നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു, ഇന്ത്യക്കെതിരെ മടങ്ങി വരവിനു സാധ്യത

    ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു, ഇന്ത്യക്കെതിരെ മടങ്ങി വരവിനു സാധ്യത

    താരം അടുത്ത മാസം പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പാണെങ്കിലും ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

    Jofra Archer

    Jofra Archer

    • Share this:
      ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ കൈമുട്ടിലെ പരിക്ക് ഈയിടെയായി ഇംഗ്ലണ്ട് ക്രിക്കറ്റിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റിന് വില മതിക്കാനാകാത്ത സംഭാവനകള്‍ ആര്‍ച്ചര്‍ സമ്മാനിച്ചിട്ടുണ്ട്. അവസാന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ എറിഞ്ഞ സൂപ്പര്‍ ഓവര്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. പരിക്കില്‍ നിന്ന് മോചിതനായി പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആര്‍ച്ചര്‍ വീണ്ടും പിന്നെയും പരിക്കിന്റെ പിടിയില്‍ വീണിരുന്നു. തുടര്‍ച്ചയായി രണ്ട് ശസ്ത്രക്രിയകള്‍ക്കും താരം വിധേയനായിരുന്നു.

      ഇപ്പോഴിതാ കൈമുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ജോഫ്ര ആര്‍ച്ചര്‍ ബൗളിംഗ് പരിശീലനം ആരംഭിച്ചിരിക്കുകയാണ്. താരം അടുത്ത മാസം പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ കളിക്കില്ലെന്ന് ഉറപ്പാണെങ്കിലും ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കളത്തിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരങ്ങളില്‍ താരം കളിക്കുന്നില്ലെങ്കിലും ലോകകപ്പും ആഷസ് പരമ്പരയും വരാനിരിക്കുന്നതിനാല്‍ തന്നെ താരം ബൗളിംഗ് പുനരാരംഭിച്ചത് ഇംഗ്ലണ്ടിന് വളരെയധികം സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.

      പൂര്‍ണമായും ഫിറ്റ്‌നെസ് വീണ്ടെടുക്കാതെ കളിക്കളത്തിലേക്ക് തിരികെ വരില്ലായെന്ന് ആര്‍ച്ചര്‍ രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം വെളിപ്പെടുത്തിയിരുന്നു. ടി20 ലോകകപ്പിനും ആഷസിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ സാധിച്ചാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കരിയറിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനായി ഈ വര്‍ഷം കുറച്ചു മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും അതില്‍ ദുഃഖമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

      ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ അത് താഴെ വീണ് പൊട്ടിയപ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തുളച്ചുകയറി പരിക്കേറ്റത്. എന്നാല്‍ ഇത് വകവയ്ക്കാതെ ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും അദ്ദേഹം പന്തെറിഞ്ഞു. വേദന കൂടുതലായതോടെ നാട്ടിലേക്ക് മടങ്ങിയ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. എന്നാല്‍ രണ്ടാമത് കൈമുട്ടിനാണ് താരം ശസ്ത്രക്രിയക്ക് വിധേയനായത്.

      ആദ്യ ശസ്ത്രക്രിയക്ക് ശേഷം കൗണ്ടി മത്സരത്തില്‍ സസ്‌ക്‌സിന് വേണ്ടി കളിച്ചു കൊണ്ട് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് ആര്‍ച്ചര്‍ തിരിച്ചുവരവ് നടത്തിയിരുന്നു. മത്സരത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത് തകര്‍പ്പന്‍ ബോളിംഗ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു. ആദ്യ സ്‌പെല്ലില്‍ത്തന്നെ ഓപ്പണറും കെന്റിന്റെ നായകനുമായ ഡി ബെല്‍ ഡ്രമോണ്ടിന്റേയും, ഇംഗ്ലീഷ് സൂപ്പര്‍ താരം സാക് ക്രൗളിയുടേയും വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ പന്തെറിയുന്നതിനിടെയാണ് താരത്തിന് വീണ്ടും കൈമുട്ടില്‍ വേദന അനുഭവപ്പെട്ടത്.

      ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല. എന്നാല്‍ ഈ പരമ്പര ഐ സി സിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങളായിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന ഇന്ത്യക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടുള്ളതാണ്. അതിനാല്‍ തന്നെ ആ പരമ്പരയിലൂടെ താരത്തിനെ തിരിച്ചുകൊണ്ടുവരാനാകും ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍.
      Published by:Sarath Mohanan
      First published: