HOME /NEWS /Sports / ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തി കരിം ബെന്‍സിമ; യൂറോ കപ്പില്‍ കളിക്കും

ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തി കരിം ബെന്‍സിമ; യൂറോ കപ്പില്‍ കളിക്കും

Karim Benzema

Karim Benzema

റയല്‍ മാഡ്രിഡിന്റെ നിലവിലെ സ്‌ക്വാഡിലെ ഏറ്റവും മികച്ച താരമാണ് ബെന്‍സിമ

  • Share this:

    ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് ദേശീയ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങി റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമ. അടുത്ത മാസം ആരംഭിക്കുന്ന യൂറോ കപ്പിനുള്ള 26അംഗ ടീമിലേക്കാണ് ബെന്‍സിമയെ ടീമിന്റെ കോച്ചായ ദിദിയര്‍ ദേഷാംപ്‌സ് പരിഗണിച്ചത്.

    2015ലെ വിവാദമായ ബ്ലാക്ക്മെയില്‍ കേസിനെ തുടര്‍ന്നാണ് താരത്തെ ഫ്രാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ താരത്തിന് 2016 യൂറോ കപ്പും 2018 ലോകകപ്പും നഷ്ടമായിരുന്നു. കേസില്‍ താന്‍ നിരപരാധിയെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും ബെന്‍സിമ അറിയിച്ചിരുന്നു. റയല്‍ മാഡ്രിഡിന്റെ നിലവിലെ സ്‌ക്വാഡിലെ ഏറ്റവും മികച്ച താരമാണ് ബെന്‍സിമ. വളരെക്കാലമായി ദേശീയ ടീമില്‍ നിന്നും തഴയപ്പെടുന്ന കരിം ബെന്‍സിമ യൂറോ കപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചപ്പോള്‍ ലീപ്സിഗ് പ്രതിരോധതാരം ദയോത് ഉപമേക്കാനോ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചില്ല. അതേസമയം ബാഴ്സ താരം ക്ലെമന്റ് ലെങ്‌ലെ, യുവന്റസ് താരം ആഡ്രിയാന്‍ റാബിയോട്ട് എന്നിവര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.

    Also Read-മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഷെയ്ഖ് മൻസൂറിന്റെ സ്നേഹ സമ്മാനം; ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ മുഴുവൻ ചിലവും വഹിക്കും

    ബെന്‍സിമയുടെ ടീമിലേക്കുള്ള വരവിനെ കുറിച്ച്, താരങ്ങളുടെ ഇന്നലെകള്‍ അല്ല ഇന്നും നാളെയുമാണ് പ്രധാനമെന്ന് കോച്ച് ദിദിയര്‍ ദേഷാംപ്‌സ് വ്യക്തമാക്കി. ഫ്രാന്‍സ് ടീമില്‍ നിന്നും പുറത്തായിരുന്നു ബെന്‍സിമ അര്‍ഹിച്ച തിരിച്ചു വരവാണു നടത്തിയത്. ഇക്കാലയളവില്‍ ഫ്രാന്‍സ് മികച്ച സ്ട്രൈക്കര്‍മാരില്ലാതെ ബുദ്ധിമുട്ടുന്ന സമയത്തും റയലിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്ന ബെന്‍സിമയെ പരിഗണിക്കാന്‍ ദെഷാംപ്സ് തയ്യാറായിരുന്നില്ല.

    എന്നാല്‍ കഴിഞ്ഞ സീസണില്‍ റയലിനെ ലാ ലിഗ ചാമ്പ്യന്മാരാക്കാന്‍ നിര്‍ണായക പങ്കു വഹിച്ച ബെന്‍സിമ ഈ സീസണിലും അതെ പ്രകടനം ആവര്‍ത്തിച്ചതോടെ താരത്തെ തിരിച്ചു വിളിക്കണമെന്ന് ആവശ്യം പല ഭാഗത്തു നിന്നും ഉയര്‍ന്നു. റയലിനായി ഈ സീസണില്‍ 29 ഗോളും എട്ട് അസിസ്റ്റും താരം തന്റെ പേരിലാക്കിയിട്ടുണ്ട്.

    സിദാനും അര്‍സീന്‍ വെംഗറുമടക്കമുള്ള ഫ്രഞ്ച് പരിശീലകര്‍ ബെന്‍സിമ ടീമിലിടം നേടാന്‍ യോഗ്യനാണെന്നു പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദെഷാംപ്സ് റയല്‍ സ്ട്രൈക്കറെ ടീമിലെക്ക് പരിഗണിക്കുന്നത്. നേരത്തെ തന്റെ ടീമില്‍ അത്ഭുതങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല എന്നും ഫ്രഞ്ച് പരിശീലകന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബെന്‍സിമയുടെ ഫ്രാന്‍സ് ജേഴ്സിയില്‍ ഉള്ള മടങ്ങി വരവ് ഇനിയും നീണ്ടു പോകുമെന്ന് എല്ലാവരും കരുതിയിരിക്കെയാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം വരുന്നത്. യൂറോ കപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഫ്രഞ്ച് ടീമിന് ബെന്‍സിമയുടെ വരവ് കരുത്ത് പകരുമെന്ന് തീര്‍ച്ചയാണ്. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മരണ ഗ്രൂപ്പിലാണ് അവര്‍ ഇടം പിടിച്ചിരിക്കുന്നത്. ഫ്രാന്‍സിന് പുറമെ ജര്‍മനി, നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, ഹംഗറി എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ജൂണ്‍ 11നാണ് യൂറോയ്ക്ക് തുടക്കമാവുന്നത്. ഫ്രാന്‍സിന്റെ ആദ്യമല്‍സരം ജര്‍മനിക്കെതിരെ 15നാണ്.

    Also Read-'വണ്ടര്‍ ഗോളു'മായി കവാനി; ഫുൾഹാമിനോട് സമനില വഴങ്ങി യുണൈറ്റഡ്

    കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് കൊണ്ട് ഈ വര്‍ഷത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെ 11 രാജ്യങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം നടക്കുക.

    യൂറോ കപ്പിനുള്ള ഫ്രാന്‍സ് ടീം:

    ഗോള്‍കീപ്പര്‍മാര്‍: ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്‍ഡന്‍ഡ, മൈക്ക് മൈഗ്‌നന്‍

    ഡിഫന്റര്‍മാര്‍: ബെഞ്ചമിന്‍ പവാര്‍ദ്, ലിയോ ഡുബോയിസ്, റാഫേല്‍ വരാനെ, പ്രെസ്നല്‍ കിംപെംബെ, ലൂക്കാസ് ഹെര്‍ണാണ്ടസ്, ലൂക്കാസ് ഡീന്യേ, ക്ലെമന്റ് ലെങ്‌ലെ, കുര്‍ട് സൂമ, ജൂള്‍സ് കൂണ്ടെ

    മിഡ്ഫീല്‍ഡര്‍മാര്‍: എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ, അഡ്രിയന്‍ റാബിയോട്ട്, കൊറെന്റിന്‍ ടോളീസോ, മൂസ സിസോക്കോ

    ഫോര്‍വേര്‍ഡുകള്‍: കിലിയന്‍ എംബാപ്പെ, കരിം ബെന്‍സിമ, ഒലിവര്‍ ജിറൂദ്, മാര്‍ക്കസ് തുറാം, കിങ്സ്ലി കോമന്‍, വിസം ബെന്‍ യെഡര്‍, അന്റോണിയോ ഗ്രീസ്മാന്‍, തോമസ് ലെമാര്‍, ഒസ്മാന്‍ ഡെംബലെ

    First published:

    Tags: Euro Cup Football, France