News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 7, 2021, 11:51 PM IST
westham
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ വോള്‍വര്‍ഹാംപ്ടനെ 3-2നു കീഴടക്കിയ വെസ്റ്റ്ഹാം യുണൈറ്റഡ് ഒറ്റവിജയം കൊണ്ട് പോയിന്റ് പട്ടികയില്‍ 4-ാം സ്ഥാനത്തേക്ക് കുത്തിച്ചെത്തി.
ഈ കുതിപ്പില്‍ വെസ്റ്റ്ഹാം പിന്നിലാക്കിയത് ലീഗിലെ വമ്പന്മാരായ ലിവര്‍പൂള്‍, ടോട്ടനം, ചെല്‍സി ടീമുകളെയാണ്. എന്നാല്‍, ടീമിന്റെ പ്രമുഖ താരങ്ങളായ ഡെക്ലാന് റീസേ, മിഖായില്‍ അന്റോണിയോ എന്നിവര്‍ പരുക്കുമൂലം പുറത്തായത് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീം എങ്ങനെ പിടിച്ചുനില്ക്കും എന്ന് കണ്ടറിയണം.
കളി തുടങ്ങി ആറാം മിനുട്ടില്‍ ജെസ്സി ലിംഗാര്ദാണു കളിയിലെ ആദ്യ ഗോള്‍ നേടിയത്. 14-ാം മിനിറ്റില്‍ പാബ്ലോ ഫോര്ണല്സിന്റെ വക രണ്ടാം ഗോള്‍. 38-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ജാറോഡ് ബോവെന്റെ ഗോളിനു വഴിയൊരുക്കിയത് ലിംഗാര്ദായിരുന്നു.
ഫെബ്രുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നു വായ്പക്കരാറില്‍ ടീമിലെത്തിയ ശേഷം എട്ട് മത്സരങ്ങളില്‍ നിന്ന് ആറാമത്തെ ഗോളാണ് താരം നേടിയത്. യുണൈറ്റഡില്‍ നിറം മങ്ങിയ താരത്തിന് കളിക്കാന്‍ ഉള്ള അവസരങ്ങളും ലഭിച്ചിരുന്നില്ല. പക്ഷേ വെസ്റ്റ്ഹാമില്‍ എത്തിയതിന് ശേഷം അപാര ഫോമിലാണ് താരം കളിക്കുന്നത്. ഈ മികച്ച പ്രകടനം വഴി ഇംഗ്ലണ്ട് ദേശീയ ടീമില്‍ തിരികെയെത്താനും ലിംഗാര്ദിനായി.
44-ാം മിനിറ്റില്‍ ഡെന്ഡോനെക്കറും 68-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ സില്‍വയും വുള്വു സിനായി ഗോള്‍മടക്കിയെങ്കിലും വിജയം വെസ്റ്റ് ഹാമിനൊപ്പം നിന്നു. എട്ട് മത്സരം കൂടി ലീഗില്‍ ശേഷിക്കെ നാലാം സ്ഥാനത്ത് നില്ക്കുന്ന വെസ്റ്റ് ഹാമിന് 30 കളിയില്‍ 52 പോയിന്റാണുള്ളത്. ചെല്‍സി (51), ടോട്ടനം (49) ലിവര്‍പൂള്‍ (49) എന്നിവരാണു പിന്നില്‍. 3-ാം സ്ഥാനക്കാരായ ലെസ്റ്റര്‍ സിറ്റിക്ക് 56 പോയിന്റുണ്ട്. 60 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 31 മത്സരങ്ങള്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 74 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ്. ഈ സീസണിലെ കിരീടം സിറ്റി ഉറപ്പിച്ചു കഴിഞ്ഞു. ലീഗിലെ കിരീടം സിറ്റി സ്വന്തമാക്കും എന്ന് ഉറപ്പായതോടെ ലീഗിലെ ആദ്യ നാലില്‍ എത്താനുള്ള പോരാട്ടമായിരിക്കും ഇനി ടീമുകള്‍ തമ്മില്‍. ഒന്നാം സ്ഥാനം സിറ്റി ഉറപ്പിച്ചു കഴിഞ്ഞു. ഇനി രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കായാണ് പോരാട്ടം നടക്കുന്നത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട പ്രവേശനം ലഭിക്കും. ലീഗിലെ പോയിന്റ് പട്ടികയില്‍ മൂന്ന് മുതല്‍ 11 വരെ സ്ഥാനങ്ങളില്‍ നില്ക്കുന്ന ടീമുകള്‍ തമ്മില്‍ വലിയ പോയിന്റ് അന്തരമില്ല എന്നത് പോരാട്ടത്തിന്റെ വീര്യം കൂട്ടും എന്നുറപ്പാണ്.
Published by:
Jayesh Krishnan
First published:
April 7, 2021, 11:51 PM IST