ആധുനിക ക്രിക്കറ്റിലെ മുന്‍ നിര ബാറ്റ്സ്മാന്മാരില് ഒരാളായി കണക്കാക്കപ്പെടുന്ന താരമാണ് ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്. ഇന്ത്യക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഐ സി സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഒന്നാം ഇന്നിങ്സിലൂടെ കെയ്ന്‍ വില്യംസണ് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ മെല്ലെപ്പോക്ക് ഇന്നിങ്സ് ആണ് ഇത്തവണ റെക്കോര്‍ഡിന് വഴിയൊരുക്കിയിരിക്കുന്നത്. മഴ മൂലം വൈകി തുടങ്ങിയ അഞ്ചാം ദിനത്തിലെ ആദ്യ സെഷനിലായിരുന്നു വില്യംസണിന്റെ ഒച്ചിഴയുന്ന വേഗത്തിലുള്ള ഇന്നിങ്സ്. ന്യൂസിലന്‍ഡ് ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ 11 റണ്‍സോടെയായിരുന്നു വില്യംസണ് ക്രീസില്‍ നിന്നത്. ഇത്രയും റണ്‍സെടുക്കാന്‍ അദ്ദേഹം നേരിട്ടത് 112 ബോളുകളായിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്സില്‍ ഒരു മുന്‍നിര ബാറ്റ്സ്മാന്റെ ഏറ്റവും മോശം റണ്‍റേറ്റിലായിരുന്നു (ഓവറില്‍ 0.26 റണ്‍സ്) വില്യംസണ് ബാറ്റ് ചെയ്തത്. ചുരുങ്ങിയത് 40 ബോളുകളെങ്കിലും നേരിട്ട ബാറ്റ്സ്മാന്മാരെ പരിഗണിച്ചപ്പോഴാണ് ന്യൂസിലന്‍ഡ് നായകന് മുന്നിലെത്തിയത്. ന്യൂസിലന്‍ഡിന്റെ തന്നെ മുന്‍ താരം ജിയോഫ് ആലട്ട് ആണ് ഈ ലിസ്റ്റില്‍ എക്കാലത്തെയും ഒന്നാമന്. 1999ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ 101 മിനിട്ട് ബാറ്റ് ചെയ്ത് 77 ബോളില്‍ നിന്ന് ഒരു റണ്‍സ് പോലും നേടാതെയാണ് താരം പുറത്തായത്. എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു തുടങ്ങിയപ്പോള്‍ വില്യംസണ് കളിയുടെ വേഗം കൂട്ടാന്‍ തുടങ്ങി. 177 ബോളില്‍ ആറു ബൗണ്ടറികളോടെ 49 റണ്‍സെടുത്താണ് വില്ല്യംസണ് മടങ്ങിയത്.
54 റണ്‍സ് നേടിയ ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേയാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്കോറര്‍. വില്യംസണിന്റെ പ്രതിരോധത്തിലൂന്നിയ പ്രകടനം തന്നെയാണ് ടീമിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ന്യൂസിലന്‍ഡിന് ലീഡ് നേടിക്കൊടുത്തതിന് ശേഷമാണ് വില്യംസണിന്റെ വിക്കറ്റ് വീണത്. അര്‍ദ്ധസെഞ്ച്വറി നേടാന്‍ വെറും ഒരു റണ്‍ മാത്രം അകലെ ഇഷാന്ത് ശര്‍മ സ്ലിപ്പില്‍ വിരാട് കോഹ്ലിയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മറ്റൊരു റെക്കോര്‍ഡും അദ്ദേഹം പോക്കറ്റിലാക്കി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ന്യൂസിലന്‍ഡിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറി. 7172 റണ്‍സെടുത്ത മുന്‍ നായകന് സ്റ്റീഫന്‍ ഫ്ലെമിങിനെയാണ് വില്ല്യംസണ് പിന്നിലാക്കിയത്. 7517 റണ്‍സ് നേടിയ സഹതാരം റോസ് ടെയ്ലറാണ് ഇനി അദ്ദേഹത്തിനു മുന്നിലുള്ളത്.
വില്യംസണിന്റെ ഇന്നത്തെ ഇന്നിങ്സിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അര്‍ദ്ധ സെഞ്ച്വറിയില്ലാതെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മിനിട്ടുകള്‍ ബാറ്റ് ചെയ്ത രണ്ടാത്തെ ക്യാപ്റ്റനായിരിക്കുകയാണ് അദ്ദേഹം. 294 മിനിട്ടാണ് വില്യംസണ് ഇന്ന് ക്രീസില്‍ നിന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകന് ജിമ്മി ആഡംസാണ് ഈ ലിസ്റ്റിലെ ഒന്നാമന്. 2000ത്തില്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറിയില്ലാതെ 334 മിനിറ്റുകള്‍ ആഡംസ് ബാറ്റ് ചെയ്തിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.