ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കില്ലാതെ നാട്ടിലേക്കു മടങ്ങുന്ന യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനു പകരം പൃഥ്വി ഷായെ ഇന്ത്യ ടീമിലേക്ക് വിളിച്ചേക്കുമെന്ന് ഈയിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പരിക്കിനെ തുടര്‍ന്നാണ് ഗില്‍ ഒരു ടെസ്റ്റ് പോലും കളിക്കാനാവാതെ നാട്ടിലേക്കു തിരിക്കുന്നത്. ഗില്ലിന്റെ കാല് പാദത്തിനാണ് പരിക്കേറ്റിരിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ കളിക്കവെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഇത് പൂര്‍ണമായി ഭേദമാവാന്‍ എട്ടു മുതല്‍ 12 ആഴ്ചകള്‍ വരെ വേണ്ടി വരും.
ഇതോടെ മറ്റൊരു ഓപ്പണറെ വേണമെന്നാണ് ടീം മാനേജ്മെന്റിന്റെ ആവശ്യം. എന്നാല്‍ ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് പൃഥ്വി ഷാ ഇപ്പോഴുള്ളത്. ഇതേ തുടര്‍ന്നാണ് നിലവില്‍ ബാക്കപ്പ് ഓപ്പണര്‍മാര്‍ ഇന്ത്യക്കു കുറവാണെന്നും പൃഥ്വിയെ പകരം ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും ടീം മാനേജ്മെന്റ് ആവശ്യപ്പെടാനൊരുങ്ങുന്നത്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ അഭിമന്യു ഈശ്വരന് എന്നിവരാണ് നിലവില്‍ ടെസ്റ്റ് സംഘത്തിലെ മറ്റു ഓപ്പണര്‍മാര്‍. ദൈര്‍ഖ്യമേറിയ പരമ്പര ആയതിനാല്‍ കൂടുതല്‍ ബാക്ക് അപ്പ് ഓപ്പണര്‍മാര്‍ ടീമിന് ആവശ്യമാണെന്നാണ് ടീം മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന് കപില്‍ ദേവ്. ഇന്ത്യന്‍ സംഘത്തിലേക്ക് നിലവില്‍ ടീമിന്റെ ഭാഗമല്ലാത്തവരെ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് കപില്‍ ദേവ് പറയുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിലുള്ളവരെ അപമാനിക്കുന്ന പ്രവൃത്തിയാണ് അതെന്നും അദ്ദേഹം പറഞ്ഞു. 'സെലക്ടര്‍മാരേയും നമ്മള് ബഹുമാനിക്കേണ്ടതുണ്ട്. അവര്‍ ഒരു ടീമിനെ തെരഞ്ഞെടുത്തു. കോഹ്ലിയോടും ശാസ്ത്രിയോടും സംസാരിച്ചതിന് ശേഷമാകും അവര്‍ ടീമിനെ തെരഞ്ഞെടുത്തത്. കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നീ രണ്ട് ഓപ്പണര്‍മാര്‍ ഇപ്പോഴുണ്ട്. ഇനി മൂന്നാമത് ഒരു ഓപ്ഷന് കൂടി വേണമോ? എനിക്ക് തോന്നുന്നില്ല'- കപില്‍ ദേവ് പറഞ്ഞു.
'ഈ തിയറി എനിക്ക് മനസിലാകുന്നില്ല. ഇപ്പോള്‍ അവര്‍ തെരഞ്ഞെടുത്തിരിക്കുന്ന ടീമില്‍ ഓപ്പണര്‍മാരുണ്ട്. അവരാണ് കളിക്കേണ്ടത്. അല്ലെങ്കില്‍ അത് ഇപ്പോള്‍ ടീമിലുള്ളവരെ അപമാനിക്കുന്നത് പോലെയാണ്. ക്യാപ്റ്റനും ടീം മാനേജ്മെന്റിനും സെലക്ഷനില്‍ അഭിപ്രായം പറയാനാവണം. എന്നാല്‍ അവിടെ അധികാരം അതിര് വിടാന്‍ പാടില്ല. അങ്ങനെയെങ്കില്‍ സെലക്ടര്‍മാരെ നമുക്ക് ആവശ്യമില്ല'- കപില്‍ ദേവ് തുറന്നടിച്ചു.
ലങ്കയിലുള്ള പൃഥ്വിയോട് എത്രും പെട്ടെന്നു ഇംഗ്ലണ്ടിലേക്കു തിരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ക്വാറന്റീന് കാലാവധി കഴിഞ്ഞ ശേഷം ആഗസ്റ്റ് നാലിനാരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം ചേരാന്‍ ഇതു താരത്തെ സഹായിക്കുമെന്നും ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു. പക്ഷെ മുംബൈയിലുള്ള സെലക്ടര്‍മാര്‍ ഇനിയും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലും ഐ പി എല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് പൃഥ്വി ഷാ പുറത്തെടുത്തിരുന്നത്. ഷായുടെയും ധവാന്റെയും തകര്‍പ്പന്‍ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലായിരുന്നു ഡല്‍ഹി ടീം ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്. ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 308 റണ്‍സാണ് യുവതാരം പൃഥ്വി ഷാ അടിച്ചുകൂട്ടിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.