• HOME
  • »
  • NEWS
  • »
  • sports
  • »
  • ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ യുവന്‍റസിന് കടമ്പകളേറെ; സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പോരാട്ടം കടുപ്പം

ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ യുവന്‍റസിന് കടമ്പകളേറെ; സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പോരാട്ടം കടുപ്പം

ഇറ്റലിയിലെ ആഭ്യന്തര ലീഗായ സീരി എ കുത്തകയായി വച്ചിരുന്ന ടീമാണ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാകുമോ എന്ന തരത്തിൽ നിൽക്കുന്നത്.

Ronaldo

Ronaldo

  • Share this:
    ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ ഒരു ചാമ്പ്യൻസ് ലീഗ് സീസൺ? താരത്തിൻ്റെ ടീമായ യുവന്റസ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുമോ? ഈ രണ്ട് ചോദ്യങ്ങൾക്ക് കുറച്ച് ദിവസങ്ങളായി ഫുട്ബോൾ ലോകം ഒന്നടങ്കം ഉത്തരം തേടുകയാണ്.

    ഇറ്റലിയിലെ ആഭ്യന്തര ലീഗായ സീരി എ കുത്തകയായി വച്ചിരുന്ന ടീമാണ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാകുമോ എന്ന തരത്തിൽ നിൽക്കുന്നത്. ഇറ്റാലിയൻ ലീഗിൽ തുടർച്ചയായി ഒമ്പത് തവണ കിരീടങ്ങൾ സ്വന്തമാക്കിയ യുവന്റസിന് ഈ സീസണിൽ കാര്യമായി ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. സൂപ്പർ താരമായ റൊണാൾഡോയടക്കം ഒരു പറ്റം മികച്ച താരങ്ങളുള്ള ടീമായിട്ടും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാകുമോ ഇല്ലയോ എന്നറിയാൻ ലീഗിൽ തങ്ങളുടെ അവസാന മത്സരത്തിലേയും ബാക്കിയുള്ള ടീമുകളുടേയും ഫലത്തിനായി കാത്തിരിക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇക്കുറി അവർ നേരിടുന്നത്.

    യുവന്റസിന്റെ സൂപ്പർ താരമായ റൊണാൾഡോയുടെ കാര്യം അതിലും കഷ്ടമാണ്. 2002-03 സീസണിൽ സ്പോർട്ടിംഗ് ലിസ്ബണിനൊപ്പം തൻ്റെ ആദ്യ ചാമ്പ്യൻസ് ലീഗിൽ കളിച്ച റോണോ കഴിഞ്ഞ 17 വർഷങ്ങളായി വിവിധ രാജ്യങ്ങളിലായി കളിച്ചപ്പോൾ എല്ലാക്കൊല്ലവും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയിരുന്നു. എല്ലാ ലീഗുകളിലും ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തിരുന്ന ഒരു ടീം റോണോയുടേത് ആയിരുന്നു. സ്പോർട്ടിങ് ലിസ്ബണിന് ശേഷം താരം കളിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിലും, റയൽ മാഡ്രിഡിലും, ഇപ്പോൾ കളിക്കുന്ന യുവന്റസിലും കഴിഞ്ഞ സീസൺ വരെ ഇതേ രീതി ആയിരുന്നു. അടുത്ത സീസണിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ റോണോയുടെ കരിയറിൽ അത് വലിയ തിരിച്ചടിയാകും.

    നിലവിൽ സീരി എ ജേതാക്കളായ ഇന്റർ മിലാൻ, അറ്റ്ലാന്റ എന്നീ രണ്ട് ടീമുകളാണ് ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന‌ ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗിലേക്ക് പ്രവേശനം എന്നതിനാൽ രണ്ട് ടീമുകൾക്ക് കൂടി സീരി എയിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കാനാവും. ഈ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കാൻ മൂന്ന് ശക്തരായ ടീമുകളാണ് പോരടിക്കുന്നത്. യുവൻ്റസിനെ കൂടാതെ നാപ്പോളി, എസി മിലാൻ എന്നിവയാണ് ബാക്കിയുള്ള രണ്ട് ടീമുകൾ.

    Also Read- ഗോൾവല കാത്ത് മധ്യനിര താരം, കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ റിവർപ്ളേറ്റിന് അവിസ്‌മരണീയ വിജയം

    അവസാന ഘട്ടത്തിലേക്ക് കടന്ന ലീഗിൽ മൂന്ന് ടീമുകൾക്കും ഒരേയൊരു മത്സരമാണ് അവശേഷിക്കുന്നത്. ലീഗിലെ പോയിന്റ് പട്ടിക പ്രകാരം എസി മിലാൻ 76 പോയിന്റോടെ മൂന്നാമതും, അത്ര തന്നെ പോയിന്റുള്ള നാപ്പോളി നാലാമതും, 75 പോയിന്റുമായി യുവൻ്റസ് അഞ്ചാമതുമാണ്. ഇതിൽ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് തുല്യ പോയിന്റാണെങ്കിലും നേർക്കുനേർ പോരാട്ടക്കണക്കിലെ മുൻതൂക്കമാണ് മിലാന് മൂന്നാം സ്ഥാനം കിട്ടാൻ കാരണം.

    ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ നിർണായകമായ മത്സരത്തിന് ഇറങ്ങുന്ന ഈ മൂന്ന് ടീമുകളും ഒരേ സമയത്താണ് മത്സരങ്ങൾക്ക് ഇറങ്ങുക എന്നത് ഇതിൻ്റെ ആവേശം കൂട്ടുന്നു. ഈ മാസം 24ന് ഇന്ത്യൻ സമയം പുലർച്ചെ 12.15 നാണ് മൂന്ന് മത്സരങ്ങളും നടക്കുക. ഒരേ സമയമായതിനാൽ മൂന്ന് ടീമുകൾക്കും മറ്റു രണ്ട് ടീമുകളുടെ മത്സരഫലങ്ങൾ നോക്കി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യതകൾ തീർച്ചയാക്കാൻ കഴിയില്ല‌.

    പോയിന്റ് പട്ടികയിൽ 11ആം സ്ഥാനത്ത് നിൽക്കുന്ന ബോലോഗ്നയാണ് അവസാന മത്സരത്തിൽ യുവന്റസിന്റെ എതിരാളികൾ. നാപ്പോളി 10ആം സ്ഥാനക്കാരായ വെറോണയേയും നേരിടുമ്പോൾ, എസി മിലാൻ മത്സരം അല്പം കടുപ്പമാണ് ലീഗിൽ രണ്ടാം സ്ഥാനക്കാരായ അറ്റ്ലാന്റയാണ് മിലാൻ്റെ എതിരാളികൾ.

    കണക്കുകളുടെ കളിയിൽ യുവന്റസിന് ആദ്യ നാല് സ്ഥാനക്കാരിലൊരാളായി അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടണമെങ്കിൽ ബോലോഗ്നക്കെതിരായ അവസാന മത്സരം ജയിക്കുന്നതിനൊപ്പം, മിലാൻ, നാപ്പോളി എന്നിവയിൽ ഒരു ടീമിൻ്റെ മത്സരഫലം യുവേക്ക് അനുകൂലമാവണം. മറിച്ച് സംഭവിക്കുകയാണെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും യുവന്റസും ഇല്ലാത്ത ചാമ്പ്യൻസ് ലീഗാവും അടുത്ത തവണ നടക്കുക.

    സീരി എ മത്സരങ്ങൾ സോണി സ്പോർട്സ് ചാനലുകളിൽ തൽസമയ സംപ്രേഷണം ഉണ്ടാകും. സോണി ലിവിൽ ഓൺലൈൻ സ്ട്രീമിംഗും ഉണ്ടാകും.

    Summary- Juve's Champions league hopes still on the fence; very distant chances for Cristiano Ronaldo's side to qualify for Europe's elite competition
    Published by:Anuraj GR
    First published: