നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters| ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം അവസാനിച്ചു; ഡൽഹി എഫ്‌സിയോട് തോറ്റ് പുറത്ത്

  Kerala Blasters| ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം അവസാനിച്ചു; ഡൽഹി എഫ്‌സിയോട് തോറ്റ് പുറത്ത്

  ഡൽഹി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. രണ്ടാം പകുതിയിൽ വില്ലിസ് പ്ലാസ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്

  Image Credits: Durand Cup, Twitter

  Image Credits: Durand Cup, Twitter

  • Share this:
  കൊച്ചി: ഡ്യൂറണ്ട് കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ നിരാശ. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഡെൽഹി എഫ് സിയോട് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. ഡൽഹി എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. രണ്ടാം പകുതിയിൽ വില്ലിസ് പ്ലാസ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ടൂർണമെന്റിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

  ഐഎസ്‌എൽ സീസണിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഡ്യൂറണ്ട് കപ്പിൽ പങ്കാളിയായത്‌. വിദേശ താരങ്ങളിൽ രണ്ടുപേർ മാത്രമാണ്‌ ടൂർണമെന്റ്‌ കളിച്ചത്‌.
  ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന്‌ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ്‌ ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ ചുവപ്പ്‌ കാർഡ്‌ കണ്ട  സന്ദീപ് സിങ്‌, ധനചന്ദ്ര മീട്ടേ, ഹോർമിപാം എന്നിവരില്ലാതെയാണ്‌ ഇവാൻ വുകാമനോവിച്ച്‌ പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സ്‌ ഡൽഹിക്കെതിരെ ഇറങ്ങിയത്.

  പ്രഭ്‌സുഖൻ ഗില്ലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാക്കാൻ ഇറങ്ങിയത്. എനെസ് സിപോവിച്ച് പ്രതിരോധ നിരയെ നയിച്ചപ്പോൾ ക്യാപ്‌റ്റൻ ജെസെൽ കർണെയ്‌റോ, ജീക്‌സൺ സിങ് എന്നിവരായിരുന്നു കൂട്ട്‌. ഹർമൻജോത്‌ ഖബ്രയ്‌ക്കും സെയ്‌ത്യാസെൻ സിങ്ങിനും അക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ ചുമതല നൽകി. പ്യൂട്ടിയ, കെ പി രാഹുൽ, കെ പ്രശാന്ത്‌, ഗിവ്‌സൺ സിങ്‌ എന്നിവർ കളി മെനഞ്ഞു. ആയുഷ്‌ അധികാരിയെ കേന്ദ്രീകരിച്ചായിരുന്നു മുന്നേറ്റം. മറുവശത്ത് ക്യാപ്‌റ്റൻ അൻവർ അലിയായിരുന്നു ഡൽഹി പ്രതിരോധത്തിലെ പ്രധാനി. ബ്രസീലുകാരൻ സെർജിയോ ബാർബോസയ്‌ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല.

  ഡൽഹിയുടെ മുന്നേറ്റത്തോടെയാണ്‌ കളി തുടങ്ങിയത്‌. അഞ്ചാം മിനിറ്റിൽ ഫഹദ്‌ തെമുരിയുടെ ഗോളെന്നുറച്ച ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഗോളി പ്രഭ്‌സുഖൻ തട്ടിയകറ്റി. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഈ ഇരുപതുകാരന്റേത്‌. 14-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന്‌ ആദ്യ കോർണർ ലഭിച്ചു. ഖബ്രയുടെ കിക്ക്‌ ഡൽഹി ഗോൾകീപ്പർ ലൗവ്‌പ്രീത്‌ സിങ്‌ രക്ഷപ്പെടുത്തി. പിന്നാലെ 40 വാര അകലെനിന്ന്‌ ആയുഷ്‌ തൊടുത്ത പന്ത്‌ പോസ്റ്റിന്‌ തൊട്ടരികിലൂടെ പറന്നു. മഴകാരണം ചളി നിറഞ്ഞ മൈതാനത്ത്‌ എളുപ്പമായിരുന്നില്ല ഇരുടീമിനും കളി. രാഹുലിന്റെയും ആയുഷിന്റെയും മുന്നേറ്റത്തിന്‌ മൈതാനത്തെ അന്തരീക്ഷം പലപ്പോഴും  തടസ്സം നിന്നു.

  വില്ലിസ്‌ പ്ലാസയും സെർജിയോ ബാർബോസയും അണിനിരന്ന ഡൽഹി മുന്നേറ്റം പലവട്ടം ഗോൾമുഖത്തിന്‌ അടുത്തെത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധവും ഗോൾകീപ്പറും കരുത്തോടെ നിന്നു. 34-ാം മിനിറ്റിൽ ഗോൾവരയിൽ നിന്ന്‌ ജെസെലിന്റെ ഉജ്ജ്വല  രക്ഷപ്പെടുത്തലും തുണച്ചു. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ മുന്നിലെത്താനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം ഫലം കണ്ടില്ല. പ്യൂട്ടിയയുടെ ഷോട്ട്‌ ലക്ഷ്യത്തിലെത്തിയില്ല.

  ഇടവേള കഴിഞ്ഞെത്തിയതിന്‌ പിന്നാലെ വീണ്ടും പ്രഭ്‌സുഖൻ ബ്ലാസ്റ്റേഴ്‌സിനെ കാത്തു. വില്ലിസിന്റെ ശ്രമം ഗോളി കൈയിലാക്കി. എന്നാൽ 52-ാം മിനിറ്റിൽ ഒറ്റയാൻ മുന്നേറ്റത്തിലൂടെ വില്ലിസ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തെയും പ്രഭ്‌സുഖനെയും മറികടന്നു. ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ്‌ മൂന്ന്‌ മാറ്റങ്ങൾ വരുത്തി. പ്രശാന്തും സിപോവിച്ചും ആയുഷും മടങ്ങി. സഹൽ അബ്‌ദുൽ സമദ്‌, ചെഞ്ചൊ, ബിജോയ്‌ എന്നിവരെത്തി. മാറ്റം ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിന്‌ വേഗത കൂട്ടി. വിശ്രമമില്ലാതെ അവർ എതിർപോസ്റ്റിലേക്ക്‌ പന്തെത്തിച്ച് കൊണ്ടിരുന്നു. 63-ാം മിനിറ്റിൽ ഒപ്പമെത്താനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം അൻവർ തടഞ്ഞു. രാഹുൽ ഗോളി ലൗവ്‌പ്രീതിനെ മറികടന്ന്‌ പന്ത്‌ വലേയിലേക്ക്‌ അയച്ചെങ്കിലും അൻവർ ഓടിയെത്തി രക്ഷപ്പെടുത്തി.

  സമനില നേടിയാൽ ക്വാർട്ടർ യോഗ്യത നേടാമെന്നതിനാൽ തുർച്ചയായ മുന്നേറ്റങ്ങൾ നടത്തി ദൽഹി നിരയെ സമ്മർദ്ദത്തിലാക്കി ഗോൾ നേടാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. രാഹുലായിരുന്നു ബ്ലാസ്റ്റേഴ്‌സ്‌ അക്രമണത്തിന്റെ കുന്തമുന. ഇതിനിടെ രാഹുൽ ഒരുക്കിയ അവസരം സഹലിന്‌ മുതലാക്കാനായില്ല. പ്യൂട്ടിയയുടെ ക്രോസ്‌ രാഹുലും പാഴാക്കി. 77-ാം മിനിറ്റിൽ വീണ്ടും രാഹുലിന്‌ അവസരമുണ്ടായി. ഇത്തവണ ഡൽഹി ഗോളിയുടെ കൈയിലൊതുങ്ങി പന്ത്‌.

  80-ാം മിനിറ്റിൽ സെയ്‌ത്യാസെന്നിന്  പകരം വിൻസി ബരേറ്റോയെ ഇറക്കി ബ്ലാസ്‌റ്റേഴ്‌സ്‌. രണ്ട്‌ മിനിറ്റ്‌ മാത്രം പിന്നാലെ രാഹുൽ നീട്ടിനൽകിയ പന്ത്‌ സഹലിന്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല. ലൗവ്‌പ്രീതായിരുന്നു ഡൽഹിയെ കാത്തത്‌. കളിയിലുടനീളം നിർഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ പിടികൂടി. 88-ാം മിനിറ്റിൽ  രാഹുലിന്റെ ഉഗ്രനടി ക്രോസ്‌ബാറിൽ തട്ടിമടങ്ങിയത്‌ അവിശ്വസനീയതോടെ നോക്കിനിൽക്കാനേ ബ്ലാസ്‌റ്റേഴ്‌സിനായുള്ളൂ. 95-ാം മിനിറ്റിൽ വിൻസി ബെരെറ്റോയുടെ ഷോട്ടും ബാറിൽ തട്ടു മടങ്ങിയപ്പോൾ ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ല എന്ന് ഉറപ്പായി.

  കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ മൂന്ന് പോയിന്റ് മാത്രമാണ് നേടാനായത്. ഏഴ് പോയിന്റുമായി ബെംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചതോടെ നേടിയ മൂന്ന് പോയിന്റടക്കം നാല്‌ പോയിന്റുമായി ഡൽഹിയും ഗ്രൂപ്പ് സിയിൽ നിന്ന് ക്വാർട്ടറിലേക്ക് കടന്നു.
  Published by:Naveen
  First published:
  )}