ഐസിസി ടിന്റി 20 ലോകകപ്പില്‍ (ICC T20 World Cup) ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്(New Zealand) എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഇന്ത്യ(India) വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.
മത്സരശേഷം ബാറ്റിങിലെ ഇന്ത്യയുടെ വ്യത്യസ്തമായ സമീപനത്തിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബുംറ(Jasprit Bumrah). മത്സരത്തില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപെട്ട ശേഷവും അറ്റാക്കിങ് ഷോട്ടുകള്‍ കളിക്കവെയാണ് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും പുറത്തായത്. ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഇഷ് സോധിയാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്.
'രണ്ടാം ഇന്നിങ്സില്‍ ഡ്യൂ വലിയൊരു ഘടകമാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കാരണം രണ്ടാം ഇന്നിങ്സില്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ എക്സ്ട്രാ റണ്‍സ് ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു. അതിനുശേഷം കുറച്ചധികം അറ്റാക്കിങ് ഷോട്ടുകള്‍ ഞങ്ങള്‍ കളിച്ചു. എന്നാലത് വിജയിച്ചില്ല. അതായിരുന്നു ബാറ്റിങ് യൂണിറ്റ് എന്ന നിലയിലുള്ള ഞങ്ങളുടെ സമീപനം. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് എളുപ്പമാകും. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ക്ക് എക്സ്ട്രാ റണ്‍സിന്റെ ആനുകൂല്യം അനിവാര്യമായിരുന്നു.'- ബുംറ പറഞ്ഞു.
' രണ്ടാം ഇന്നിങ്സില്‍ ഞങ്ങള്‍ ലെങ്ത് ബോളുകള്‍ എറിഞ്ഞപ്പോള്‍ അത് പിച്ചില്‍ ഹോള്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാല്‍ ആദ്യ ഇന്നിങ്സില്‍ നോക്കൂ, ലെങ്ത് ബോളില്‍ പുള്‍ഷോട്ടും റണ്‍സ് നേടുന്നതും ദുഷ്കരമായിരുന്നു.'- ബുംറ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു വഴിയുണ്ട്; ബിസിസിഐക്ക് ഉപദേശവുമായി മൈക്കല്‍ വോണ്ന്യൂസിലന്ഡിനെതിരെ നടന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ കാഴ്ച വെച്ച ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകര്‍ച്ച നേരിടവെ അവര്‍ കളിക്കുന്നത് 2010 ലെ ക്രിക്കറ്റാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ വിമര്‍ശനമുന്നയിച്ച വോണ്‍, അന്നത്തെ കാലത്ത് നിന്ന് കളി ഏറെ മുന്നോട്ട് പോയെന്നും പറഞ്ഞു.
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനത്തെ ചോദ്യം ചെയ്ത വോണ്‍, രാജ്യത്ത് ലഭ്യമായ പ്രതിഭകളുടെ അളവ് ഉപയോഗിച്ച് പരിമിത ഓവര്‍ ക്രിക്കറ്റില്‍ ആവശ്യത്തിന് നേട്ടങ്ങള്‍ കൈവരിക്കാന്‍ ടീം ഇന്ത്യക്ക് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യ ഈ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായേക്കാമെന്നും ടീമിലെ പ്രതിഭകളുടെ ഇതു വരെയുള്ള മനോഭാവവും, സമീപനവും ശരിയായ രീതിയിലായിരുന്നില്ലെന്നും ഇതിനോടൊപ്പം വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ കളികാരുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഒരു വഴിയും മൈക്കല്‍ വോണ്‍ ഉപദേശിച്ചു. വിദേശ ലീഗുകളില്‍ അവരെ കളിക്കാന്‍ അനുവദിക്കണമെന്നാണ് വോണ്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്.
ന്യൂസിലന്‍ഡിനെതിരെയും പരാജയപ്പെട്ടതോടെ ടി20 ലോകകപ്പില്‍ ഇക്കുറി ഇന്ത്യ സെമിയിലെത്താനുള്ള സാധ്യതകള്‍ മങ്ങിക്കഴിഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വലിയ മാര്‍ജിനില്‍ വിജയം നേടുകയും ഗ്രൂപ്പിലെ മറ്റ് ചില മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് ഇത്തവണ സെമിയിലേക്ക് കടക്കാനാകൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.