എന്തുകൊണ്ട് എനിക്ക് ഇങ്ങനെ? എപ്പോള്‍ എന്റെ സമയം വരും? എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? എന്ന ചോദ്യങ്ങളൊന്നും ഒരു നിമിഷം പോലും കുറ്റബോധം ഉയര്‍ത്തി എന്റെ മനസില്‍ വരില്ല.
തകര്‍പ്പന്‍ ഇടംകയ്യന്‍ പേസ് ബൗളിങ്ങിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജയദേവ് ഉനദ്ഘട്ട്. ഒരു കാലത്ത് തന്റെ ബൗളിങ്ങ് മികവാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി ബൗളര്‍ എന്നൊരു വിശേഷണം നേടിയ താരം പക്ഷേ ഇന്ന് ഇന്ത്യന്‍ സ്ക്വാഡില്‍ നിന്നും പുറത്താണ്. 2010ലെ അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനത്തിലൂടെയാണ് താരത്തെ ആളുകള്‍ ശ്രദ്ധിക്കുന്നത്. 2020ല്‍ സൗരാഷ്ട്ര ടീം ആദ്യമായി രഞ്ജി ട്രോഫി നേടിയപ്പോള്‍ നായക സ്ഥാനത്ത് ഉനദ്ഘട്ട് ആയിരുന്നു. 2018ലെ ഐ പി എല്ലില്‍ 11.5 കോടി രൂപയ്ക്ക് രാജസ്ഥാന് റോയല്‍സിന്റെ ഭാഗമായ താരം ഇത്തവണത്തെ സീസണിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2019-20 സീസണിലെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി 67 വിക്കറ്റുകള്‍ നേടിയ താരമാണ് ഉനദ്ഘട്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ പന്തെറിയുവാന്‍ ലഭിച്ച അവസരങ്ങളില്‍ പ്രതീക്ഷിച്ച ബൗളിംഗ് പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാതിരുന്ന താരം ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരായ പരിമിത ഓവര്‍ പറമ്പരകളില്‍ അവസരം ലഭിക്കാത്തത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഒട്ടേറെ പുതുമുഖ ബോളര്‍മാര്‍ക്ക് അവസരം നല്കിയപ്പോഴും ഉനദ്ഘട്ടിനെ പരിഗണിക്കാത്തത്തില്‍ സെലക്ഷന് കമ്മിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഒരിക്കലും വിട്ടുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് താരം വ്യക്തമാക്കി. 'ഈ കളിയിലൂടെ എനിക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് ഇങ്ങനെ? എപ്പോള്‍ എന്റെ സമയം വരും? എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? എന്ന ചോദ്യങ്ങളൊന്നും ഒരു നിമിഷം പോലും കുറ്റബോധം ഉയര്‍ത്തി എന്റെ മനസില്‍ വരില്ല. എനിക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇനിയും എനിക്ക് അവസരം ലഭിക്കും അതിന് സമയമാവുമ്പോള്‍. അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം. അതിന് അധികം ദൂരം പോവേണ്ടി വരില്ലെന്ന് ഉറപ്പാണ്. അതുവരെ കളിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അതിനായി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്ക്കുന്നു'- ഉനദ്ഘട്ട് പറഞ്ഞു.
89 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 327 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടുണ്ട്. 2010 ല്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ഇത്. എന്നാല്‍ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. ഏഴ് ഏകദിനങ്ങളില്‍ നിന്നും എട്ട് വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും അതിനുശേഷമുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനും ഉള്ള സ്ക്വാഡിനെ ബി സി സി ഐ പ്രഖ്യാപിച്ചപ്പോഴും താരത്തെ പരിഗണിച്ചിരുന്നില്ല. അഞ്ച് സ്റ്റാന്റ്ബൈ താരങ്ങളെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ആറ് ടെസ്റ്റുകള്‍ കളിക്കുന്നതിനായി മൂന്ന് മാസക്കാലത്തോളം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലാണ്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉനദ്ഘട്ടിനെ ടെസ്റ്റ് ടീമില്‍ പരിഗണിക്കാത്തത് ചര്‍ച്ചയായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.