ആന്ദ്രെ പിര്‍ലോയെ കോച്ചായി നിലനിര്‍ത്താന്‍ യുവന്റസിന്റെ തീരുമാനം
ആന്ദ്രെ പിര്‍ലോയെ കോച്ചായി നിലനിര്‍ത്താന്‍ യുവന്റസിന്റെ തീരുമാനം
പിര്‍ലോയെ പുറത്താക്കി പകരം ഇഗുര്‍ ടുഡോറിനെ തങ്ങളുടെ താല്‍ക്കാലിക പരിശീലകനായി യുവന്റസ് നിയമിക്കുമെന്ന തരത്തില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമായി
ഇറ്റലിയിലെ വമ്പന്മാരായ യുവന്റസിന് ഈ സീസണ് നിരാശകള്‍ മാത്രമാണ് സമ്മാനിച്ചിട്ടുളളത്. സീരി എയില്‍ തുടരെ ഒമ്പത് തവണ കിരീടം നേടിയ നിലവിലെ ചാമ്പ്യന്മാര് കൂടിയായ യുവന്റസിന് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞ സീരി എ മത്സരത്തില്‍ എസി മിലാനോട് സംഭവിച്ച കനത്ത പരാജയമാണ് യുവന്റസിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതകള്‍ക്ക് കനത്ത തിരിച്ചടിയായത്.
ഈ മത്സരത്തില്‍ യുവന്റസ് പരാജയപ്പെട്ടതിന് പിന്നാലെ ക്ലബ്ബിന്റെ കടുത്ത ആരാധകര്‍ അടക്കമുള്ളവര്‍ പരിശീലകനായ ആന്ദ്രെ പിര്ലോക്കെതിരെ രംഗത്തെത്തിയിരുന്നു. പിര്‍ലോയെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഈ സീസണ് അവസാനിക്കുന്നത് വരെ പിര്‍ലോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കില്ല എന്നാണ് യുവന്റസ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.
യുവന്റസ് ഇക്കുറി മോശം ഫോമിലാണെങ്കിലും പിര്‍ലോയില്‍ ഇപ്പോളും ക്ലബ്ബിന് വിശ്വാസമുണ്ടെന്നും, അദ്ദേഹം ഈ സീസണ് അവസാനം വരെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ക്ലബ്ബുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ തങ്ങളോട് വ്യക്തമാക്കിയതായും ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിര്‍ലോയെ പുറത്താക്കി പകരം ഇഗുര്‍ ടുഡോറിനെ തങ്ങളുടെ താല്‍ക്കാലിക പരിശീലകനായി യുവന്റസ് നിയമിക്കുമെന്ന തരത്തില്‍ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമായി.
അതേ സമയം കഴിഞ്ഞ സീസണില്‍ യുവന്റസിന്റെ പരിശീലകനായി ചുമതലയേറ്റ പിര്‍ലോക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ക്ലബ്ബിന്റെ പ്രകടനങ്ങള്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഇക്കുറി വളരെ നേരത്തെ പുറത്തായ ടീം നിലവില്‍ സീരി എ യില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. സീരി എയിലെ ശേഷിക്കുന്ന 3 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും, പോയിന്റ് പട്ടികയില്‍ തങ്ങള്‍ക്ക് മുന്നിലുള്ള ടീമുകള്‍ പോയിന്റുകള്‍ നഷ്ടപ്പെടുത്തിയാലും മാത്രമേ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാന്‍ യുവന്റസിന് കഴിയൂ.
നിലവില്‍ 35 മല്‍സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് യുവന്റസിനുള്ളത്. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടണമെങ്കില്‍ ലീഗില്‍ നാലാം സ്ഥാനത്ത് എത്തണം. നിലവില്‍ നാലാമതുള്ള നാപ്പോളിക്ക് 70 പോയിന്റാണുള്ളത്. അത് കൊണ്ട് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ യുവന്റസ് ജയിക്കുകയും നാപ്പോളി തോല്‍ക്കുകയും കൂടി ചെയ്താലേ അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് പ്രവേശനം സാധ്യമാവുകയുള്ളൂ. നേരത്തെ, യുവെയുടെ ഒമ്പത് വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച് സീരി എ കിരീടം ഇന്റര്‍ മിലാന് കഴിഞ്ഞയാഴ്ച സ്വന്തമാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.