കൊച്ചി: ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ സിങ് ഗില്ലുമായുള്ള (Prabhsukhan Gill) കരാർ പുതുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് (Kerala Blasters). പുതിയ കരാര്‍ പ്രകാരം 2024 വരെ ഗില്‍ ക്ലബ്ബില്‍ തുടരും. ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയ കഴിഞ്ഞ സീസണിൽ ഗിൽ മികച്ച പ്രകടനമാണ് നടത്തിയത്. ലീഗിലെ ഗോൾഡൻ ഗ്ലൗ പുരസ്കാരവും താരത്തിനായിരുന്നു. ക്ലബുമായി കരാർ നീട്ടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഗിൽ പ്രതികരിച്ചു.
2014ല്‍ ചണ്ഡീഗഢ് ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്നാണ് 21കാരനായ ഗില്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് എ ഐ എഫ്എഫ് എലൈറ്റ് അക്കാദമിയില്‍ ചേര്‍ന്ന താരം, വൈകാതെ ഐ ലീഗില്‍ കളിക്കുന്ന ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഡെവലപ്പിങ് ടീമായ ഇന്ത്യന്‍ ആരോസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ഇന്ത്യന്‍ ആരോസിന് വേണ്ടിയുള്ള സ്ഥിരതയാര്‍ന്ന പ്രകടനം, തൊട്ടടുത്ത വര്‍ഷം ബെംഗളൂരു എഫ്‌സിയുമായി തന്റെ ആദ്യ ഹീറോ ഐഎസ്എല്‍ കരാര്‍ നേടാന്‍ താരത്തെ സഹായിച്ചു. ഒരു എ എഫ് സി കപ്പ് ക്വാളിഫയര്‍ ഉള്‍പ്പെടെ ക്ലബിനായി രണ്ട് മത്സരങ്ങളില്‍ ബൂട്ട് കെട്ടി. പിന്നീടായിരുന്നു താരത്തിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള കൂടുമാറ്റം.
2020 സീസണിൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയെങ്കിലും താരത്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ഗിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറിയത്. കഴിഞ്ഞ സീസണിലെ ഐഎസ്എൽ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോളി ആയിരുന്ന ആല്‍ബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് താരത്തിന് ലീഗിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത്.
സീസണില്‍ 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്ത ഗില്‍, 49 സേവുകളും ഏഴ് ക്ലീന്‍ ഷീറ്റുകളും സ്വന്തം പേരില്‍ കുറിച്ചു. 2021-22 ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനം ഗില്ലിനെ ഗോള്‍ഡന്‍ ഗ്ലോവിനും അര്‍ഹനാക്കി. ഫെബ്രുവരിയില്‍ ഐഎസ്എല്ലിൽ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ മന്‍ത് അവാര്‍ഡും നേടിയിരുന്നു.
Our fix between the sticks, for 2️⃣ more years! 😍@SukhanGill01 signs on till 2024! 🤝#Gill2024 #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്
— K e r a l a B l a s t e r s F C (@KeralaBlasters) May 11, 2022
'ഈ മഹത്തായ ക്ലബുമായി കരാര്‍ നീട്ടുന്നതില്‍ എനിക്ക് തീര്‍ച്ചയായും അഭിമാനമുണ്ടെന്ന് പ്രഭ്‌സുഖന്‍ സിങ് ഗില്‍ പറഞ്ഞു. മുന്‍ സീസണ്‍ ഇത്തരത്തിലുള്ള ഒന്നായിരുന്നു. ക്ലബുമായുള്ള അടുത്ത രണ്ട് വര്‍ഷം മികച്ചതും സമ്പുഷ്ടവുമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു! അടുത്ത രണ്ട് വര്‍ഷങ്ങളിലെ മത്സരങ്ങള്‍, നേട്ടങ്ങള്‍, പോരാട്ടങ്ങള്‍ എന്നിവക്കായി ഞാന്‍ കാത്തിരിക്കുകയാണ്. എനിക്ക് ഇനിയും ഒരുപാട് പഠിക്കാനും നേടാനും ഉണ്ട്, അതിനായി കാത്തിരിക്കുന്നു.' - ഗില്‍ കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ സീസണിലെ ഗില്ലിന്റെ പ്രകടനത്തിനും, അര്‍ഹതയുള്ള കരാര്‍ വിപുലീകരണത്തിനും താരത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വളരെക്കാലം ക്ഷമയോടെ അദ്ദേഹം കാത്തിരിന്നു, അവസരം ലഭിച്ചപ്പോള്‍ താന്‍ എത്ര നല്ല പോരാളിയാണെന്നും, എത്ര വൈദഗ്ധ്യമുള്ള കളിക്കാരനാണെന്നും അദ്ദേഹം തെളിയിച്ചു. ഞങ്ങള്‍ ഒരുമിച്ച് തുടരുന്നതില്‍ സന്തോഷമുണ്ട്.' - സ്‌കിന്‍കിസ് പറഞ്ഞു.
ക്ലബിന്റെ മുൻതാരങ്ങളായ ബിജോയ് വര്‍ഗീസ്, ജീക്‌സണ്‍ സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച് എന്നിവരുമായുള്ള കരാര്‍ വിപുലീകരണം ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Isl, Kerala blasters, Kerala Blasters FC