ഇന്ത്യൻ ബോൾട്ടിനെ പിന്നിലാക്കി; കാളയോട്ടത്തിൽ പുതിയ റെക്കോർഡിട്ട് നിഷാന്ത് ഷെട്ടി

നേരത്തെ 9.55 സെക്കൻഡിൽ ഓടിയെത്തിയാണ് ശ്രീനിവാസ ഗൗഡ വാർത്തകളിൽ ഇടം നേടിയതെങ്കിൽ നിഷാന്ത് ഷെട്ടി ഓടിയെത്തിയത് 9.51 സെക്കൻഡിലാണ്.

News18 Malayalam | news18-malayalam
Updated: February 18, 2020, 6:38 PM IST
ഇന്ത്യൻ ബോൾട്ടിനെ പിന്നിലാക്കി; കാളയോട്ടത്തിൽ പുതിയ റെക്കോർഡിട്ട് നിഷാന്ത് ഷെട്ടി
nishanth shetty
  • Share this:
ബെംഗളൂരു: കാളയോട്ടത്തിൽ വീണ്ടും റെക്കോർഡ്. ഇന്ത്യൻ ബോൾട്ട് എന്ന പേരിൽ മാധ്യമങ്ങളിൽ ഉൾപ്പടെ താരമായി നിന്ന ശ്രീനിവാസ ഗൗഡയെ പിന്നിലാക്കി, നിഷാന്ത് ഷെട്ടിയാണ് പുതിയ റെക്കോർഡിട്ടത്. കർണാടക ഉഡുപ്പിക്ക് സമീപം ബജഗോലി സ്വദേശിയാണ് നിഷാന്ത് ഷെട്ടി. നേരത്തെ 9.55 സെക്കൻഡിൽ ഓടിയെത്തിയാണ് ശ്രീനിവാസ ഗൗഡ വാർത്തകളിൽ ഇടം നേടിയതെങ്കിൽ നിഷാന്ത് ഷെട്ടി ഓടിയെത്തിയത് 9.51 സെക്കൻഡിലാണ്.

ഞായറാഴ്ച നടന്ന കമ്പള ഓട്ട മത്സരത്തിലാണ് നിഷാന്ത് ഷെട്ടി, ശ്രീനിവാസ ഗൗഡയെയും പിന്നിലാക്കി ഓടിയെത്തിയത്. 143 മീറ്റർ ദൂരം നിഷാന്ത് ഷെട്ടി താണ്ടിയെത്തിയത് 13.68 സെക്കൻഡിലാണ്. സൂര്യ ചന്ദ്ര ഡോഡുകരെ കമ്പള മത്സരത്തിലാണ് ശ്രീനിവാസയെ നിഷാന്ത് തോൽപ്പിച്ചത്.

ഉസൈൻ ബോൾട്ട് ട്രാക്കിൽ സൃഷ്ടിച്ച റെക്കോർഡ് പാടത്ത് ശ്രീനിവാസ ഗൗഡ തകർത്തത് വാർത്തയായിരുന്നു. ഇതേത്തുടർന്ന് ശ്രീനിവാസയെ ട്രയൽസിനായി സായി ക്ഷണിക്കുകയും ചെയ്തു. ആദ്യം ഈ ക്ഷണം അദ്ദേഹം നിരസിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം അത് സ്വീകരിക്കുകയായിരുന്നു. കമ്പള സീസൺ കഴിഞ്ഞ ശേഷം ട്രയൽസിൽ പങ്കെടുക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അതിനിടെ കർണാടക മുഖ്യമന്ത്രി ശ്രീനിവാസ ഗൗഡയ്ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം നൽകി അഭിനന്ദിച്ചിരുന്നു.


“ലോകതാരങ്ങൾക്കൊപ്പം മാറ്റുരച്ചാണ് ട്രാക്കിൽ ഉസൈൻ ബോൾട്ട് വിജയിച്ചത്. എനിക്ക് പാടങ്ങളിൽ ഓടാൻ മാത്രമേ കഴിയൂ. രണ്ടും താരതമ്യപ്പെടുത്താനാവില്ല. അതൊരു ട്രാക്ക് ഇവന്റാണ്"- സി‌എൻ‌എൻ‌-ന്യൂസ് 18 നോട് ഗൗഡ പറഞ്ഞു.

"എനിക്ക് ഒരു മാസത്തേക്ക് നേരത്തെ ഏറ്റ ഉത്തരവാദിത്തങ്ങളുണ്ട്. അതിനാൽ, തൽക്കാലം സായിയുടെ ട്രയൽസിന് പങ്കെടുക്കാൻ കഴിയില്ല. കമ്പള സീസൺ കഴിഞ്ഞാൽ സായി ട്രയൽസിൽ പങ്കെടുക്കാൻ ഞാൻ ശ്രമിക്കും. എന്നാൽ എന്റെ ഉപദേഷ്ടാവാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്"- ഗൗഡ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു.

കർണാടകയിലെ പാടങ്ങളിൽ നടക്കുന്ന ഒരുതരം മൽസരമാണ് കമ്പള. എരുമകളുമായി നെൽവയലുകളിലൂടെ 142 മീറ്റർ ഓടണം. ഓട്ടത്തിനിടയിൽ, എരുമകളെ നിയന്ത്രണത്തിലാക്കാൻ ഒപ്പം ഓടുന്നവർ ശ്രമിക്കുന്നു, അവയുടെ നിയന്ത്രണം മുറുകെ പിടിച്ച് അടിക്കുകയും സമയത്ത് ഓടിയെത്തുകയുമാണ് അവരുടെ വെല്ലുവിളി.

പരമ്പരാഗതമായി, പ്രാദേശിക തുളു ഭൂവുടമകളും തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ നാട്ടുകാരുമാണ് ഈ മത്സരം സംഘടിപ്പിക്കാൻ മുൻകൈ എടുക്കുന്നത്.
First published: February 18, 2020, 6:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading