• HOME
 • »
 • NEWS
 • »
 • sports
 • »
 • 'വെറുപ്പും വിദ്വേഷവും ആരോടും ഇല്ല'; ലോര്‍ഡ്‌സിലെ വാക്‌പോരിനെക്കുറിച്ച് ജോ റൂട്ട്

'വെറുപ്പും വിദ്വേഷവും ആരോടും ഇല്ല'; ലോര്‍ഡ്‌സിലെ വാക്‌പോരിനെക്കുറിച്ച് ജോ റൂട്ട്

മൈതാനത്ത് നടന്ന വൈകാരിക സംഭവങ്ങള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചുവെന്നാണ് റൂട്ട് പറയുന്നത്.

News18

News18

 • Last Updated :
 • Share this:
  ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്സ് ടെസ്റ്റ് ആരാധകര്‍ക്ക് ഇത്രയുമധികം ആവേശകരമാക്കിയത് മത്സരത്തിനിടയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന വാക്പോരുകള്‍ ആയിരുന്നു. അവസാന ദിനവും ഇതു തുടര്‍ന്നിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ തമ്മിലുണ്ടായ തകര്‍ക്കത്തെ കുറിച്ചും അത് മത്സരഫലത്തെ സ്വാധീനിച്ചോ എന്നതിനെ കുറിച്ചും പ്രതികരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

  മൈതാനത്ത് നടന്ന വൈകാരിക സംഭവങ്ങള്‍ ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചുവെന്നാണ് റൂട്ട് പറയുന്നത്. 'വിരാട് കോഹ്ലിക്ക് അദ്ദേഹത്തിന്റേതായ ശൈലിയുണ്ട്. ഞാന്‍ വിശ്വസിക്കുന്നതില്‍ നേര്‍ വിപരീതമാണത്. കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം നന്നായി കളിച്ചു. അവര്‍ വൈകാരിമായി എന്തോ ഒന്നിലേക്ക് എത്തിപ്പെട്ടു. അതോടെ അവര്‍ക്ക് മേല്‍ക്കൈ ലഭിച്ചു. അവര്‍ അത് തന്ത്രപരമായി ഉപയോഗിക്കുകയും ചെയ്തു. ഗ്രൗണ്ടില്‍ ആരെങ്കിലും തമ്മില്‍ ഏതെങ്കിലും തരത്തില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടെന്ന് കരുതുന്നില്ല.'- റൂട്ട് പറഞ്ഞു.

  അവസാന ദിനം മുഹമ്മദ് ഷമി- ജസ്പ്രപീത് ബുംറ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ടു നയിക്കവെ ഇംഗ്ലീഷ് താരങ്ങളുടെ ഭാഗത്തു നിന്നും പല തവണ മോശം പെരുമാറ്റമുണ്ടായിരുന്നു. തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ വിരാട് കോഹ്ലിയും ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലും റിഷഭ് പന്തും ജോ റൂട്ടും തമ്മിലുമെല്ലാം ഇത്തരം കൊമ്പുകോര്‍ക്കലുകള്‍ നടന്നിരുന്നു.

  ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ പതിനൊന്നാമനായി ഇറങ്ങിയ ജെയിംസ് ആന്‍ഡേഴ്‌സനെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരവേറ്റത് തുടര്‍ച്ചയായ ഷോര്‍ട്ട് പിച്ച് ഡെലിവറികളിലൂടെ ആയിരുന്നു. നാല് നോ ബോളുകള്‍ സഹിതം 10 ഡെലിവറിയാണ് ബുംറ ആന്‍ഡേഴ്‌സനെതിരെ എറിഞ്ഞത്. ബുംറയുടെ ബൗണ്‍സറിന്റെ പ്രഹരമേറ്റ ആന്‍ഡേഴ്‌സനെ കണ്‍കഷന്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നിട്ടും ബുംറ പിന്മാറിയില്ല. തുടര്‍ച്ചയായി ബൗണ്‍സര്‍ പ്രയോഗിച്ച് ആന്‍ഡേഴ്‌സനെ ബുംറ സമ്മര്‍ദത്തിലാക്കുകയായിരുന്നു.

  റിഷഭ് പന്തുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കയര്‍ക്കുന്നത് നാലാം ദിനം മൈതാനത്ത് കാണാനായി. 82 ഓവറുകളാണ് ഇന്ത്യന്‍ ടീം നാലാം ദിനം ബാറ്റ് ചെയ്തത്. വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നേരത്തെ നിര്‍ത്താന്‍ റിഷഭ് പന്ത് അമ്പയറുടെ ആവശ്യപ്പെട്ടതാണ് റൂട്ടിനെ ചൊടിപ്പിച്ചത്. 'വെളിച്ചക്കുറവല്ലേ, കളിനിര്‍ത്തി കയറിപ്പോരു' എന്ന് ബാല്‍ക്കണിയില്‍ നിന്ന് കോഹ്ലിയും രോഹിത് ശര്‍മ്മയും ആംഗ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ പന്തും ഇഷാന്തും അമ്പയര്‍മാരെ സമീപിച്ച് വിവരം അറിയിച്ചതോടെ വെളിച്ചക്കുറവു മൂലം കളി നിര്‍ത്താന്‍ തീരുമാനമായി.

  ഇതിനെയാണ് ചോദ്യം ചെയ്തുകൊണ്ട് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പന്തിനെതിരെ തിരിയുകയായിരുന്നു. 'ഇതൊക്കെ കളി നിര്‍ത്താന്‍ ഒരു കാരണമാണോ' എന്ന തരത്തിലായിരുന്നു പന്തിനോടുള്ള റൂട്ടിന്റെ വാക്കുകള്‍. പന്ത് എന്തോ മറുപടി പറയുന്നതും കാണാനായി. അവസാന സെഷനില്‍ ന്യൂ ബോള്‍ എടുക്കാന്‍ ഒരുങ്ങിയിരുന്ന ഇംഗ്ലണ്ടിന് അവസരം നല്‍കാതിരിക്കാനായിരുന്നു ബാല്‍ക്കണിയില്‍ നിന്നുള്ള കോഹ്ലിയുടെ ഇടപെടല്‍. അതേ സമയം ന്യൂ ബോള്‍ ഉപയോഗിച്ച് പരമാവധി വിക്കറ്റുകള്‍ നാലാം ദിനം തന്നെ നേടുക എന്നതായിരുന്നു ഇംഗ്ലണ്ട് ടീമിന്റെ ചിന്ത.
  Published by:Sarath Mohanan
  First published: