ഐസിസി ടി20 ലോകകപ്പിലെ(ICC T20 World Cup) ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ(England) അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ്(New Zealand) ഫൈനലില്‍ കടന്നിരിക്കുകയാണ്. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും(Jimmy Neesham) ഓപ്പണര്‍ ഡാരല്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ പ്രകടനത്തിന്റെ ബലത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.
അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരല്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്കി.
ന്യൂസിലന്‍ഡിനെ വിജയതീരത്ത് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും മത്സരശേഷം നീഷാം നിശബ്ദനായിരുന്നു. മറ്റ് കിവീസ് താരങ്ങളെല്ലാം വിജയം ആഘോഷിച്ചപ്പോള്‍ നീഷാം ഡഗ്ഔട്ടിലെ കസേരയില്‍ പാറ പോലെ ഉറച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീഷം നിശബ്ദനായി അനങ്ങാതെ ഇരിക്കുന്നത് എന്തുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.
ഒടുവില്‍ എല്ലാവരുടെയും സംശയങ്ങള്‍ക്ക് മറുപടിയുമായി നീഷം തന്നെ രംഗത്തെത്തി. 'ഉത്തരവാദിത്തം കഴിഞ്ഞോ? ഇല്ല എനിക്ക് അങ്ങനെ തോന്നുന്നില്ല' എന്നാണ് നീഷത്തിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലില്‍ ജയിച്ച് കിരീടം സ്വന്തമാക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് നീഷം പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്. ഈ ഒരൊറ്റ കാരണത്താലാണ് കിവീസിന്റെ തുറുപ്പുചീട്ട് ഡഗ്ഔട്ടിലെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാതിരുന്നത്.
2019ലെ ഏകദിന ലോകകപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം കൂടിയാണ് കെയ്ന്‍ വില്ല്യംസണും കൂട്ടരും ഇത്തവണ സെമിയില്‍ തീര്‍ത്തത്. 167 റണ്‍സ് ലക്ഷ്യം ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. ഇന്നത്തെ പാകിസ്ഥാന് - ഓസ്ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് നേരിടും.
ഇംഗ്ലണ്ടിന് വേണ്ടി ലിയാം ലിവിങ്സ്റ്റണ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി 2 വിക്കറ്റും ക്രിസ് വോക്സ് 36 റണ്‍സ് വഴങ്ങി 2 വിക്കറ്റും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തത്. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്(30 പന്തില്‍ 41), ജോസ് ബട്ലര്(24 പന്തില്‍ 29) ലിവിംഗ്സ്റ്റണ്(10 പന്തില്‍ 17) എന്നിവരും ഇംഗ്ലണ്ട് സ്കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്കി.
കിവീസിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു. കിവീസിനായി നാലോവറില്‍ 40 റണ്‍സ് വഴങ്ങിയ ട്രെന്റ് ബോള്‍ട്ട് നിറം മങ്ങിയപ്പോള്‍ ടിം സൗത്തി നാലോവറില്‍ 24 റണ്‍സിനും ഇഷ് സോധി നാലോവറില്‍ 32 റണ്‍സിനും ആദം മില്‍നെ നാലോവരില്‍ 31 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ഇടം കൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നതിനാല്‍ മിച്ചല്‍ സാന്റനറെക്കൊണ്ട് ഒരോവര്‍ മാത്രമാണ് വില്യംസണ് പന്തെറിയിച്ചത്. ഗ്ലെന്‍ ഫിലിപ്സും ജിമ്മി നീഷാമുമാണ് സാന്റനറുടെ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.