ജയ്പൂര്‍: ചെന്നൈ രാജസ്ഥാന് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് ഗ്രൗണ്ടില്‍ പ്രവേശിച്ചതിനെതിരെ രാജസ്ഥാന് താരം ബട്ലര്. നോബോള്‍ വിവാദത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ധോണിയുടെ നടപടി ശരിയായില്ലെന്ന് ബട്ലര് പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ താന്‍ ബൗണ്ടറി ലൈനിനടുത്തായിരുന്നെന്നും എന്താണ് സംഭവിച്ചതെന്നും എനിക്കുറപ്പില്ലെന്നുമാണ് നോബോളിനെക്കുറച്ച് ബട്ലറുടെ പ്രതികരണം.
'ഐപിഎല്ലിനിടെയുള്ള മാനസിക സമ്മര്‍ദം വളരെ വലുതാണ്. ഓരോ റണ്‍സും അത്രയേറെ പ്രധാനപ്പെട്ടതും. അത് മത്സരത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം തന്നെയായിരുന്നു. എന്നിരുന്നാലും ആ സമയത്ത് മൈതാനത്തേക്ക് കടന്നത് ശരിയാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നാണ് പറയാനുള്ളത്' ബട്ലര് പറഞ്ഞു.
Also Read: 'വിരട്ടലും വിലപേശലും ഇവിടെവേണ്ട' ഗ്രൗണ്ടിലിറങ്ങി അംപയറുമായി തര്‍ക്കിച്ച ധോണിക്കെതിരെ ഇതിഹാസങ്ങള്‍
ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ ഇന്നിങ്സിന്റെ അസാന ഓവറിലായിരുന്നു വിവാദസംഭവം അരങ്ങേറിയത്. ചെന്നൈ ഇന്നിങ്സിലെ അവസാന ഓവറില്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ധോണി പുറത്തായതിനു പിന്നാലെ രവീന്ദ്ര ജഡേജയും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ധോണിക്കു പകരമെത്തിയ മിച്ചല്‍ സാന്റ്നറും നില്‍ക്കവെയായിരുന്നു നോബോള്‍ വിവാദം അരങ്ങേറുന്നത്. ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടത് മൂന്നു പന്തില്‍ എട്ടു റണ്‍സായിരുന്നു ഈ സമയം വേണ്ടത്.
ഓവറിലെ നാലാം പന്ത് ബെന്‍ സ്റ്റോക്സ് എറിഞ്ഞതിനു പിന്നാലെ അംപയര്‍ ഉല്ലാസ് ഗാന്ധെ നോബോള്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ലെഗ് അംപയറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഉടന്‍ ഈ തീരുമാനം മാറ്റുകയും ചെയ്തു. ഈ പന്തില്‍ ചെന്നൈ താരങ്ങള്‍ ഡബിള്‍ ഓടിയെടുത്തു. ആദ്യം നോബോളെന്ന് വിളിച്ച തീരുമാനം തിരുത്തിയ അംപയറുടെ നടപടിക്കെതിരെ ക്രീസില്‍നിന്ന രവീന്ദ്ര ജഡേജ തര്‍ക്കിച്ചു. നോബോള്‍ തീരുമാനത്തില്‍ അംപയര്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ ചെന്നൈയുടെ വിജയലക്ഷ്യം മൂന്നു പന്തില്‍ അഞ്ചു റണ്‍സായി കുറയുമായിരുന്നു. മാത്രമല്ല, ഒരു ഫ്രീഹിറ്റും ലഭിക്കുമായിരുന്നു.
Also Read: മൈതാനത്തിറങ്ങി അംപയർമാരോട് തർക്കിച്ചതിന് ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ; 'ക്യാപ്റ്റൻ കൂളിന്' ലഭിച്ചത് ചെറിയ ശിക്ഷ
ജഡേജ പ്രതിഷേധിച്ചതോടെ ഉല്ലാസ് ഗാന്ധെയും ലെഗ് അംപയര്‍ ഓക്സെന്‍ഫോര്‍ഡും കൂടിയാലോചിച്ചു. പന്ത് നോബോളല്ലെന്ന തീരുമാനത്തില്‍ ഇരുവരും ഉറച്ചുനിന്നു. ഇതോടെ ക്ഷുഭിതനായ ധോണി മൈതാനത്തേക്ക് എത്തി. അംപയര്‍ ആദ്യം വിളിച്ച സാഹചര്യത്തില്‍ നോബോള്‍ നല്‍കണമെന്നായിരുന്നു ആവശ്യം. പക്ഷേ അംപയര്‍ അനുവദിച്ചില്ല. കുറച്ചുനേരം അംപയറിനു നേരെ കൈചൂണ്ടി സംസാരിച്ചെങ്കിലും തീരുമാനം മാറില്ലെന്ന് വ്യക്തമായതോടെ ധോണി മടങ്ങുകയായരുന്നു. സംഭവത്തില്‍ ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴശിക്ഷ വിധിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.