• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

Tokyo Olympics | ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്.

കമല്‍പ്രീത് കൗര്‍

കമല്‍പ്രീത് കൗര്‍

  • Share this:
    ഒളിമ്പിക്സ് അത്ലറ്റിക്സില്‍ രാജ്യത്തിന് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. നേരിട്ടുള്ള യോഗ്യത മാര്‍ക്ക് കമല്‍പ്രീത് കൗര്‍ നേടിയത് തന്റെ അവസാന ശ്രമത്തിലായിരുന്നു. ഇതോടെ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. അമേരിക്കയുടെ വലേറി ഓള്‍മാന്‍ ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞിരുന്നു.

    കമല്‍പ്രീത് കൗര്‍ ഡിസ്‌കസ് ത്രോ ഫൈനലിലേക്ക് ഏറ്റവും മികച്ച 12 പേരിലൊരാളായി കടക്കുമെന്ന നിലയിലാണ്. ഗ്രൂപ്പ് ബിയില്‍ ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും ആണ് താരം എറിഞ്ഞത്. അതേ സമയം ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ സീമ പൂനിയയ്ക്ക് യോഗ്യതയില്ല. 60.57 മീറ്ററാണ് സീമ എറിഞ്ഞത്. ബോക്സിങ്ങിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയര്‍ത്തി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

    അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു. ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോല്‍വി. സ്‌കോര്‍ 46. ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലെത്തി. ഇതില്‍ ജപ്പാന്‍ താരത്തിനായിരുന്നു ജയം.

    ഹോക്കിയില്‍ ജപ്പാനെതിരേ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ; ആവേശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ജയം 5-3ന്

    പുരുഷ ഹോക്കിയില്‍ ജയം തുടര്‍ന്ന് ഇന്ത്യ. പൂള്‍ എയിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സംഘം തകര്‍ത്തുവിട്ടത്. പൂളില്‍ ആറ് മത്സരങ്ങളില്‍ നാല് ജയങ്ങള്‍ നേടിയ ഇന്ത്യ രണ്ടാം സ്ഥാനം നേടി. ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ മത്സരഫലം ഇന്ത്യക്ക് നിര്‍ണായകമല്ലായിരുന്നു. പക്ഷെ ജയം ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ സംഘം ജപ്പാനെ ഗോള്‍മഴയില്‍ മുക്കുന്ന കാഴ്ചയാണ് കണ്ടത്. വിട്ടുകൊടുക്കാതെ ജപ്പാനും പോരാടിയപ്പോള്‍ ആവേശകരമായ മത്സരത്തിനാണ് വഴി ഒരുങ്ങിയത്. ഇന്ത്യക്കായി ഗുര്‍ജന്ത് സിങ്ങ് ഇരട്ട ഗോള്‍ നേടി. ഹര്‍മന്‍പ്രീത് സിങ്ങും നിലാകാന്ത ശര്‍മയും ഷംസേര്‍ സിങ്ങുമാണ് മറ്റു ഗോള്‍ സ്‌കോറര്‍മാര്‍.

    വനിതാ ഹോക്കിയില്‍ ആശ്വാസ ജയം, നേരീയ പ്രതീക്ഷ

    തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവുമായി ഇന്ത്യന്‍ വനിതകള്‍. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റിലെ ആദ്യ ജയം കുറിച്ചത്. മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ നവ്നീത് കൗര്‍ നേടിയ ഗോളിലായിരുന്നു ഇന്ത്യ ജയം ഉറപ്പിച്ചത്.
    Published by:Sarath Mohanan
    First published: