• HOME
  • »
  • NEWS
  • »
  • sports
  • »
  • Mithali Raj Retirement |'അവസാനമാകുന്നത് മഹത്തരമായ ക്രിക്കറ്റ് ജീവിതത്തിന്'; മിതാലി രാജിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Mithali Raj Retirement |'അവസാനമാകുന്നത് മഹത്തരമായ ക്രിക്കറ്റ് ജീവിതത്തിന്'; മിതാലി രാജിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മിതാലിയുടെ ക്രിക്കറ്റ് ജീവിതത്തിലെ നേട്ടങ്ങൾ ഓരോന്നും എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആശംസ

  • Share this:
    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് (Mithali Raj) ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മിതാലിയുടെ ക്രിക്കറ്റ് ജീവിതത്തിലെ നേട്ടങ്ങൾ ഓരോന്നും എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആശംസ. വനിതാ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലുമായി കൂടുതൽ റൺസ് നേടിയ മിതാലിയെ 'ലേഡി ടെണ്ടുൽക്കർ' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഏറെ മഹത്തരമായ ഒരു ക്രിക്കറ്റ് ജീവിതത്തിനാണ് അവസാനമാകുന്നതെന്നും കുറിച്ചു.

    'മിതാലി രാജ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കെ, ഏറെ മഹത്തരവും നീണ്ടതുമായ ഒരു ക്രിക്കറ്റ് ജീവിതത്തിനാണ് അവസാനമായിരിക്കുന്നത്. 23 വർഷക്കാലം ഇന്ത്യൻ വനിതാ ടീമിനായി കളിച്ച മിതാലി, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ (10,868 റൺസ്) താര൦, തന്റെ നേട്ടങ്ങളിലൂടെ ലോകത്തെ ക്രിക്കറ്റ് ആരാധകർക്ക് പ്രചോദനം നൽകി. തുടർന്നുള്ള ജീവിതത്തിന് എല്ലാ ആശംസകളും നേരുന്നു.' - മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.



    Also read- അരങ്ങേറ്റത്തിൽ സെഞ്ചുറി, ഏകദിനത്തിൽ ഉയർന്ന റൺ വേട്ടക്കാരി, ആറ് ലോകകപ്പ്; ഇന്ത്യൻ ക്രിക്കറ്റിന്റെ മിതാലി 'റാണി'

    'ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് അലങ്കരിച്ച ഇവർ ക്രിക്കറ്റ് ലോകത്തെ 'ലേഡി ടെണ്ടുൽക്കർ' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇരട്ട സെഞ്ചുറി നേടിയ താരവുമാണ് മിതാലി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിച്ച താരവും (232 മത്സരങ്ങൾ) മിതാലി തന്നെ. നേതൃപാടവത്തിന് പേരുകേട്ട ഇവർ 155 ഏകദിന മത്സരങ്ങളിൽ ഇന്ത്യയുടെ ക്യാപ്റ്റനായി. അതിൽ രണ്ട് ലോകകപ്പ് ഫൈനലുകളും ഉൾപ്പെടുന്നു. രണ്ട് പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള കരിയറിന് അവസാനം കുറിക്കുമ്പോൾ എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകളുമായാണ് മിതാലി കളം വിടുന്നത്. തീർത്തും ആവേശകരമായ ഒരു ക്രിക്കറ്റ് ജീവിതമായിരുന്നു അവരുടേത്.' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    ബുധനാഴ്ചയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വികാരനിർഭര കുറിപ്പിലൂടെയാണ് 39 വയസുകാരിയായ താരം വിടവാങ്ങൽ പ്രഖ്യാപിച്ചത്.

    Also read- 'എല്ലാ യാത്രകളെയും പോലെ ഇതും അവസാനിക്കണം'; ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

    വർഷങ്ങളായി നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് ഇതേ പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു.


    ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളും 232 ഏകദിനങ്ങളും 89 ട്വെന്റി 20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 699 റൺസ്, ഏകദിനത്തില്‍ 7805 റണ്‍സ്, ടി20യിൽ 2364 റണ്‍സുമാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയറിൽ നിന്നും നേടിയത്.
    Published by:Naveen
    First published: