നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC Player of the Month | ബുംറയെ പിന്തള്ളി ജോ റൂട്ട്; ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരം

  ICC Player of the Month | ബുംറയെ പിന്തള്ളി ജോ റൂട്ട്; ഐസിസിയുടെ ഓഗസ്റ്റ് മാസത്തിലെ മികച്ച താരം

  ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് റൂട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

  Joe Root

  Joe Root

  • Share this:
   ഐസിസിയുടെ ഓഗസ്റ്റ് മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അവാർഡ് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് സ്വന്തമാക്കി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നടത്തിയ മികച്ച പ്രകടനമാണ് റൂട്ടിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

   ഓഗസ്റ്റ് മാസത്തിലെ മികച്ച താരത്തിനുള്ള നാമനിർദേശ പട്ടികയിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ഇടം നേടിയിരുന്നെങ്കിലും ബുംറയെ മറികടന്ന് റൂട്ട് അവാർഡ് നേടുകയായിരുന്നു. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യക്കായി ബുംറയും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ബൗളിങ്ങിൽ പുലർത്തിയ മികവിന് പുറമെ പരമ്പരയിൽ നിർണായക നിമിഷങ്ങളിൽ ഇന്ത്യക്കായി വാലറ്റത്ത് നിർണായക റൺസ് സംഭാവന ചെയ്യാനും ബുംറയ്ക്ക് കഴിഞ്ഞിരുന്നു. അതിനാൽ ബുംറ അവാർഡ് സ്വന്തമാക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.


   അതേസമയം, ഇന്ത്യക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും പുറത്തെടുത്ത മിന്നും പ്രകടനമാണ് ജോ റൂട്ടിന് തുണയായത്. ആദ്യ മൂന്ന് ടെസ്റ്റിലും തുടർച്ചയായി സെഞ്ചുറി കണ്ടെത്തിയ റൂട്ട് പരമ്പരയിലെ നാല് ടെസ്റ്റിലെ ഏഴ് ഇന്നിങ്‌സുകളിൽ നിന്നുമായി 564 റൺസ് നേടിയിരുന്നു. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും റൂട്ട് തന്നെയായിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ബാറ്റിങ്ങിൽ ടെസ്റ്റിൽ കെയ്ൻ വില്യംസണെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു.

   അയര്‍ലന്‍ഡിന്റെ ഓള്‍ റൗണ്ടര്‍ എയ്മിയര്‍ റിച്ചാര്‍ഡ്‌സനാണ് ഓഗസ്റ്റ് മാസത്തെ മികച്ച വനിതാ ക്രിക്കറ്റ് താരം. ഐസിസിയുടെ വനിതാ ലോകകപ്പിനുള്ള യൂറോപ്പ് യോഗ്യത മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് എയ്മറിന് മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്.


   റൂട്ടിനും എയ്മിയറിനും പുറമെ ഒരാൾക്ക് കൂടി ഓഗസ്റ്റ് മാസത്തിലെ മികച്ച താരത്തിനുള്ള അവാർഡ് ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഓള്‍ അയര്‍ലന്‍ഡ് വനിതാ ട്വന്റി20 കപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചുകടന്ന ഒരു നായയ്ക്ക് കൂടി ഈ അവാർഡ് പ്രഖ്യാപിക്കുന്നു എന്നാണ് തമാശ രൂപേണ ഐസിസി ട്വീറ്റ് ചെയ്തത്.


   മത്സരത്തിനിടെ നായ മൈതാനത്തിറങ്ങി എന്നത് മാത്രമല്ല, വിക്കറ്റ് കീപ്പറുടെ പാഴായ ത്രോയില്‍ നിന്ന് പന്ത് കടിച്ചെടുത്ത് ഓടുകയും ചെയ്തു. ഇതോടെ മത്സരം തടസപ്പെടുകയും പിന്നീട് നായ പന്ത് തിരികെ നൽകുകയും ചെയ്തതോടെയാണ് മത്സരം വീണ്ടും ആരംഭിച്ചത്. ഈ സംഭവം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈറലാവുകയും ചെയ്തിരുന്നു.
   Published by:Naveen
   First published:
   )}