്കു എടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 90ാം മിനിറ്റിൽ ബെൽജിയം ടീമിന് പ്രതീക്ഷ നൽകിക്കൊണ്ട് ബോക്സിന് പുറത്തുനിന്നും ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. പിന്നീട് വന്ന ബെൽജിയൻ മുന്നേറ്റങ്ങളെ എല്ലാം ഇറ്റാലിയൻ പ്രതിരോധം സമർത്ഥമായി നേരിടുകയും ഒടുവിൽ അവർ അർഹിച്ച വിജയം നേടി സെമിയിൽ കടക്കുകയും ചെയ്തു.   Summary

   Italy overpowers Belgium in the Euro Cup quarter final by2-1 and marches into semis
   Published by:Naveen
   First published:
   )}