ഇന്റർഫേസ് /വാർത്ത /Sports / ഇതെല്ലാം ശരിയായില്ലെങ്കിൽ ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കില്ല, പരിക്കിനെക്കുറിച്ച് ആർച്ചർ പറയുന്നു

ഇതെല്ലാം ശരിയായില്ലെങ്കിൽ ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കില്ല, പരിക്കിനെക്കുറിച്ച് ആർച്ചർ പറയുന്നു

ജോഫ്ര ആർച്ചർ

ജോഫ്ര ആർച്ചർ

കഴിഞ്ഞ വെള്ളിയാഴ്ച താരം രണ്ടാമത്തെ ശസ്ത്രക്രിയക്കും വിധേയനായി. നേരത്തെ ഇന്ത്യൻ പര്യടനത്തിനിടെ വേദന കലശലായതോടെ ആർച്ചർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.

  • Share this:

ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചറുടെ കൈമുട്ടിലെ പരിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റിന് വില മതിക്കാനാകാത്ത സംഭാവനകൾ ആർച്ചർ ഈ ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ രാജ്യത്തിന് വേണ്ടി സമർപ്പിച്ചിട്ടുണ്ട്. അവസാന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ എറിഞ്ഞ സൂപ്പർ ഓവർ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. പരിക്കിൽ നിന്ന് മോചിതനായി പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആർച്ചർ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച താരം രണ്ടാമത്തെ ശസ്ത്രക്രിയക്കും വിധേയനായി. നേരത്തെ ഇന്ത്യൻ പര്യടനത്തിനിടെ വേദന കലശലായതോടെ ആർച്ചർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയും, ശേഷം നടന്ന ഐ പി എല്ലും ഇതോടെ താരത്തിന് നഷ്ടമായി.

ഇപ്പോൾ ദ് ഡെയ്‌ലി മെയിൽ എന്ന പത്രത്തിലൂടെ തന്റെ പരിക്കിനെക്കുറിച്ചുള്ള നിലവിലെ സ്ഥിതികൾ ആരാധകരെ അറിയിച്ചിരിക്കുകയാണ് ജോഫ്ര ആർച്ചർ. 'ഈ വർഷം കുറച്ച് മത്സരങ്ങൾ നഷ്ടപ്പെടുന്നതിൽ ദുഖമില്ല. കാരണം, അത് കുറച്ച് വർഷത്തേക്ക് കൂടി കരിയർ തുടരാൻ സഹായിച്ചേക്കും. അതുകൊണ്ട് തന്നെ കളിക്കളത്തിലേക്ക് വേഗത്തിൽ തിരിച്ചെത്തണമെന്ന് ചിന്തിക്കുന്നില്ല. എന്നാൽ ഇപ്പോൾ ഇത്‌ ശരിയായില്ലെങ്കിൽ ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കില്ല. പൂർണമായും ഫിറ്റ് ആകുന്നതിനു മുന്ന് തിരിച്ചുവരില്ല. ടി20 ലോകകപ്പിനും ആഷസിനുമാണ് മുൻഗണന നൽകുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ്‌ പരമ്പരയിൽ കളിക്കാൻ സാധിച്ചാൽ സന്തോഷം'- ആർച്ചർ മനസ്സ് തുറന്നു.

ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ അത് താഴെ വീണ് പൊട്ടിയപ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തുളച്ചുകയറി പരിക്കേറ്റത്. എന്നാൽ ഇത് വകവയ്ക്കാതെ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും അദ്ദേഹം പന്തെറിഞ്ഞു. വേദന കൂടുതലായതോടെ നാട്ടിലേക്ക് മടങ്ങിയ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. എന്നാൽ ഇപ്പോൾ കൈമുട്ടിനാണ് താരം ശസ്ത്രക്രിയക്ക് വിധേയനായിരിക്കുന്നത്.

Also Read- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; വിജയിയെ കണ്ടെത്തുവാൻ ഒന്നിലധികം മത്സരങ്ങൾ നടത്തുന്നതാവും ഉചിതമെന്ന് കപില്‍ ദേവ്

ഈയിടെ കെന്റിനെതിരെ ആരംഭിച്ച കൗണ്ടി മത്സരത്തില്‍ സസ്ക്സിന് വേണ്ടി കളിച്ചു കൊണ്ടായിരുന്നു പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക്‌ ആര്‍ച്ചർ തിരിച്ചുവരവ് നടത്തിയത്. മത്സരത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത് തകര്‍പ്പന്‍ ബോളിംഗ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു. ആദ്യ സ്പെല്ലില്‍ത്തന്നെ ഓപ്പണറും കെന്റിന്റെ നായകനുമായ ഡി ബെല്‍ ഡ്രമോണ്ടിന്റേയും, ഇംഗ്ലീഷ് സൂപ്പര്‍ താരം സാക് ക്രൗളിയുടേയും വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്ത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ പന്തെറിയുന്നതിനിടെയാണ് താരത്തിന് വീണ്ടും കൈമുട്ടില്‍ വേദന അനുഭവപ്പെട്ടത്.

ജൂൺ രണ്ടിന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ്‌ പരമ്പരയിലും താരത്തിന് കളിക്കാൻ കഴിയില്ല. എന്നാൽ ഈ പരമ്പര ഐസിസിയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങളല്ല. അതിനുശേഷം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പര ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ടുള്ളതാണ്. അതിനാൽ തന്നെ ആ പരമ്പരയിലൂടെ താരത്തിനെ തിരിച്ചുകൊണ്ടുവരാനാകും ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടൽ.

News summary: Jofra Archer reveals that he may skip test series against India to be fit for upcoming T20 World cup and Ashes.

First published:

Tags: Cricket news, England Cricket, India Vs England Test series, Jofra Archer