• HOME
  • »
  • NEWS
  • »
  • sports
  • »
  • KERALA BLASTERS TO LEARN NEW TACTICS FROM VUKUMANOVIC OF SERBIA NAV

പുതിയ അടവുകൾ പഠിക്കാൻ കേരളാ ബ്ലാസ്റ്റേഴ്സ്; സെർബിയക്കാരൻ ഇവാൻ വുക്കുമാനോവിച്ച് കളി പഠിപ്പിക്കും

പരിശീലന കരിയറിൽ മികച്ച റെക്കോർഡുള്ള വുക്കുമാനോവിച്ച്, 2017ൽ സ്ലോവൻ ബ്രാറ്റിസ്ലാവയെ സ്ലൊവാക്യൻ കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു

Blasters

Blasters

  • Share this:
    കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സെർബിയക്കാരനായ ഇവാൻ വുക്കുമാനോവിച്ച് എത്തുന്നു. കളിക്കാരനായും പരിശീലകനായും പരിചയ സമ്പത്തുള്ള പരിശീലകൻ്റെ വരവ് ക്ലബ്ബിന് നേട്ടമാകും എന്നാണ് വിലയിരത്തപ്പെടുന്നത്. കഴിഞ്ഞ സീസൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്ന കിബു വിക്കൂന തൻ്റെ
    സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇക്കുറിയും പുതിയ പരിശീലകനെ വച്ച് സീസണ് ഒരുങ്ങുവാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായത്.

    കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ ആരംഭിച്ച, പുതിയ പരിശീലകനായുള്ള ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണം വുക്കുമാനോവിച്ചിൽ അവസാനിക്കുകയായിരുന്നു. സെർബിയൻ പരിശീലകനുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പു വച്ചെന്ന വാർത്ത ഓൺലൈൻ സ്പോർട്സ് മാധ്യമമായ ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

    ഫുട്ബോൾ താരമായി തൻ്റെ കരിയർ ആരംഭിച്ച വുക്കോമാനോവിച്ച് തൻ്റെ തുടക്ക കാലത്ത് സെർബിയൻ ലീഗിൽ കളിച്ച ശേഷം ബുന്ദസ്ലിഗയിലും ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിലും കളിച്ചിട്ടുണ്ട്. പിന്നീട് പരിശീലക കരിയർ തിരഞ്ഞെടുത്ത വുക്കോമാനോവിച്ച് 2013ൽ ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേഡ് ലീഗിന്റെ സഹപരിശീലകനായാണ് തൻ്റെ പ്രൊഫഷനൽ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് മുഖ്യ പരിശീലകനായി സ്ലൊവാക് സൂപ്പർ ലീഗ്‌ ക്ലബ്ബായ സ്ലോവൻ ബ്രാറ്റിസ്ലാവ ക്ലബ്ബിൻ്റെ പരിശീലിക സ്ഥാനത്ത് എത്തി.

    ഏറ്റവും അവസാനം സൈപ്രസിലെ ഒന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ അപ്പോളൺ ലിമാസോളിനെയാണ് പരിശീലിപ്പിച്ചത്. ഇതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യയിലും തന്ത്രങ്ങൾ പഠിപ്പിക്കാൻ അദ്ദേഹം എത്തുന്നത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെ മിഡ്ഫീൽഡിൽ കളിച്ച അർജന്റൈൻ താരം ഫക്കുണ്ടോ പെരേര ഇന്ത്യയിലേക്ക് വരുന്നതിന് മുൻപ് ഇതേ ക്ലബ്ബിൽ വുക്കുമാനോവിച്ചിന് കീഴിൽ കളിച്ചിരുന്നു.

