'പുറത്ത് ചിരിക്കുമ്പോഴും അകത്ത് അഗ്നിയാണ്'; ചിരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജസ്പ്രീത് ബുമ്ര
'പുറത്ത് ചിരിക്കുമ്പോഴും അകത്ത് അഗ്നിയാണ്'; ചിരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജസ്പ്രീത് ബുമ്ര
ചെറുപ്പകാലത്ത് എല്ലായ്പ്പോഴും പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു തനിക്കെന്നും എല്ലാ കാര്യത്തിലും ഇടവും വലവും നോക്കാതെ ചൂടാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്സ്മാന്മാരുടെയെല്ലാം പേടി സ്വപ്നമാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി ഡോട്ട് ബോളുകള്‍ എറിഞ്ഞുകൊണ്ട് ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മികവാണ് താരത്തെ മറ്റു ബോളര്‍മാരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെക്കുന്നതിനാല്‍ ഐ സി സി റാങ്കിങ്ങിലും താരത്തിന് മുന്‍ നിരയില്‍ തന്നെ സ്ഥാനമുണ്ട്. മറ്റു പേസ് ബോളര്‍മാരില്‍ നിന്നും വ്യത്യസ്തമായി മുഖത്ത് എപ്പോഴും ഒരു ചെറു ചിരിയുമായാണ് അദ്ദേഹത്തെ കാണാറുള്ളത്. അതിപ്പോള്‍ ബാറ്റ്സ്മാന് ഒരു സിക്സര്‍ പറത്തിയാലും തകര്‍പ്പന്‍ യോര്‍ക്കറിലൂടെ ബാറ്റ്സ്മാനെ പുറത്താക്കിയാലും താരത്തിന്റെ മുഖത്ത് ഒരേ ചിരിയാണ് കാണാന്‍ കഴിയുക.
ഇപ്പോഴിതാ തന്റെ ചിരിക്കു പിന്നിലെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തുകയാണ് ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായി ഐ സി സി വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് എന്നും ചിരിക്കുന്ന ബൗളറായത് എങ്ങനെയെന്ന് ബുമ്ര മനസ്സ് തുറന്നത്. ചെറുപ്പകാലത്ത് എല്ലായ്പ്പോഴും പൊട്ടിത്തെറിക്കുന്ന സ്വഭാവമായിരുന്നു തനിക്കെന്നും എല്ലാ കാര്യത്തിലും ഇടവും വലവും നോക്കാതെ ചൂടാവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതൊന്നും തനിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുന്‍പൊക്കെ ഞാന്‍ കളിക്കളത്തില്‍ ഏറെ ദേഷ്യക്കാരനായിരുന്നു. പലപ്പോഴും ഞാന്‍ ചെറിയ കാര്യത്തിന് വരെ അമിത ദേഷ്യം കാണിച്ചിരുന്നു. എന്നാല്‍ എനിക്ക് അത് യാതൊരു ഗുണവും കരിയറില്‍ തന്നിട്ടില്ലയെന്നതാണ് സത്യം. പിന്നീട് എല്ലാ കാര്യങ്ങളിലും സമാധാനത്തോടെ പെരുമാറുവാന്‍ പഠിച്ചു. ഇപ്പോള്‍ ടീമിനായി കളിക്കുമ്പോള്‍ ചിരിച്ചുകൊണ്ടാണ് എല്ലാം നിര്‍വഹിക്കുന്നത് എങ്കിലും എന്നില്‍ ആ ആവേശം പഴയ പോലെ എല്ലാ സമയവും ഉണ്ട്'- ബുമ്ര വിശദമാക്കി. കരിയറില്‍ ലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ നല്കിയ ഉപദേശങ്ങള്‍ ഉപകാരമായതായും ബുമ്ര പറഞ്ഞു. പക്ഷേ അദ്ദേഹത്തെ അനുകരിക്കാന്‍ ഒരിക്കലും താന്‍ ശ്രമിച്ചിട്ടില്ലയെന്നും ബുമ്ര വിശദമാക്കി.
നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായി ഇംഗ്ലണ്ടിലുള്ള ബുമ്രയെ തേടി ഒരു റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരവും ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടി തന്ന ക്യാപ്റ്റനും അതിലുപരി ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള് റൗണ്ടറായ കപില്‍ ദേവിന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ പേസറെ കാത്തിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ ഇന്ത്യക്കായി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന പേസ് ബൗളറെന്ന റെക്കോര്‍ഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. നിലവില്‍ 27കാരനായ ബുമ്ര 19 ടടെസ്റ്റുകളില്‍ നിന്നായി 83 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 25 മത്സരങ്ങളില്‍ നിന്നാണ് കപില്‍ ദേവ് 100 ടെസ്റ്റ് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാന് 28 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ബുമ്രയുടെ സഹതാരമായ മുഹമ്മദ് ഷമി 29 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.