2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്സറും, ബാറ്റ് ചുഴറ്റലും എനിക്കെന്നും പ്രിയപ്പെട്ടതാണ്: ജോസ് ബട്ട്ലര്‍
2011 ലോകകപ്പ് ഫൈനലിലെ ധോണിയുടെ സിക്സറും, ബാറ്റ് ചുഴറ്റലും എനിക്കെന്നും പ്രിയപ്പെട്ടതാണ്: ജോസ് ബട്ട്ലര്‍
ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം എടുത്ത് വിരാട് കോഹ്ലിക്ക് ശേഷം നാലാമനായി ഇറങ്ങിയ ധോണിയുടെ അവിസ്മരണീയമായ ഇന്നിങ്സിനാണ് വാങ്കഡെ സ്റ്റേഡിയം അന്ന് സാക്ഷിയായത്
ആധുനിക ക്രിക്കറ്റില്‍ മികച്ച ആരാധക പിന്തുണയുള്ള ഒരു തകര്‍പ്പന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലര്‍. ഇംഗ്ലണ്ട് ടീമിന്റെ മധ്യനിര താരവും വിക്കറ്റ് കീപ്പറും കൂടിയായ ബട്ട്ലര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രകടനങ്ങളിലൂടെയാണ് ആരാധകരുടെ മനസ്സില്‍ കയറിക്കൂടുന്നത്. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധകന് കൂടിയാണ് ബട്ട്ലര്‍. ഐ പി എല്ലില്‍ മലയാളി താരം സഞ്ജു സാംസണ് രാജസ്ഥാന് റോയല്‍സിന്റെ നായക സ്ഥാനത്ത് എത്തിയതോടെ രാജസ്ഥാന് ടീമംഗമായ താരം മലയാളികള്‍ക്കും പ്രിയങ്കരനായി. ഇത്തവണത്തെ ഐ പി എല്‍ പാതിവഴിയില്‍ നിന്നെങ്കിലും മൂന്ന് തകര്‍പ്പന്‍ സെഞ്ച്വറികള്‍ ടൂര്‍ണമെന്റില്‍ പിറന്നിരുന്നു. അതില്‍ രണ്ടെണ്ണം രാജസ്ഥാന് താരങ്ങളായ സഞ്ജുവിന്റെയും ജോസ് ബട്ട്ലറുടെയും പേരിലായിരുന്നു.
ധോണിയാണ് തന്റെ റോള്‍ മോഡലെന്ന് ഒരുപാട് തവണ ബട്ട്ലര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ധോണിയെ പ്രശംസിച്ചു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബട്ട്ലര്‍. '2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയ റണ്‍ കുറിച്ച ആ ഹെലികോപ്ടര്‍ ഷോട്ട് സിക്സറിനെയാണ് ബട്ട്ലര്‍ ഇപ്പോള്‍ ഓര്‍മപ്പെടുത്തിയിരിക്കുന്നത്. 'ലോകകിരീടം നേടിക്കൊടുത്ത ആ സിക്സ് എനിക്കേറെ പ്രിയപ്പെട്ടതാണ്. അതുകഴിഞ്ഞുള്ള അദ്ദേഹത്തിന്റെ ആ ബാറ്റ് ചുഴറ്റലും. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കും അത്. ധോണിയുടെ കാര്യത്തില്‍ എനിക്ക് ഇപ്പോഴും ജിജ്ഞാസയുണര്‍ത്തുന്ന കാര്യമാണത്. അദ്ദേഹം എന്തായിരിക്കും ചിന്തിക്കുന്നത്, എന്തുകൊണ്ടാണ് കളിയുടെ വികാരവിക്ഷോഭങ്ങള്ക്കൊന്നും പിടികൊടുക്കാത്തതെന്നെല്ലാം ചിന്തിക്കാന്‍ ശ്രമിക്കുന്നതു തന്നെ രസകരമാണ്. താന്‍ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവരെക്കൊണ്ട് ആലോചിപ്പിക്കുകയാണ് അദ്ദേഹം എപ്പോഴും ചെയ്യുന്നത്. ധോണി കാര്യങ്ങള്‍ ചെയ്യുന്ന രീതി എനിക്കിഷ്ടമാണ്. ഒരു തീരുമാനമെടുത്താല്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ച് അദ്ദേഹം തലപുണ്ണാക്കുന്നത് അധികം കാണാനാകില്ല'- ബട്ട്ലര്‍ വാചാലനായി.
തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഹൂര്‍ത്തം തന്നെയാണ് 2011ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍. ക്രിക്കറ്റിനെ ഒരു മതവും സച്ചിനെ ദൈവവുമായി കണ്ടു വന്നിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ന് മുംബൈയിലെ വാങ്കടെ സ്റ്റേഡിയത്തില്‍ വിരമമായത്. ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം എടുത്ത് വിരാട് കോഹ്ലിക്ക് ശേഷം നാലാമനായി ഇറങ്ങിയ ധോണിയുടെ അവിസ്മരണീയമായ ഇന്നിങ്സിനാണ് വാങ്കഡെ സ്റ്റേഡിയം അന്ന് സാക്ഷിയായത്. പത്തു പന്തുകള്‍ ശേഷിക്കെ നുവാന്‍ കുലശേഖരയുടെ പന്ത് ഹെലിക്കോപ്ടര്‍ ഷോട്ട് പായിച്ച് ധോണി ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തു. ''ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍, ഇന്ത്യ ലിഫ്റ്റഡ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 യിയേഴ്സ്,'' എന്നിങ്ങനെയായിരുന്നു കമെന്ററിയില്‍ രാവിശാസ്ത്രിയുടെ വാക്കുകള്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.