നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇംഗ്ലണ്ട് പര്യടനത്തിൽ ജസ്‌പ്രിത് ബുംറയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്; 17 വിക്കറ്റ് നേടിയാൽ കപിൽ ദേവിനെ മറികടക്കാം

    ഇംഗ്ലണ്ട് പര്യടനത്തിൽ ജസ്‌പ്രിത് ബുംറയെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്; 17 വിക്കറ്റ് നേടിയാൽ കപിൽ ദേവിനെ മറികടക്കാം

    ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന പേസ് ബൗളറെന്ന റെക്കോർഡാണ് ബുംറയെ കാത്തിരിക്കുന്നത്.

    News18 Malayalam

    News18 Malayalam

    • Share this:




      ഏകദേശം മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിവയാണ് പരമ്പരയിലുള്ളത്. ഇതിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കമാകും. ഇംഗ്ലണ്ടിലെ പേസ് ബൗളിംഗിനെ പിന്തുണക്കുന്ന പച്ച പുൽമൈതാനങ്ങൾ ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. പക്ഷേ മികച്ച താരനിരയുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത് എന്നതിനാൽ പ്രതികൂല സാഹചര്യത്തിലും തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷ താരങ്ങളിൽ സജീവമാണ്.

      ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ താരങ്ങളെ നിരവധി റെക്കോർഡുകളും കാത്തിരിക്കുന്നുണ്ട്. അതില്‍ ഒരു പ്രധാനപ്പെട്ട റെക്കോർഡ് നേട്ടം കാത്തിരിക്കുന്നത് ഇന്ത്യയുടെ സ്റ്റാർ ബൗളറായ ജസ്പ്രീത് ബുംറയെയാണ്. ഇന്ത്യയുടെ ഇതിഹാസ താരവും ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടി തന്ന ക്യാപ്റ്റനും അതിലുപരി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടറായ കപില്‍ ദേവിന്റെ റെക്കോർഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ പേസറെ കാത്തിരിക്കുന്നത്.

      ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന പേസ് ബൗളറെന്ന റെക്കോർഡാണ് ബുംറയെ കാത്തിരിക്കുന്നത്. നിലവില്‍ 27കാരനായ ബുംറ 19 ടെസ്റ്റില്‍ നിന്നായി 83 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 25 മത്സരങ്ങളില്‍ നിന്നാണ് കപില്‍ ദേവ് 100 ടെസ്റ്റ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ 28 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യൻ ടീമിൽ കളിക്കുന്ന ബുംറയുടെ സഹതാരമായ മുഹമ്മദ് ഷമി 29 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.



      നിലവിൽ ബുംറയുടെ ഫോം കണക്കിലെടുക്കുമ്പോൾ താരം ഈ റെക്കോർഡ്  ഭേദിക്കാനുള്ള സാധ്യതയേറെയാണ്. കപിൽ ദേവ് 25 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് എന്നതിനാൽ 19 ടെസ്റ്റ് കളിച്ച ബുംറക്ക് ഈ നേട്ടം നേടാൻ കഴിഞ്ഞേക്കും.വിദേശ പിച്ചുകളിലാണ് ബുംറ തന്റെ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുള്ളത്. അതിനാല്‍ത്തന്നെ ഈ ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനം തന്നെയാണ് ബുംറയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.



      അതേസമയം, ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്പിൻ ബൗളര്‍ എന്ന നേട്ടം രവിചന്ദ്ര അശ്വിൻ്റെ പേരിലാണ്. 19 മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്. ഈരപ്പള്ളി പ്രസന്ന (20),അനില്‍ കുംബ്ലെ (21),സുഭാഷ് ഗുപ്ത (22),വിനോദ് മങ്കാദ് (23),രവീന്ദ്ര ജഡേജ (24) എന്നിവരാണ് അശ്വിൻ്റെ പുറകിലുള്ള മറ്റ് ഇന്ത്യൻ സ്പിന്നർമാർ.



      ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ ഇന്ത്യൻ ടീമിന് സ്വന്തമായി ഒരു മികച്ച പേസ് നിരയാണുള്ളത്. ബുംറയ്‌ക്കൊപ്പം ഇഷാന്ത്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, സിറാജ് എന്നിവരെല്ലാമുണ്ട്. ഇതിൽ ഇന്ത്യ ഏറ്റവും പ്രതീക്ഷ വെക്കുന്നത് ബുംറയുടെ പ്രകടനത്തിലാണ്. വ്യതസ്തമായ ബൗളിംഗ് ആക്ഷൻ്റെ കൂടെ ആവനാഴിയിൽ ഒരുപാട് ആയുധങ്ങളും ബുംറയുടെ പക്കലുണ്ട്. മിന്നൽ വേഗമുള്ള പന്തുകളും, അതിവേഗം കുത്തിയുയരുന്ന ബൗൺസറുകളും, കൃത്യതയാർന്ന യോർക്കറുകളും, കട്ടറുകളും, സ്ലോ ബോളുകളും എല്ലാം എതിരെ നിൽക്കുന്ന ബാറ്റ്സ്മാൻ്റെ കണക്കുകൂട്ടലുകളെ തെറ്റിക്കാൻ കഴിവുള്ളതാണ്. ടെസ്റ്റ് ഫോർമാറ്റിൽ കിരീടം നേടാനും 2007ന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാനും ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ഈ നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിൽ ബുംറ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്.



      Summary

      Jasprit Bumrah in pursuit to break Kapil Dev's record, to become the fastest Indian pace bowler to reach 100wickets
      Published by:Naveen
      First published:
      )}