നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കേരള ബ്ലാസ്റ്റേഴ്സിന് ജയം; സന്നാഹ മത്സരത്തിൽ എം എ കോളേജിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു

  കേരള ബ്ലാസ്റ്റേഴ്സിന് ജയം; സന്നാഹ മത്സരത്തിൽ എം എ കോളേജിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു

  വിദേശ താരങ്ങളായ ജോര്‍ജ് പെരേര ഡയസ്, മാര്‍കോ ലേസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.

  News 18 Malayalam

  News 18 Malayalam

  • Share this:
  കൊച്ചി: ഐഎസ്എൽ 2021-22 സീസണ് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള പ്രീമിയര്‍ ലീഗ് ക്ലബ്ബായ എംഎ കോളേജ് ഫുട്‌ബോള്‍ അക്കാദമിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ രണ്ടാം സന്നാഹ മത്സരത്തിലും ജയം നേടിയത്. വിദേശ താരങ്ങളായ ജോര്‍ജ് പെരേര ഡയസ്, മാര്‍കോ ലേസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.

  എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം. ഐഎസ്എല്ലിന് മുന്നോടിയായുള്ള മഞ്ഞപ്പടയുടെ രണ്ടാം സന്നാഹ മത്സരമായിരുന്നു ഇത്. രണ്ടിലും തകര്‍പ്പന്‍ ജയം നേടി തികഞ്ഞ ആത്മവിശ്വാസവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിനായി ഗോവയിലേക്ക് പോകാനൊരുങ്ങുന്നത്.  മത്സരത്തിൽ തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണം നടത്തുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ രാഹുൽ എംഎ കോളേജിന്റെ ബോക്സിലേക്ക് നൽകിയ ക്രോസ് വരാനിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ സൂചനയായിരുന്നു. പിന്നീട് തുടർച്ചയായി മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സ് 15ാം മിനിറ്റിൽ തന്നെ മത്സരത്തിൽ മുന്നിലെത്തി. 15ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണറിലേക്ക് തലവച്ച് പെരേര ഡയസാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

  ലീഡ് നേടിയിട്ടും പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിന് മുന്നിൽ എതിരാളികൾ കൂട്ടമായി പ്രതിരോധം തീർക്കുകയായിരുന്നു. ഇതിനിടെ പരിക്കേറ്റ സെയ്ത്യാസെന് പകരം ശ്രീക്കുട്ടന്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തി. ലീഡുയർത്താൻ ഒരുപാട് അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും അവയെ മുതലാക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല. 36ാം മിനിറ്റില്‍ രാഹുലിന്റെ ഉറച്ച ഷോട്ട് എംഎ കോളേജ് ഗോള്‍കീപ്പര്‍ കെവിന്‍ കോശി രക്ഷപ്പെടുത്തി. അഞ്ച് മിനിറ്റിന് പിന്നാലെ പെരേര ഡയസിന്റെ ഷോട്ടും ഗോളിയുടെ പ്രതിരോധത്തിൽ തട്ടി മടങ്ങി. ഇതിനിടയില്‍ എംഎ കോളേജിന്റെ നീക്കം ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ കൈയിലൊതുക്കി.

  രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകോമനോവിച്ച് ഒരുപാട് മാറ്റങ്ങളാണ് വരുത്തിയത്. എട്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്ക് ഇറങ്ങിയത്. മാര്‍കോ ലെസ്‌കോവിച്ച്, ചെഞ്ചൊ, കെ.പ്രശാന്ത്, അല്‍വാരോ വാസ്‌ക്വസ്, ആയുഷ് അധികാരി, അബ്ദുള്‍ ഹക്കു, സന്ദീപ് സിങ് എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തി. ധനചന്ദ്ര മീട്ടേയ്ക്ക് പകരം സഞ്ജീവ് സ്റ്റാലിനുമെത്തി. വാസ്‌ക്വസിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തെ കൂടുതല്‍ ഉണര്‍ത്തി.

  53ാം മിനിറ്റില്‍ സ്പാനിഷ് താരത്തിന്റെ ഹെഡർ എംഎ കോളേജ് ഗോളിയെ പരീക്ഷിച്ചു. 61ാം മിനിറ്റില്‍ ഹക്കുവിന്റെ അപകടകരമായ ഹെഡ്ഡര്‍ വലയ്ക്ക് മുകളിലൂടെ പറന്നു. 70ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി എംഎ കോളേജ് ഗോള്‍വല കുലുക്കി. ഇത്തവണയും കോര്‍ണറിലൂടെയുള്ള ഹെഡ്ഡറായിരുന്നു. ആയുഷ് അധികാരി തൊടുത്ത കോര്‍ണര്‍ ക്രൊയഷ്യന്‍ താരം ലെസ്‌കോവിച്ച് ഗോളാക്കി.

  നാല് മിനിറ്റിന് പിന്നാലെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് എതിർ ഗോൾവല കുലുക്കി മത്സരം പൂർണമായും തങ്ങളുടേതാക്കി മാറ്റുകയായിരുന്നു. ഇത്തവണയും ആയുഷിന്റെ നീക്കമായിരുന്നു. ഇടതുവശത്തുനിന്ന് ആയുഷ് നീട്ടി നൽകിയ പന്ത് ചെഞ്ചൊ ബോക്‌സിലേക്ക് നല്‍കി. കൃത്യമായ സ്ഥാനത്തുണ്ടായിരുന്ന വാസ്‌ക്വസിന് ഉന്നംതെറ്റിയില്ല. തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും മഞ്ഞപ്പടയ്ക്ക് വേണ്ടി സ്പാനിഷ് താരത്തിന്റെ ഗോൾ. 84ാം മിനിറ്റില്‍ പ്രശാന്തിന്റെ ഉഗ്രന്‍ ഷോട്ട് എംഎ ഗോളി രക്ഷപ്പെടുത്തി. ഒരുഗോള്‍ മടക്കാന്‍ എംഎ കോളേജ് അക്കാദമി നടത്തിയ ശ്രമങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തകര്‍ത്തു.

  നവംബര്‍ 19ന് ആരംഭിക്കുന്ന ഈ സീസണിലെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലാണ് ഉദ്‌ഘാടന മത്സരം.
  Published by:Naveen
  First published:
  )}