നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ISL | കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച വിദേശ താരങ്ങളെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്

  ISL | കഴിഞ്ഞ സീസണിൽ ടീമിൽ കളിച്ച വിദേശ താരങ്ങളെ ഒഴിവാക്കി കേരളാ ബ്ലാസ്റ്റേഴ്സ്

  ടീമിൽ ഉണ്ടായിരുന്ന ആറ് വിദേശതാരങ്ങളുമായി വേർപിരിയുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വെളിപ്പെടുത്തിയത്

  Kerala Blasters FC

  Kerala Blasters FC

  • Share this:
   പുതിയ സീസണിലേക്ക് പുതിയ ബ്ലാസ്റ്റേഴ്സ് എന്ന സമവാക്യം ഈ സീസണിലേക്കും പകർത്തി എഴുതി ഐഎസ്എൽ ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞ ജേഴ്‌സിയിൽ കളിച്ച ഒരു വിദേശ താരവും അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ല. ടീമിൽ ഉണ്ടായിരുന്ന ആറ് വിദേശതാരങ്ങളുമായി വേർപിരിയുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ​ഗാരി ഹൂപ്പർ, വിൻസെന്റ് ​ഗോമസ്, ഫാക്കുണ്ടോ പെരേര, ജോർദ്ദാൻ മറി, കോസ്റ്റ നമോന്യുസു, ബക്കാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത്. മറ്റൊരു വിദേശ താരമായ സിഡോഞ്ച ക്ലബ് വിടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

   കഴിഞ്ഞ സീസണിൽ കളിച്ച ഒരു വിദേശ താരത്തെ പോലും വരാൻ പോകുന്ന സീസണിൽ ടീമിൻ്റെ മഞ്ഞ ജേഴ്‌സിയിൽ കാണാൻ സാധിക്കില്ല എന്നത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ സീസണിലും ടീമിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല എങ്കിൽ പോലും ആരാധകർ അവരുടെ പ്രിയപ്പെട്ട ക്ലബ്ബിൻ്റെ താരങ്ങളെ വളരെയധികം പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ടീം വിട്ട് പോകുന്ന ആറ് താരങ്ങളിൽ അർജൻ്റൈൻ താരമായ ഫകുണ്ടോ പെരേര ക്ലബ് വിടുന്നത് അവർക്ക് വലിയ നിരാശ നൽകുന്ന ഒന്നാണ്. 

   ബ്ലാസ്റ്റേഴ്സിന് മോശം സീസൺ ആയിരുന്നു എങ്കിലും ടീമിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരമായുരുന്നു ഫക്കുണ്ടോ പെരേര. ഫക്കുണ്ടൊയേ കൂടാതെ ജോർദൻ മറി, വിസെന്റെ ഗോമസ് എന്നിവരും ഭേദപ്പെട്ട പ്രകടന കാഴ്ചവെച്ചിരുന്നു. ഏവരും പ്രതീക്ഷയോടെ നോക്കിക്കണ്ട സ്ട്രൈക്കർ ഗാരി ഹൂപ്പറിന് തൻ്റെ നിലവാരത്തിൻ്റെ അടുത്തെങ്ങും എത്തുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ചുരുക്കം ചില കളികളിൽ മാത്രമാണ് ഹൂപ്പറിന് തിളങ്ങാൻ കഴിഞ്ഞത്.

   Also read-വിജയം ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല', ദേശീയ ടീമില്‍ തിരിച്ചെത്തിയ പൃഥ്വി ഷാ പറയുന്നു

   പ്രതിരോധത്തിൽ ടീമിൻ്റെ വിശ്വസ്തനായിരുന്ന ജിംഗൻ പോയ ഒഴിവിലേക്ക് വന്ന കോസ്റ്റ നമോന്യുസുവും താരത്തിൻ്റെ കൂട്ടാളിയായ ബകാരി കോനെയുമാണ് വിദേശ താരങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത്. പ്രതിരോധത്തിൽ ആദ്യത്തെ മത്സരത്തിൽ മികച്ചു നിന്ന ഇവർ പിന്നീട് തീർത്തും നിറം മങ്ങുന്ന കാഴ്ചയാണ് കണ്ടത്.

   കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരങ്ങളുടെ പ്രകടനമെടുത്താൽ 19 മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകൾ നേടി ടീമിൻ്റെ ടോപ് സ്കോറർ ആയിരുന്നു ജോർദാൻ മറി. 18 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ​ഗാരി ഹൂപ്പർ അഞ്ചു ​ഗോളുകളാണ് നേടിയത്. 19 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് കുപ്പായമണിഞ്ഞ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന വിസെൻ്റെ ​ഗോമസ് രണ്ട് ഗോളുകൾ നേടിയിരുന്നു. മുന്നേറ്റ നിരയിൽ സ്കോർ ചെയ്തില്ലെങ്കിലും 10 മൽസങ്ങളിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച ഫാക്കുണ്ടോ പേരേര മൂന്ന് അസിസ്റ്റുകൾ നൽകി. താരത്തിൻ്റെ വരവോടെ ഒരു സെറ്റ് പീസ് സ്പെഷലിസ്റ്റ് ഇല്ല എന്ന കുറവ് നികത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. പിന്നീട് പരുക്ക് പറ്റി താരത്തിന് മത്സരങ്ങൾ നഷ്ടമായതും മഞ്ഞപ്പടക്ക് തിരിച്ചടിയായി. ബക്കാരി കോനെ 14 മത്സരങ്ങളിലും കോസ്റ്റ നമോന്യുസു 16 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ ഇറങ്ങി. ഇടയ്ക്ക് ഗോളുകൾ നേടാനും കോസ്റ്റക്ക് കഴിഞ്ഞിരുന്നു. 

   അതേസമയം, പുതിയ സീസണിലേക്ക് പുതിയ പരിശീലകൻ വരുന്നതിനാലാണ് പഴയ താരങ്ങളെ ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തത്. പുതിയ കോച്ചിന്റെ ശൈലിക്ക് അനുയോജ്യരായ കളിക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് കരുതുന്നത്. പക്ഷേ ബ്ലാസ്റ്റേഴ്സ് വേതനം നൽകിയില്ലെന്ന പേരിൽ ക്ലബ്ബിൻ്റെ മുൻ താരമായ പോപ്ലാനിക്ക് വായ്പാടിസ്ഥാനത്തിൽ കളിച്ചിരുന്ന ക്ലബായ ലിവിങ്സ്റ്റൺ എഫ് സി നൽകിയ പരാതിയിൽ ട്രാൻസ്ഫർ വിലക്ക് നേരിടുകയാണ് കേരളാ ബ്ലാസ്റ്റേഴ്സിപ്പോൾ. വിലക്ക് ഒഴിവാക്കാൻ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വിദേശ താരങ്ങളെ ഒഴിവാക്കിയിരിക്കുന്നത് എന്നത് ക്ലബിന് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം. വിലക്ക് നീങ്ങിയില്ലെങ്കിൽ വരും സീസണിൽ വിദേശ താരങ്ങളെയോ ഇന്ത്യൻ താരങ്ങളെയോ ടീമിലേക്ക് കൊണ്ടുവരാൻ ക്ലബിന് കഴിയില്ല. ഈ സീസണിൽ വിദേശ താരങ്ങളുടെ എണ്ണം മൊത്തം ആറ് എന്ന നിലയിലേക്ക് പരിമിതപ്പെടുത്തിയതിനാൽ വിലക്ക് പെട്ടെന്ന് നീക്കി കിട്ടിയില്ല എങ്കിൽ മികച്ച താരങ്ങളെ ടീമിലെടുക്കാനും കഴിഞ്ഞേക്കില്ല. ഇത് വരും സീസണിൽ മികച്ച പ്രകടനം ലക്ഷ്യം വയ്ക്കുന്ന ക്ലബിന് തിരിച്ചടി ആയേക്കും.   Summary

   Kerala Balsters part ways with all foreign players who played for them in the last season of ISL
   Published by:Naveen
   First published:
   )}