നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഗാംഗുലി പോലും അങ്ങനെ ചെയ്യില്ലായിരുന്നു, പന്തിന്റെ തകര്‍പ്പന്‍ ഷോട്ട് ഓര്‍ത്തെടുത്ത് ആന്‍ഡേഴ്‌സണ്‍

  ഗാംഗുലി പോലും അങ്ങനെ ചെയ്യില്ലായിരുന്നു, പന്തിന്റെ തകര്‍പ്പന്‍ ഷോട്ട് ഓര്‍ത്തെടുത്ത് ആന്‍ഡേഴ്‌സണ്‍

  ഐ പി എല്‍ അടക്കമുള്ള ലീഗുകള്‍ യുവതാരങ്ങളെ ഭയമില്ലാതെ കളിക്കാന്‍ പഠിപ്പിച്ചുവെന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

  Rishabh Pant

  Rishabh Pant

  • Share this:
   ദേശീയ ടീമിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് റിഷഭ് പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.

   ക്രിക്കറ്റിലെ കോപ്പി ബുക്ക് ഷോട്ടുകളിലൂടെ അല്ലാതെയും നന്നായി സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നും റിഷഭ് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം പേസര്‍മാര്‍ക്കെതിരെയുള്ള റിഷഭിന്റെ റിവേഴ്സ് സ്‌കൂപ്പുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ പേസറും സ്വിങ് ബൗളറുമായ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്‌കൂപ്പിലൂടെ റിഷഭ് ബൗണ്ടറി പറത്തിയത് കാണികളെ ശെരിക്കും അത്ഭുതപ്പെടുത്തി. ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലും അദ്ദേഹം റിവേഴ്സ് സ്‌കൂപ്പ് കളിച്ചിരുന്നു.

   ഇപ്പോഴിതാ പുതുതലമുറയിലെ ബാറ്റ്സ്മാന്മാര്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണെന്ന് തുറന്ന് പറയുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍. ഐ പി എല്‍ അടക്കമുള്ള ലീഗുകള്‍ യുവതാരങ്ങളെ ഭയമില്ലാതെ കളിക്കാന്‍ പഠിപ്പിച്ചുവെന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തനിക്കെതിരെ നേടിയ തകര്‍പ്പന്‍ ഷോട്ട് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ആന്‍ഡേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.

   'റിഷഭ് പന്തിനെ നോക്കൂ, കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ന്യൂ ബോളില്‍ എനിക്കെതിരെ അവന്‍ റിവേഴ്‌സ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടിയിരുന്നു. സൗരവ് ഗാംഗുലി ഒരിക്കലും അത് ചെയ്യില്ല, അതുകൊണ്ട് തന്നെ ഈ നിമിഷങ്ങള്‍ ആവേശകരമാണ്. ഇത്തരത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പോലും ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന പുതു തലമുറയിലെ ബാറ്റ്‌സ്മാന്മാര്‍ ബൗളര്‍മാര്‍ക്ക് വ്യത്യസ്തമായ വെല്ലുവിളിയാണ്.'- ജെയിംസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

   2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് റിഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. റിഷഭ് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 21 മത്സരങ്ങളില്‍ 1403 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരന്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു. റിഷഭ് ഇത്രയും ഉയര്‍ന്ന റാങ്കിംഗ് കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.
   Published by:Sarath Mohanan
   First published:
   )}