കൊച്ചി: ഹൈദരാബാദ് എഫ്‌സിക്കെതിരായ കൂറ്റൻ തോൽവിക്ക് പിന്നാലെ പരിശീലകൻ കിബു വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കി. സീസണിലെ ഏറ്റവും വലിയ തോൽവിയാണ് (4-0) കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്നു. കനത്ത തോൽവിക്ക് പിന്നാലെയാണ് മാനേജ്മെന്റ് കടുത്ത നിലപാടിലേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകൾ. സീസണിൽ 18 മത്സരങ്ങളിൽ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. എട്ട് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഏഴ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന് മറക്കാൻ ആഗ്രഹിക്കുന്ന സീസണാകും ഇത്. സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര കാഴ്ചവെച്ചത്. 33 ഗോളുകൾ വഴങ്ങിയപ്പോൾ 22 ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. കേരളവും ഒഡീഷ എഫ്‌സിയും മാത്രമാണ് 25 ലധികം ഗോളുകൾ വഴങ്ങിയത്. കഴിഞ്ഞ സീസണിന് മുൻപാണ് വികുനയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ സീസണിൽ വികുന പരിശീലകനായിരുന്ന മോഹൻ ബഗാൻ ഐ-ലീഗ് കിരീടം നേടിയിരുന്നുവെങ്കിലും ക്ലബ് എടികെയുമായി ലയിപ്പിച്ച് എടികെ മോഹൻ ബഗാൻ ആയി മാറിയതിന് ശേഷം അവർ വികുനയെ പോകാൻ അനുവദിക്കുകയായിരുന്നു. അന്റോണിയോ ഹബാസ് പരിശീലകനായ എടികെ മോഹൻ ബഗാൻ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
Also Read-
താരമായി അശ്വിൻ; അക്സര്‍ പട്ടേലിന് 5 വിക്കറ്റ്; ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യമത്സരത്തിനു ശേഷമുള്ള അഭിമുഖത്തിൽ, കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് വികുന ഒഴിഞ്ഞുമാറി. "എന്നെ സംബന്ധിച്ചിടത്തോളം ഈ സീസൺ വളരെ നിരാശാജനകമാണ്. സാധ്യമായ ഏറ്റവും മികച്ച പരിശീലനം നേടുന്നതിന് കഠിനമായി പരിശ്രമിച്ചു. ഞങ്ങൾക്ക് വളരെ ചെറിയ പ്രീ സീസൺ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ സീസൺ നന്നായി ആരംഭിച്ചില്ല. അതിനുശേഷം , സ്ഥിരത പുലർത്താൻ ഞങ്ങൾക്ക് കഴിഞ്ഞതുമില്ല. "- അദ്ദേഹം പറഞ്ഞു.
എതിരില്ലാത്ത നാല് ഗോളിനാണ് അവസാനമത്സരത്തിൽ ഹൈദരാബാദിന് മുന്നില്‍ കൊമ്പൻമാർ അടിയറവ് പറഞ്ഞത്. ഇരട്ടഗോളോടെ ഫ്രാന്‍ സന്‍ഡാസയും അരിഡാനെ സന്‍റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിക്ടറാണ് ബ്ലാസ്റ്റേഴ്സിനെ കെട്ടുകെട്ടിച്ചത്. ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. പതിവുപോലെ ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ ചതിച്ചത്.
രണ്ട് ഗോള്‍ മുന്നിലെത്തിയതോടെ പ്രതീക്ഷ നഷ്ടമായ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് പിന്നീട് ശ്രമിച്ചത്. എന്നാല്‍ 86ാം മിനിറ്റില്‍ ലൂയിസ് സാസ്ട്രേയുടെ പാസില്‍ നിന്ന് അരിഡാനെ സന്‍റാന ഹൈദരാബാദിന്‍റെ മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ജോവോ വിക്ടറും വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പതനം പൂര്‍ത്തിയായി. ജയത്തോടെ 18 കളികളില്‍ 27 പോയന്‍റുമായി ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
English summary- ISL club Kerala Blasters sacked head coach Kibu Vicuna after the team suffered the heaviest defeat of the season as they were thrashed 4-0 by Hyderabad FC. With the loss, Kerala Blasters also got out of the race to the playoffs, joining Chennaiyin FC and Odisha FC in that list. Kerala Blasters' defence was once again the culprit as Hyderabad FC put up a ruthless performance in the second half to crush them.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.