    Also Read- കോപ്പ അമേരിക്ക ടൂർണമെൻ്റ് വീണ്ടും പ്രതിസന്ധിയിൽ; ബ്രസീലിയൻ താരങ്ങൾ പങ്കെടുത്തേക്കില്ല

    പരിശീലന കരിയറിൽ മികച്ച റെക്കോർഡുള്ള വുക്കുമാനോവിച്ച്, 2017ൽ സ്ലോവൻ ബ്രാറ്റിസ്ലാവയെ സ്ലൊവാക്യൻ കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ പിന്നീട് യൂറോപ്പിലെ രണ്ടാം നിര കിരീട പോരാട്ടമായ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടാൻ ടീമിന് കഴിയാതെ വന്നതോടെ ക്ലബ്ബ് അദ്ദേഹവുമായി വേർപിരിയുകയായിരുന്നു‌. പ്രതിരോധത്തിൽ ഊന്നൽ നൽകി ടീമിനെ ഒരുക്കുന്ന അദ്ദേഹത്തിൻ്റെ ശൈലി ബ്ലാസ്റ്റേഴ്സിന് ചേരുന്നതാണ് കൂടാതെ ഇത് കഴിഞ്ഞ സീസണിൽ ഒരുപാട് ഗോൾ വഴങ്ങിയ ഒരു പ്രതിരോധ നിരയെ ശക്തിപ്പെടുത്തും എന്ന ഗുണം കൂടിയുണ്ട്.

    അതേസമയം, ക്ലബ്ബിൻ്റെ പരിശീലക സ്ഥാനത്തേക്ക് ഒരുപാട് പേരുമായി ചർച്ച നടത്തിയതിന് ശേഷമാണ് വുക്കൊമാനോവിച്ചുമായി കരാറിൽ എത്തിയത്. ഓരോ സീസണിലും പുതിയ പരിശീലകനുമായി വരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി പരിശീലക വേഷം അണിയുന്ന പത്താമത്തെയാളാണ് ഇവാൻ വുക്കുമാനോവിച്ച്. സെർബിയക്കാരനായ അദ്ദേഹത്തെ പരിശീലകനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

    അതേസമയം, പുതിയ പരിശീലകൻ വരുന്നു എന്ന വാർത്ത ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ഫുട്ബോൾ ക്ലബ്ബിൻ്റെ ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല എന്നതിനാൽ പലരും പുതിയ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയണം എന്നുള്ള പ്രതികരണമാണ് നൽകുന്നത്. ഐഎസ്എൽ തുടങ്ങി ഏഴ് സീസൺ കഴിഞ്ഞിട്ടും കിരീടം കൈപ്പിടിയിൽ ഒതുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. രണ്ട് വട്ടം ഫൈനലിൽ എത്തിയത് ഒഴിച്ചാൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിരുന്നത്. ടീമിൻ്റെ പ്രകടനം മോശമായാൽ പരിശീലകനെ പുറത്താക്കുന്ന മാനേജ്മെൻ്റിനെ കളിയാക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകളും നിറയുന്നുണ്ട്.

    ഓരോ സീസൺ കഴിയുമ്പോഴും അടുത്ത സീസണിൽ തങ്ങളുടെ മഞ്ഞപ്പട മികച്ച പ്രകടനം നടത്തും എന്ന പ്രതീക്ഷയിലാണ് അവർ ക്ലബ്ബിനെ സപ്പോർട്ട് ചെയ്യുന്നത്. ഈ സ്നേഹത്തിന് കിരീടം നേടി മറുപടി കൊടുക്കുക എന്ന ലക്ഷ്യമാകും മാനേജ്മെൻ്റിന് ഇത്തവണ ഉള്ളത്. അതുകൊണ്ട് തന്നെ ഇക്കുറി വലിയ മുന്നൊരുക്കത്തോടെയാണ് ക്ലബ്ബ് പുതിയ സീസണിന് ഒരുങ്ങുന്നത്. സെർബിയക്കാരനായ പരിശീലകനും ഈ ഒരു ലക്ഷ്യത്തിലേക്ക് തൻ്റെ സംഭാവന നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

    Summary- Kerala Balsters finalises their Manager; Ivan Vukomanovic from Serbia to spearhead the club for the upcoming ISL season
    Published by:Anuraj GR
    First published:
    )}