നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Kapil Dev | 'ലോകകപ്പ് കിരീടം നേടിയ രാത്രി ഞങ്ങൾ ഉറങ്ങിയത് ഒഴിഞ്ഞ വയറുമായി'; വെളിപ്പെടുത്തലുമായി കപിൽ ദേവ്

    Kapil Dev | 'ലോകകപ്പ് കിരീടം നേടിയ രാത്രി ഞങ്ങൾ ഉറങ്ങിയത് ഒഴിഞ്ഞ വയറുമായി'; വെളിപ്പെടുത്തലുമായി കപിൽ ദേവ്

    വിൻഡീസിനെ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ വിജയം മതിമറന്ന് ആഘോഷിച്ചതായും രാത്രി വൈകുവോളം ഇതു തുടര്‍ന്നതായും കപില്‍ പറയുന്നു.

    ലോകകപ്പ് കിരീടവുമായി കപിൽ ദേവ്

    ലോകകപ്പ് കിരീടവുമായി കപിൽ ദേവ്

    • Share this:
      1983ലെ ഏകദിന ലോകകപ്പിലെ (1983 World Cup) ചരിത്ര വിജയവും അതിനെ ചുറ്റിപ്പറ്റിയുള്ള അവിസ്മരണീയമായ ഓർമകളും പങ്കുവച്ചിരിക്കുകയാണ് അന്ന് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ ഓൾ റൗണ്ടറുമായ കപിൽ ദേവ് (Kapil Dev). ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ കഥ പറയുന്ന '83' (83 Movie) എന്ന സിനിമ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ വേളയിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക പരിപാടിയിലാണ് കപിൽ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇംഗ്ലണ്ടില്‍ നടന്ന 83 ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം രാത്രിയില്‍ ഭക്ഷണം പോലും കിട്ടാതെയാണ് താനടക്കമുള്ള താരങ്ങൾ ഉറങ്ങിയതെന്നാണ് കപിൽ പറഞ്ഞത്.

      ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെയോ കായിക ചരിത്രത്തിലെയോ മാത്രമല്ല രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ സുവർണ നിമിഷങ്ങളിൽ ഒന്നായിരുന്നു 1983 ലോകകപ്പ് നേട്ടം. ലോകകപ്പിൽ കപിലും ചെകുത്താന്മാരും മുത്തമിട്ടപ്പോൾ മാറിമറിഞ്ഞത് ഒരു രാജ്യത്തിന്റെ തന്നെ ചിന്താഗതി കൂടിയായിരുന്നു.

      ലോകകപ്പിലേക്ക് ഫേവറൈറ്റുകളായെത്തിയ ക്ളൈവ് ലോയ്‌ഡിന്റെ (Clive Lloyd) വെസ്റ്റ് ഇൻഡീസിനെ (West Indies) അട്ടിമറിച്ചായിരുന്നു ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് വേദിയായത് ക്രിക്കറ്റിലെ ചരിത്ര പ്രസിദ്ധമായ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് (Lord's Cricket Ground) ആയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലിൽ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച കപിലും സംഘവും ലോകത്തെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്.

      Also read- 83 Movie |'കപിലിന്റെ ബൗളിംഗ് ആക്ഷൻ പകർത്തുക എളുപ്പമായിരുന്നില്ല'; സച്ചിനും ഹാർദിക്കും ഇതേ കുറിച്ച് പറഞ്ഞിരുന്നു; രൺവീർ

      വിൻഡീസിനെ തോൽപ്പിച്ച് കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ വിജയം മതിമറന്ന് ആഘോഷിച്ചതായും രാത്രി വൈകുവോളം ഇതു തുടര്‍ന്നതായും കപില്‍ പറയുന്നു. എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കവെയാണ് മുഴുവന്‍ റെസ്റ്റോറന്റുകളും അപ്പോഴേക്കും അടച്ചിരുന്നുവെന്ന യാഥാര്‍ഥ്യം മനസ്സിലായത്. ഇതേ തുടര്‍ന്ന് ഒഴിഞ്ഞ വയറുമായി ഉറങ്ങുകയല്ലാതെ ഞങ്ങള്‍ക്കു മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. പക്ഷെ ഒഴിഞ്ഞ വയറോടെ കിടന്നുറങ്ങുവാൻ ആർക്കും തന്നെ നിരാശയോ വിഷമമോ ഉണ്ടായിരുന്നില്ല. ലോകകപ്പ് നേടി ഇന്ത്യ ചരിത്രം കുറിച്ചത് മാത്രമായിരുന്നു എല്ലാവരുടെയും മനസ്സുകളിൽ അലയടിച്ചിരുന്നതെന്ന് കപിൽ പറഞ്ഞു.

      ലോർഡ്‌സിൽ നടന്ന ഫൈനലില്‍ കരുത്തരായ വിന്‍ഡീസിനെതിരെ 43 റൺസിന്റെ തകർപ്പൻ ജയമായിരുന്നു ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 183 റണ്‍സിനു പുറത്തായപ്പോള്‍ വിന്‍ഡീസ് അനായാസം ജയിച്ചു കയറുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

      എന്നാൽ മറുപടിയില്‍ ഉജ്ജ്വല ബൗളിങിലൂടെ അന്ന് ലോക ക്രിക്കറ്റിലെ അജയ്യരെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വിൻഡീസിനെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യ ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വിൻഡീസിനെ ഇന്ത്യ 140 റൺസിൽ ഒതുക്കുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മദന്‍ ലാലും മൊഹീന്ദര്‍ അമര്‍നാഥും ചേര്‍ന്നായിരുന്നു വിന്‍ഡീസിനെ തകര്‍ത്തത്.
      Published by:Naveen
      First published: