ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന് ലോക ചെസ് ഒളിമ്പ്യാഡില്‍ മത്സരിക്കാനെത്തിയ താരങ്ങള്‍ക്കിടയില്‍ ഒരു മുത്തശ്ശിയുമുണ്ട്. മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെല്‍ അരിയാസ് എന്ന എഴുപത്തിയാറുകാരിയാണ് 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം ചെന്ന താരം. മുന്‍കാലങ്ങളില്‍ ഫ്രാന്‍സിനും അര്‍ജന്റീനയ്ക്കും വേണ്ടി ഒളിമ്പ്യാഡില്‍ മത്സരിച്ച ഈ വുമണ്‍ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഇപ്പോള്‍ മൊണോക്കോയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്.
നാലുതവണ അര്‍ജന്റീന വനിതാ ദേശീയ ചെസ് ചാമ്പ്യനായിരുന്ന ജൂലിയ ലെബെല്‍ മൂന്നു തവണ ഫ്രഞ്ച് വനിതാ ദേശീയ ചാമ്പ്യന്‍ഷിപ്പും നേടിയിട്ടുണ്ട്. ലോകചാമ്പ്യന്‍ഷിപ്പിന്റെ സുപ്രധാന ഘട്ടമായ ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ 2 തവണ മത്സരിച്ചു. 76കാരിയായ ജൂലിയ ലെബെല്‍ അരിയാസിന്റെ പതിനെട്ടാം ചെസ് ഒളിമ്പ്യാഡാണിത്. തന്റെ കരിയറിലെ 107-ാം ഗെയിമിനാണ് ജൂലിയ ഇക്കുറി ഇറങ്ങുന്നത്.
ആരോഗ്യപ്രശ്നങ്ങളാല്‍ ചില ഒളിമ്പ്യാഡുകളില്‍ പങ്കെടുക്കാന്‍ ജൂലിയയ്ക്ക് സാധിച്ചില്ല. ഒളിമ്പ്യാഡ് വേദിയില്‍നിന്ന് താമസിക്കുന്ന ഹോട്ടലിലേക്കുള്ള ദൂരം ചെറിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാരുടെ ഊഷ്മളതയിലും ആതിഥ്യമര്യാദയിലും അതിസന്തുഷ്ടയാണ് ഈ ചെസ് മുത്തശ്ശി.
കോമണ്‍വെല്‍ത്ത് ഗെയിംസ്; ലോണ്‍ ബൗള്‍സില്‍ ചരിത്ര സ്വര്‍ണ്ണം നേടി ഇന്ത്യന്‍ വനിതകള്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്ര വിജയം നേടി ഇന്ത്യന്‍ വനിതാ ലോണ്‍ ബൗള്‍സ് ടീം. ചൊവ്വാഴ്ച നടന്ന ഫോര്‍സ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ലോണ്‍ ബോള്‍ ടീമിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. ബര്‍മിങ്ങാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ നാലാമത്തെ സ്വര്‍ണമാണിത്.
17-10 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ വനിതാ സംഘത്തിന്റെ ജയം. ലവ്ലി ചൗബെ, നയന്‍മോനി സൈക്കിയ, രൂപ റാണി ടിര്‍കി, പിങ്കി എന്നിവരാണ് ഇന്ത്യയ്ക്ക് ചരിത്രമെഡല്‍ സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി.നാല് സ്വർണം, മൂന്നു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.