HOME » NEWS » Sports » JOFRA ARCHER WILL MISS THE SERIES AGAINST NEW ZEALAND POST INJURY MM INT

ആർച്ചറിന് വീണ്ടും പരിക്ക്; ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമാകും

ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയും, ശേഷം നടന്ന ഐ.പി.എല്ലും താരത്തിന് നഷ്ടമായിരുന്നു

News18 Malayalam | news18-malayalam
Updated: May 17, 2021, 4:47 PM IST
ആർച്ചറിന് വീണ്ടും പരിക്ക്; ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമാകും
ജോഫ്ര ആർച്ചർ
  • Share this:
ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്ര ആർച്ചറുടെ കൈമുട്ടിലെ പരിക്ക് ടീമിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരിക്കിൽ നിന്ന് മോചിതനായി പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആർച്ചർ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുന്നു. താരത്തിന് ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. നേരത്തെ ഇന്ത്യൻ പര്യടനത്തിനിടെ വേദന കലശലായതോടെ ആർച്ചർ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യക്കെതിരെ നടന്ന ഏകദിന പരമ്പരയും, ശേഷം നടന്ന ഐ.പി.എല്ലും ഇതോടെ താരത്തിന് നഷ്ടമായിരുന്നു.

ഇപ്പോൾ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ്‌ പരമ്പരയിലും താരത്തിന് കളിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഈ പരമ്പര ഐസിസിയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള മത്സരങ്ങളല്ല. അതിനുശേഷം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പര ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായിട്ടുള്ളതാണ്. അതിനാൽ തന്നെ ആ പരമ്പരയിലൂടെ താരത്തിനെ തിരിച്ചുകൊണ്ടുവരാനാകും ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടൽ.

ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ അത് താഴെ വീണ് പൊട്ടിയപ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തുളച്ചുകയറി പരിക്കേറ്റത്. എന്നാൽ ഇത് വകവയ്ക്കാതെ ഇന്ത്യക്കെതിരായ മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. രണ്ട് ടെസ്റ്റിലും അഞ്ച് T20 മത്സരങ്ങളിലും അദ്ദേഹം പന്തെറിഞ്ഞു. വേദന കൂടുതലായതോടെ നാട്ടിലേക്ക് മടങ്ങിയ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഇതോടെ താരത്തിന്റെ ഐ.പി.എൽ. സീസണിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ആദ്യ നാല് മത്സരങ്ങൾക്ക് ശേഷം താരം ടീമിൽ തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത് നിഷേധിച്ചു. ഇതോടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ബൗളിങ് യൂണിറ്റ് ദുർബ്ബലമായി.



രാജസ്ഥാൻ ബൗളിങ് നിരയുടെ നെടുംതൂണായിരുന്നു ആർച്ചർ. ആർച്ചറുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കൻ പേസർ ക്രിസ് മോറിസ്, ബംഗ്ലാദേശ് താരം മുസ്താഫിസുർ റഹ്‌മാൻ എന്നിവർ രാജസ്ഥാൻ ബൗളിങ് നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പരിക്കേറ്റ രാജാസ്ഥാന്റെ
മറ്റൊരു ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സും നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഈയിടെ കെന്റിനെതിരെ ആരംഭിച്ച കൗണ്ടി മത്സരത്തില്‍ സസ്ക്സിന് വേണ്ടി കളിച്ചു കൊണ്ടായിരുന്നു പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക്‌ ആര്‍ച്ചർ തിരിച്ചുവരവ് നടത്തിയത്. മത്സരത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത് തകര്‍പ്പന്‍ ബോളിംഗ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു. ആദ്യ സ്പെല്ലില്‍ത്തന്നെ ഓപ്പണറും കെന്റിന്റെ നായകനുമായ ഡി ബെല്‍ ഡ്രമോണ്ടിന്റേയും, ഇംഗ്ലീഷ് സൂപ്പര്‍ താരം സാക് ക്രൗളിയുടേയും വിക്കറ്റുകള്‍ ആര്‍ച്ചര്‍ വീഴ്ത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ പന്തെറിയുന്നതിനിടെയാണ് താരത്തിന് വീണ്ടും കൈമുട്ടില്‍ വേദന അനുഭവപ്പെട്ടത്.

News summary: Jofra Archer ruled out of New Zealand Tests due to elbow concerns. Rajasthan Royals is on a tough call as their bowling line-up has already landed in trouble
Published by: user_57
First published: May 17, 2021, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories