• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

യൊഹാന്‍ ക്രൈഫ് - ടോട്ടല്‍ ഫുട്‌ബോളിന്റെ വിപ്‌ളവം

news18india
Updated: June 22, 2018, 10:03 PM IST
യൊഹാന്‍ ക്രൈഫ് - ടോട്ടല്‍ ഫുട്‌ബോളിന്റെ വിപ്‌ളവം
news18india
Updated: June 22, 2018, 10:03 PM IST
സിബി സത്യൻ

ഒരിക്കല്‍ ഒരു ക്ലബ് മത്സരത്തില്‍ എതിരാളികളില്‍ നിന്നു തട്ടിയെടുത്ത പന്തുമായി യൊഹാന്‍ ക്രൈഫ് അതിവേഗം എതിര്‍ഗോള്‍മുഖത്തേക്കു പാഞ്ഞു. ഒറ്റയ്ക്കു മുന്നേറുന്ന ക്രൈഫിനെ തടയാന്‍ ഗോള്‍കീപ്പര്‍ മുന്നിലേക്കു കയറി. പെട്ടെന്ന് ബോളുമായി ക്രൈഫ് തിരിഞ്ഞു സ്വന്തം ഹാഫിലേക്കു കുതിച്ചു. ഗോള്‍ കീപ്പറാകട്ടെ, സെന്റര്‍ലൈന്‍ വരെ അയാളെ പിന്തുടര്‍ന്നു. അപ്പോഴാണ് അയാള്‍ അത് മനസിലാക്കിയത്. ക്രൈഫിന്റെ പക്കല്‍ ബോള്‍ ഉണ്ടായിരുന്നില്ല. തിരിഞ്ഞോടുന്നതിനിടെയില്‍ ഉപ്പൂറ്റി കൊണ്ട്, ഓട്ടത്തിന്റെ വേഗത്തിലൊരു വ്യത്യാസവും വരുത്താതെ, അയാളെപ്പോഴോ അത് വലയിലേക്കു തട്ടിയിട്ടിരുന്നു. ഇരുകാലിന്റെയും ഏതു ഭാഗവും കൊണ്ടു കരുത്തുറ്റ ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു.

കളിക്കിടയില്‍ കിട്ടുന്ന പെനാല്‍റ്റി ലോകം പലവട്ടം കണ്ടിട്ടുണ്ട്. ഗോളി മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ വലയിലേക്ക് അടിക്കുക. എന്നാല്‍ അത് തൊട്ടടുത്തു നില്‍ക്കുന്ന ഫോര്‍വേഡിന് പാസ് ചെയ്ത്, തിരികെ പാസ് വാങ്ങി ഒഴിഞ്ഞ ഗോള്‍വലയിലേക്ക് തട്ടിയിടുന്ന പെനാല്‍റ്റി ക്രൈഫിന്റേതു മാത്രമായിരിക്കും. അയാള്‍ക്കു മാത്രമേ അത്തരത്തിലൊന്നു ചെയ്യാനാകുമായിരുന്നുള്ളൂ.

ക്രൈഫ് പെലെയോ മറഡോണയെപ്പോലെ മനോഹരമായി കളിക്കുന്ന ഒരു ഫുട്‌ബോളര്‍ മാത്രമായിരുന്നില്ല, അയാള്‍ ഫുട്‌ബോളിന്റെ ഐന്‍സ്റ്റീനോ എഡിസണോ ഒക്കെയായിരുന്നു. അയാള്‍ കളിക്കുക മാത്രമായിരുന്നില്ല, മറിച്ച് ഒരു ബോര്‍ഡ് റൂം വിദഗ്ധനെപ്പോലെ ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടേയിരുന്നു. അയാള്‍ക്ക് ഓരോ നിമിഷങ്ങളിലും ആശയങ്ങളുണ്ടായിരുന്നു. ഓരോ ആശയവും ഫുട്‌ബോള്‍ ലോകത്തെ പിടിച്ചു കുലുക്കി. ഓരോന്നും ഫുട്‌ബോളിന്റെ പാരമ്പര്യ സങ്കല്‍പങ്ങളെ തച്ചുതകര്‍ക്കുകയും പുതുതായൊന്നു സൃഷ്ടിക്കുകയും ചെയ്തു.അയാളാണ് ഡച്ച് ഫുട്‌ബോള്‍ എന്നൊന്നിനെ കണ്ടെത്തിയത്. എഴുപതുകളിലും ശേഷവും ഫുട്‌ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെത്തലുകളിലൊന്നായ ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ആശയം വിരിഞ്ഞതും നടപ്പാക്കിയതും അയാളും കോച്ചായ റീനസ് മിക്കോള്‍സും (Renus Michels) ചേര്‍ന്നായിരുന്നു. ഏതാണ്ട് 50 വര്‍ഷത്തിനിപ്പുറവും ലോക ഫുട്‌ബോളിനെ മാറ്റിമറിക്കുന്ന ഒന്നായി ടോട്ടല്‍ ഫുട്‌ബോള്‍ തുടരുന്നു. ബാഴ്‌സലോണ എന്ന ലോകോത്തര ഫുട്‌ബോള്‍ ക്ലബ് ഇന്നും തുടരുന്ന കേളീശൈലിയുടെ വേരുകള്‍ ക്രൈഫ് കൊണ്ടുവന്ന ടോട്ടല്‍ ഫുട്‌ബോള്‍ എന്ന തന്ത്രത്തിലൂന്നിയാണ്.

ഫുട്‌ബോള്‍ എന്ന കളി കൃത്യമായി സ്ഥാനങ്ങളില്‍ കളിക്കാര്‍ നിന്നു കളിക്കേണ്ട ഒന്നല്ലെന്നും ഏതു കളിക്കാരനും ഏതു പൊസിഷനിലും പോകാമെന്നും മൈതാനം മുഴുവന്‍ അയാളുടെ സാമ്രാജ്യമാണെന്നും ക്രൈഫ് വിശ്വസിച്ചു. ഒരുപാട് പേര്‍ ചേര്‍ന്ന് പലവിധ വാദ്യോപകരണങ്ങളാല്‍ തീര്‍ക്കുന്ന സിംഫണിയാണ് ഫുട്‌ബോളെന്നും അതിലെ പ്രധാന കണ്ടക്ടറാണു താനെന്നും അയാള്‍ കരുതി. മുന്നില്‍ കിടക്കുന്ന ഒഴിഞ്ഞ സ്ഥലമാണ് ഒരു കളിക്കാരന്റെ സ്ഥാനമെന്ന് ക്രൈഫ് ലോകത്തോടു പറഞ്ഞു. അതിവേഗത്തിലുള്ള വണ്‍ടച്ച് പാസ് ആയിരുന്നു ടോട്ടല്‍ ഫുട്‌ബോളിന്റെ പ്രധാന സവിശേഷത. ഓരോ കളിക്കാരനും അവരുടെ സ്ഥാനം തുടര്‍ച്ചയായി മാറിക്കൊണ്ടേയിരുന്നു. ഓരോ കളിക്കാരനും ഓരോ പ്‌ളേമേക്കറായി മാറുകയെന്നതായിരുന്നു ഈ ശൈലി. ഗോളി പോലും ഗ്‌ളൗസ് ധരിച്ച മറ്റൊരു ഡിഫന്‍ഡറാണെന്ന് അയാള്‍ മുന്നോട്ടു വെച്ചു.
Loading...

ഹോളണ്ടിലെ ഒരു തൊഴിലാളി കുടുംബത്തില്‍ ജനിക്കുകയും 12 വയസില്‍ അച്ഛന്‍ നഷ്ടപ്പെടുകയും ചെയ്ത യൊഹാന്‍ ക്രൈഫ് എന്ന ബാലന്‍ 16 വയസിലാണ് ഒരു അര്‍ധപ്രഫഷനല്‍ ക്ലബ്ബായിരുന്ന അജാക്‌സിന്റെ ടീമില്‍ ചേരുന്നത്. ആയിടയ്ക്ക് കോച്ചായി എത്തിയ റീനസ് മിക്കോള്‍സും ക്രൈഫും ചേര്‍ന്ന് അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ അജാക്‌സിന്റെ ജാതകം തിരുത്തിയെഴുതി. അജാക്‌സ് എന്ന അരക്ലബ് യൂറോപ്യന്‍ ലീഗ് ചാംപ്യന്‍മാരായി. അവരുടെ കേളീശൈലി ലോകത്തെ അമ്പരപ്പിച്ചു. മികച്ച കളിക്കാരനായിരുന്നുവെങ്കിലും മികച്ച തന്ത്രജ്ഞനായിരുന്നുവെങ്കിലും ആര്‍ക്കും സഹിക്കാനാവാത്ത വ്യക്തിത്വമായിരുന്നു ക്രൈഫിന്റേത്. അയാള്‍ സദാസമയവും സംസാരിച്ചുകൊണ്ടേയിരുന്നു. താന്‍ മാത്രമാണ് ശരിയെന്ന് അയാള്‍ വിശ്വസിച്ചു. പന്തു കയ്യില്‍ കിട്ടുമ്പോള്‍ കാലുകള്‍ മാത്രമല്ല, അയാളുടെ നാവും ചിലച്ചുകൊണ്ടേയിരുന്നു. ഓരോ കളിക്കാരനോടും എവിടെ നില്‍ക്കണമെന്നും എങ്ങോട്ടോടണമെന്നും അയാള്‍ നിര്‍ദേശിച്ചു. എന്തിനേറെ കളിക്കിടെ, അടുത്ത സബ്‌സ്റ്റിറ്റിയൂട്ടിനെ വരെ തയ്യാറാക്കി നിര്‍ത്താന്‍ ബെഞ്ചിലേക്കു നോക്കി വിളിച്ചു പറയാനും അയാള്‍ക്കേ കഴിയുമായിരുന്നുള്ളൂ.

ഒരു കളിക്കാരനെന്ന നിലയില്‍ 1971, 73, 74 വര്‍ഷങ്ങളില്‍ മികച്ച കളിക്കാരനുള്ള ബലോണ്‍ ഡി ഓര്‍ കരസ്ഥമാക്കിയ ക്രൈഫ് 71 മുതല്‍ 73 വരെ അജാക്‌സിനെ യുറോപ്യന്‍ ചാംപ്യന്‍മാരാക്കി. 1974 ല്‍ ഹോളണ്ടിനെ ലോകകപ്പിന്റെ ഫൈനലില്‍ എത്തിച്ചു. എന്നാല്‍ ജര്‍മ്മനിയുമായുള്ള ഫൈനലിന്റെ മുമ്പ് അര്‍ധനഗ്നരായ യുവതികൾക്കൊപ്പം സ്വിമ്മിങ് പൂള്‍ പാര്‍ട്ടി നടത്തിയെന്ന വാര്‍ത്ത ഒരു ജര്‍മ്മന്‍ ടാബ്‌ളോയ്ഡ് പുറത്തു വിട്ടു. ഫൈനലിന്റെ തലേന്നു രാത്രി മുഴുവന്‍ ക്രൈഫ് ഭാര്യയെ വിളിച്ച് ആ വാര്‍ത്ത വാസ്തവമല്ലെന്നു ആണയിടാന്‍ ശ്രമിക്കുകയായിരുന്നു. അടുത്ത ദിവസത്തെ ഫൈനലില്‍ തന്റെ ഫോമിന്റെ അടുത്തെങ്ങും ക്രൈഫ് എത്തിയില്ല. ആദ്യത്തെ ലോകകപ്പ് നേടാനുള്ള ഹോളണ്ടിന്റെ മോഹങ്ങള്‍ അങ്ങനെ അവസാനിച്ചു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയെന്നോണം 1978ല്‍ ലോകകപ്പില്‍ ടീമില്‍ കയറാന്‍ കൂടി ക്രൈഫ് തയ്യാറായില്ല. അത്തവണ ഹോളണ്ട് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെടുകയായിരുന്നു. ഒരു സ്വിമ്മിങ് പൂള്‍ രണ്ട് ലോകകപ്പുകളുടെ സാധ്യതകളെ തകര്‍ത്തെറിഞ്ഞതെങ്ങിനെയെന്ന് ഡേവിഡ് വിന്നര്‍ തന്റെ ബ്രില്യന്റ് ഓറഞ്ച് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. കപ്പെടുക്കാന്‍ പരാജയപ്പെട്ടുവെങ്കിലും 1974നു ശേഷമാണ് ഡച്ച് ഫുട്‌ബോള്‍ എന്നൊന്നുണ്ട് എന്ന് ലോകം അംഗീകരിച്ചു തുടങ്ങിയത്.അജാക്‌സുമായി വഴക്കിട്ടു പിരിഞ്ഞ ക്രൈഫിനെ മോഹവില കൊടുത്താണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ആ ട്രാന്‍സ്ഫര്‍ ഫീസ് അംഗീകരിക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പിന്നീട് ഒരു കൃഷി യന്ത്രമായി റജിസ്‌ററര്‍ ചെയ്താണ് ക്രൈഫിനെ സ്‌പെയിനിലെത്തിച്ചതെന്നാണ് തമാശ.

കളിക്കാരനേക്കാള്‍ ബാഴ്‌സലോണയില്‍ കോച്ച് എന്ന നിലയ്ക്കാണ് ക്രൈഫിന്റെ സംഭാവന. 1991 മുതല്‍ തുടര്‍ച്ചയായ നാലു വര്‍ഷങ്ങള്‍ ബാര്‍സയെ ലാലിഗ ജേതാക്കളാക്കിയത് ക്രൈഫിന്റെ തന്ത്രങ്ങളായിരുന്നു. ബാര്‍സയുടെ കളിശൈലിയില്‍ ഇന്നും ക്രൈഫ് ബാക്കി നില്‍പ്പുണ്ട് എന്നുള്ളിടത്താണ് യൂറോപ്പിനെ എത്രമാത്രമാണ് ക്രൈഫ് സ്വാധീനിച്ചുവെന്നത് വ്യക്തമാകുന്നത്.

ഹോളണ്ടില്‍ ക്രൈഫ് സ്‌നേഹിക്കപ്പെട്ടതേയില്ല. കണക്കു പറഞ്ഞു പണം വാങ്ങുന്ന ഒരാളുടെ പ്രതിഛായയായിരുന്നു അയാള്‍ക്ക്. മീറ്ററുകളോളം നീളമുള്ള തന്റെ നാവ് അയാള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തുകൊണ്ടേയിരുന്നു. അയാളെ സഹിക്കാന്‍ പ്രയാസമായിരുന്നു. വെറുപ്പിക്കല്‍സ് ആയിരുന്നു ക്രൈഫിന്റെ മുഖമുദ്ര. പക്ഷേ അതയാളുടെ അപാരമായ യുക്തിയേയും ബുദ്ധിയേയും ഒരിക്കലും ചോദ്യം ചെയ്യാനിടം കൊടുത്തില്ല. 1988ല്‍ ഹോളണ്ട് ക്രൈഫിയന്‍ ശൈലിക്കാരായ ഗുള്ളിറ്റ് - വാന്‍ബാസ്റ്റന്‍ - റൈക്കാര്‍ഡ് ത്രയത്തിന്റെ നേതൃത്വത്തില്‍ ആദ്യ യൂറോ കപ്പ് കരസ്ഥമാക്കിയതോടെയാണ് ഹോളണ്ടുകാര്‍ ക്രൈഫിനെ അംഗീകരിച്ചു തുടങ്ങിയത്.

ഫുട്‌ബോളില്‍ എന്നും ഉപയോഗിക്കാവുന്ന യുക്തികളാണ് ക്രൈഫ് മുന്നോട്ടു വെച്ചിരുന്നത്. ഒരിക്കലും നേരെ പാസ് കൊടുക്കരുത് എന്നയാള്‍ പറഞ്ഞു. കാരണം അത് എതിര്‍ടീം കളിക്കാരന്‍ തട്ടിയെടുത്താല്‍ ഒരേ സമയം രണ്ടു കളിക്കാരെ പിന്നിലാക്കുമെന്നായിരുന്നു ന്യായം. അതുപോലെ സഹകളിക്കാരന്റെ കാലിലേക്കു പാസ് കൊടുക്കുന്നതിനെയും ക്രൈഫ് എതിര്‍ത്തു. ഒന്ന രണ്ടു മീറ്റര്‍ മുന്നില്‍ കൊടുക്കണമെന്നും അതെടുക്കാന്‍ കളിക്കാരന്‍ ഓടുമ്പോള്‍തന്നെ കളിയുടെ വേഗത കൂടിക്കോളുമെന്നുമായിരുന്നു വാദം. തൊട്ടതെല്ലാം പിഴച്ച് ആത്മവിശ്വാസം നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ അടുത്തു നില്‍ക്കുന്ന സഹകളിക്കാരനു തുടര്‍ച്ചയായി പാസ് കൊടുത്തും വാങ്ങിയും താളം വീണ്ടെടുക്കാനും ക്രൈഫ് ഉപദേശിച്ചു. ലോകത്തിലെ എല്ലാറ്റിനെക്കുറിച്ചും അയാള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. താന്‍ ആദ്യമായി ചെന്നിറങ്ങുന്ന നഗരങ്ങളില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വഴി പറഞ്ഞുകൊടുക്കാന്‍ വരെ അയാള്‍ക്ക് കൂസലുണ്ടായിരുന്നില്ല.

അമ്പതു വയസു തികഞ്ഞപ്പോള്‍ ഹോളണ്ടിലെ മാധ്യമങ്ങള്‍ ക്രൈഫിനെപ്പറ്റി ധാരാളമായി എഴുതിത്തുടങ്ങി. അയാള്‍ ശരിക്കും ഒരു ദേശീയ ഹീറോ ആയിത്തുടങ്ങുന്നതു അതിനു ശേഷം മാത്രമായിരുന്നു. പക്ഷേ പിന്നെയും തന്‌റെ നീളമേറിയ നാക്കും അധികാര പ്രമത്തതതയും കൊണ്ടു പലസ്ഥലങ്ങളിലും തള്ളിക്കയറാന്‍ ശ്രമിക്കുകയും പിന്തള്ളപ്പെടുകയും ചെയ്തു. 2016 ല്‍ മരിക്കുമ്പോള്‍ അയാളെത്രമാത്രം സ്‌നേഹിക്കപ്പെട്ടിരുന്നുവെന്ന് ഉറപ്പിക്കാന്‍ വയ്യ. പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ കൂട്ടത്തില്‍, ലോകത്തിലെ ഏറ്റവും മികച്ച കോച്ചുമാരുടെ കൂട്ടത്തില്‍, ലോകത്തില്‍ ഫുട്‌ബോളിനെ മാറ്റിമറിച്ചവരില്‍ ഏറ്റവും വലിയ സംഭാവന ചെയ്തയാളായി ക്രൈഫ് ബാക്കി നില്‍ക്കും. അയാളുടെ ഹൃദയസ്പര്‍ശമേറ്റ ടോട്ടല്‍ ഫുട്‌ബോളിന്റെ വേരുകള്‍ പല രൂപത്തില്‍ വളരുകയും പുഷ്പിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...