HOME » NEWS » Sports » KERALA BLASTERS SIGNS INDIAN DEFENDER HARMANJOTH KHABRA ON A TWO YEAR CONTRACT NAV TV

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ഒരുങ്ങി തന്നെ: പ്രതിരോധ താരം ഹർമൻജോത് ഖബ്രയെ സ്വന്തമാക്കി

രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും.

News18 Malayalam | news18-malayalam
Updated: July 15, 2021, 8:31 PM IST
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ഒരുങ്ങി തന്നെ: പ്രതിരോധ താരം ഹർമൻജോത് ഖബ്രയെ സ്വന്തമാക്കി
Credits| Kerala Blasters, Twitter
  • Share this:
കൊച്ചി, പ്രതിരോധത്തിന് കോട്ട കെട്ടാൻ ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐ എസ് എൽ ) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരു പോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐ എസ് എല്ലിൽ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.

2006-07 സീസണില്‍ ഐ ലീഗ് ടീമായ സ്‌പോര്‍ട്ടിങ് ഗോവയുമായിട്ടായിരുന്നു ആദ്യ പ്രൊഫഷണല്‍ കരാര്‍. ഇതേ വര്‍ഷം ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായും, ഡ്യുറാന്‍ഡ് കപ്പില്‍ ഏറ്റവും മികച്ച ഭാവി താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയും ഖബ്ര തന്റെ അരങ്ങേറ്റ വര്‍ഷം ഗംഭീരമാക്കി. 2009-10 ഐലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്‌സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ഐഎസ്എല്‍ സെമി ഫൈനലും, 2015ല്‍ കിരീടവും നേടിയ ടീമിനായി നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം ബെംഗളൂരു എഫ് ‌സിയിലേക്ക് മാറിയ താരം ക്ലബ്ബിന്റെ 2018-19 ഐ എസ് എൽ കിരീടധാരണത്തിലും പ്രധാന സാന്നിധ്യമായി .

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതില്‍ താൻ വളരെ ആവേശത്തിലാണെന്ന് ഹര്‍മന്‍ജോത് ഖബ്ര പ്രതികരിച്ചു. "അത്യാവേശം നിറഞ്ഞ മഞ്ഞപ്പടയ്ക്ക് വേണ്ടി കളിക്കാനുള്ള അവസരം, എന്റെ കളിയോടുള്ള ഇഷ്ടത്തോടും അഭിനിവേശത്തോടും പൊരുത്തപ്പെട്ടു വരുന്നതാണ്. അഭിമാനത്തോടും ആകാംക്ഷയോടും കൂടി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിറങ്ങളണിയാനും, എന്റെ പുതിയ ടീമംഗങ്ങളെ കാണാനും, മുന്നോട്ടുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു." - ഹര്‍മന്‍ജോത് ഖബ്ര കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ടീമിന് ആവശ്യമായ അനുഭവജ്ഞാനം നല്‍കാന്‍ കഴിയുന്ന താരമാണ് ഖബ്രയെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. "ഞങ്ങള്‍ കാണാതെ പോയ പ്രധാന കാലാളിലൊന്നാണ് അദ്ദേഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താരത്തിന്റെ അഭിനിവേശവും, വൈദഗ്ധ്യവും, സാരഥ്യവും ഉടനെ ഞങ്ങളുടെ ടീമില്‍ കൃത്യമായ സ്വാധീനമുണ്ടാക്കും." - കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ എന്നിവര്‍ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈ സീസണില്‍ കരാര്‍ ഒപ്പ് വയ്ക്കുന്ന നാലാമത്തെ പുതിയ താരമാണ് ഹര്‍മന്‍ജോത് ഖബ്ര.


നിരാശ ജനകമായ കഴിഞ്ഞ സീസണ് ശേഷം തിരിച്ചു വരവിനു തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിന് ഖബ്രയുടെ വരവ് ഊർജ്ജം പകരുമെന്ന് കരുതാം. ഇതുവരെ ബ്ലാസ്റ്റേഴ്സിന് എതിരായി കളിച്ചിരുന്ന ഖബ്രയെ സ്വന്തമാക്കിയതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആവേശത്തിലാണ്. എതിർ ടീമിലായിരുന്ന സമയത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് വലിയ തലവേദനയായിരുന്ന താരം ഇപ്പോൾ സ്വന്തം ടീമിലാണ് എന്നുള്ളത് അവർക്ക് ആശ്വാസം കൂടിയാണ്.
Published by: Naveen
First published: July 15, 2021, 8:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories