നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 276 ഡെലിവറികളില്‍ 247ഉം ഡോട്ട് ബോള്‍! ഫൈനലില്‍ ക്ലാസിക്ക് പ്രകടനവുമായി ഉയരക്കേമന്‍ ജാമിസണ്‍

  276 ഡെലിവറികളില്‍ 247ഉം ഡോട്ട് ബോള്‍! ഫൈനലില്‍ ക്ലാസിക്ക് പ്രകടനവുമായി ഉയരക്കേമന്‍ ജാമിസണ്‍

  276 ഡെലിവറികളാണ് ഫൈനല്‍ മത്സരത്തില്‍ ജാമിസണ്‍ എറിഞ്ഞത്. ഇതില്‍ 247 എണ്ണവും ഡോട്ട് ബോളുകള്‍ ആയിരുന്നു. 46 ഓവറില്‍ എക്കോണമി റേറ്റ് 1.5ന് താഴെ മാത്രവും.

  Jamieson

  Jamieson

  • Share this:
   ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത് തരിപ്പണമാക്കിയത് ന്യൂസിലന്‍ഡിന്റെ ഉയരക്കേമന്‍ കെയ്ല്‍ ജാമിസണിന്റെ ക്ലാസിക്ക് പ്രകടനമായിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്നും ഏഴ് വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ടീമിന്റെ അടിത്തറയിളക്കിയ ഈ ഇളമുറക്കാരനെ തന്നെയാണ് ഫൈനലില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ഐ പി എല്ലില്‍ ആര്‍ സി ബിയുടെ താരമായ ജാമിസണ്‍ തന്നെയാണ് നായകന്‍ കോഹ്ലിയെ രണ്ട് ഇന്നിങ്‌സിലും കൂടാരം കയറ്റിയതും. മികച്ച പേസും ഇരുഭാഗത്തേക്കും ബോള്‍ സ്വിങ് ചെയ്യിപ്പിക്കുന്നതിനുള്ള കഴിവുമാണ് ജാമിസണിനെ മത്സരത്തിലുടനീളം അപകടകാരിയാക്കി നിര്‍ത്തിയത്.

   ഒട്ടേറെ റെക്കോര്‍ഡുകളും താരം ഈ ഫൈനലിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. 276 ഡെലിവറികളാണ് ഫൈനല്‍ മത്സരത്തില്‍ ജാമിസണ്‍ എറിഞ്ഞത്. ഇതില്‍ 247 എണ്ണവും ഡോട്ട് ബോളുകള്‍ ആയിരുന്നു. 46 ഓവറില്‍ എക്കോണമി റേറ്റ് 1.5ന് താഴെ മാത്രവും. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യന്‍ നിരയുടെ കഥ കഴിച്ച പ്രകടനത്തില്‍ 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇന്ത്യന്‍ നിരയിലെ പ്രധാനികളായ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നീ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുവാന്‍ താരത്തിന് കഴിഞ്ഞു.

   ഇന്ത്യക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജാമിസണിന്റെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയും തവണ ഒരിന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ പിഴുത മറ്റൊരു ബൗളറുമില്ല. ഫൈനലിനു മുമ്പ് നാലു അഞ്ചു വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഓസ്ട്രലിയന്‍ സ്പിന്നര്‍ നേതന്‍ ലയണ്‍ എന്നിവര്‍ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു ജാമിസണ്‍. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ ഇവരെയെല്ലാം പിന്നിലാക്കി ജാമിസണ്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

   ഇതോടൊപ്പം തന്റെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജാമിസണ്‍ ന്യൂസിലന്‍ഡിനായി ആദ്യത്തെ എട്ട് ടെസ്റ്റുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍ ആയിരിക്കുകയാണ്. എട്ട് ടെസ്റ്റുകളില്‍ നിന്നും 46 വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ 43ഉം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നേടിയതാണ്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ നാലു വിക്കറ്റുമടക്കമാണ് ജാമിസണ്‍ ഇത്രയും വിക്കറ്റുകള്‍ കൊയ്തത്.

   ഫൈനലില്‍ കോഹ്ലിയെ രണ്ട് തവണ പുറത്താക്കിയതോടെ മറ്റൊരു രസകരമായ സംഭവവും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഐ പി എല്‍ പരിശീലനത്തിനിടെ ഡ്യൂക്ക് ബോള്‍ ഉപയോഗിച്ച് തനിക്ക് പന്തെറിയാന്‍ കോഹ്ലി ആവശ്യപ്പെട്ട സമയത്ത് ഫൈനലില്‍ കണ്ടാല്‍ പോരെ എന്ന് ജാമിസണ്‍ മറുപടി നല്‍കിയിരുന്നു. ഇതും ആര്‍ സി ബി ആരാധകര്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്. 15 കോടി രൂപയ്ക്കാണ് പതിനാലാം സീസണിന് മുന്‍പായി ജാമിസണിനെ ആര്‍ സി ബി സ്വന്തമാക്കിയത്. ജാമിസണുമായുള്ള കരാര്‍ ആര്‍ സി ബി റദ്ദാക്കണം, ജാമിസണിനെ ടീമില്‍ നിന്ന് പുറത്താക്കണം, 15 കോടി വാങ്ങി പിന്നില്‍ നിന്ന് കുത്തി എന്നെല്ലാമാണ് ആര്‍ സി ബി ആരാധകര്‍ ജാമിസണിന് നേരെ അധിക്ഷേപം ചൊരിഞ്ഞുകൊണ്ട് പറയുന്നത്.
   Published by:Sarath Mohanan
   First published:
   )}