• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL 2022 | ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപ്പിച്ചു

ISL 2022 | ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപ്പിച്ചു

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾ നേടിയത്

  • Share this:
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടങ്ങി. ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഈസ്റ്റ് ബംഗാളിനെ തകർത്തു. ബ്ലാസ്റ്റേഴ്സിനുവേണ്ടി കല്യൂഷ്നി ഇരട്ട ഗോൾ നേടി.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളുകൾ നേടിയത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 71 ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയിരുന്നത്. 82 ാം മിനിറ്റില്‍ ഇവാന്‍ കല്യൂഷ്നിയിലൂടെ ലീഡുയര്‍ത്തി.

ഇതിനിടെ അലക്‌സ് ലിമയിലൂടെ ഒരു ഗോള്‍ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചു. എന്നാല്‍, 89-ാം മിനിറ്റില്‍ രണ്ടാം ഗോളുമായി ഇവാന്‍ കല്യൂഷ്നി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയായിരുന്നു.

കളിയുടെ ആദ്യ പകുതിയിൽ ഒന്നാന്തരം ചില അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാനായില്ല. മത്സരം ആരംഭിച്ച് ഒമ്പത് മിനിട്ട് പിന്നിടുമ്പോൾ ഗോളെന്ന് ഉറച്ച അവസരം മഞ്ഞപ്പടയ്ക്ക് നഷ്ടമായി. ജെസ്സല്‍ ഇടതു വിങ്ങില്‍ നിന്ന് പന്ത് കൈക്കലാക്കി നടത്തിയ മുന്നേത്തിനൊടുവിൽ അപോസ്തൊലിസ് തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തു പോയി‌.

26ആം മിനുട്ടില്‍ ഇടത് വിങ്ങിലൂടെ കുതിച്ചെത്തി പ്രതിരോധനിരക്കാതെ തന്ത്രപൂർവ്വം ഡ്രിബിൾ ചെയ്ത് മാറ്റി ബോക്സിന് തൊട്ട് പുറത്ത് നില്‍ക്കുന്ന പൂട്ടിയക്ക് കൈമാറി. പൂട്ടിയയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. 41ആം മിനുട്ടില്‍ ലൂണ എടുത്ത ഫ്രീകിക്ക് ഈസ്റ്റ് ബംഗാള്‍ കീപ്പര്‍ കമല്‍ജിത്തിനെ പരീക്ഷിച്ചെങ്കിലും ഗോൾ അകന്നുനിന്നു.

ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി ആക്രമണശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ കളിക്കാൻ ഇറങ്ങിയത്. ആദ്യ മിനുട്ടുകളില്‍ തന്നെ ഗോളിന് അടുത്തെത്തിയെങ്കിലും ഈസ്റ്റ് ബംഗാൾ കീപ്പർ കമല്‍ജിത്ത് ഒരു ഗംഭീര സേവിലൂടെ അത് രക്ഷപെടുത്തി. 53ആം മിനുട്ടില്‍ അപോസ്തോലിസിന്റെ വലതു വിങ്ങില്‍ നിന്നുള്ള ക്രോസ് ലൂണയ്ക്ക് ലഭിച്ചെങ്കിലും ഒന്നാന്തരം അവസരം മുതലെടുക്കാൻ താരത്തിനായില്ല.
Published by:Anuraj GR
First published: