കൊച്ചി : അടിമുടി മാറ്റത്തിനൊരുങ്ങി സംസ്ഥാനത്തെ ഫുട്ബോൾ മേഖല. ഇതിനായുള്ള ദീർഘകാല പദ്ധതികൾ അവതരിപ്പിച്ചു. പുതിയ പ്രൊഫഷണൽ ലീഗും ഇതിന്റെ ഭാഗമായി തുടങ്ങും. ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് പുതിയ നീക്കത്തെ കാണുന്നത്.
കേരള ഫുട്ബോളിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കുള്ള സുപ്രധാന ദീര്‍ഘകാല കരാറില്‍ കേരള ഫുട്ബോള്‍ അസോസിയേഷനും മീരാന്‍സ് സ്പോര്‍ട്സ് എല്‍ എല്‍ പിയും സ്കോര്‍ലൈന്‍ സ്പോര്‍ട്സും ഒപ്പുവച്ചു. കേരള ഫുട്ബോള്‍ അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഒരു കണ്‍സോര്‍ഷ്യം കൂടിയായിരിക്കും പ്രസ്തുത പങ്കാളിത്തം.
കേരള ഫുട്ബോള്‍ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങള്‍ 12 കൊല്ലത്തേയ്ക്കാണ് കണ്‍സോര്‍ഷ്യം വിഭാവന ചെയ്യന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമാണ് കരാര്‍. വീഴ്ച വരുത്തിയാല്‍ കരാര്‍ റദ്ദു ചെയ്യാമെന്ന വ്യവസ്ഥയും കരാറില്‍ ഉണ്ട്. മീരാന്‍സ് സ്പോര്‍ട്സ് എല്‍ എല്‍ പിയും സ്കോര്‍ ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡും കേരളത്തിലെ ഫുട്ബോള്‍ മേഖലയുടെ സര്വതോന്മുഖ വികസനത്തിനും വളര്‍ച്ചയ്ക്കും കേരള ഫുട്ബോള്‍ അസോസിയേഷനുമായി സഹകരിച്ച് വിപുലവും സമഗ്രവുമായ ഒട്ടേറെ പരിപാടികള്‍ ആവിഷ്കരിക്കും. കേരള ഫുട്ബോളിന്റെയും സ്പോര്ട്സിന്റെയും സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കും വികസനത്തിനും കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച എല്ലാ പരിപാടികളെയും കേരള ഫുട്ബോള്‍ അസോസിയേഷന് സ്വാഗതം ചെയ്യുകയും അവയുടെ നടത്തിപ്പിന് സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
കണ്‍സോര്‍ഷ്യത്തിന് അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന്റെ നിയമാനുസൃത ക്ലിയറന്‍സും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിലെ ഫുട്ബോളിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കു വേണ്ടി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ ഏക സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന് എന്ന ബഹുമതി ഇതോടെ കേരള ഫുട്ബോള്‍ അസോസിയേഷന് അവകാശപ്പെട്ടതായി. കേരളത്തിലെ ഫുട്ബോള്‍ കളിക്കാര്‍ക്ക് കൂടുതല്‍ പുതിയ അവസരങ്ങള്‍ കരാര്‍ സൃഷ്ടിക്കും. ഒരു കലണ്ടര്‍ വര്‍ഷം മുഴുവന്‍ കളിക്കാര്‍ക്കും, പരിശീലകര്‍ക്കും ഫുട്ബോള്‍ തല്പരരായവര്ക്കും പുതിയ മത്സരങ്ങള്‍ക്കും പുതിയ കരാര്‍ അവസരം ഒരുക്കും. പ്രസ്തുത പങ്കാളിത്തം വഴി 300ഓളം പേര്‍ക്ക് പ്രത്യക്ഷമായും 500ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കേരളത്തിലെ കളിക്കാരുടെ സ്പോര്‍ട്ടിങ്ങ് സാധ്യതകള്‍ വര്‍ധിപ്പിക്കും.
ഒരു പുതിയ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗിന് താമസിയാതെ കെ എഫ് എ രൂപം നല്‍കും. പ്രതിവര്‍ഷം 200 കളിക്കാര്‍ക്ക് തൊഴിലവസരം ലഭിക്കുന്നതോടൊപ്പം പരിശീലകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സംസ്ഥാനത്തെ ഫുട്ബോള്‍ മേഖലയ്ക്ക്, 350 കോടി രൂപയുടെ നിക്ഷേപമാണ് കണ്‍സോര്‍ഷ്യം പ്രതീക്ഷിക്കുന്നത്. സ്പോര്‍ട്സ് പ്രൊഫഷണലുകള്‍ക്ക് എണ്ണമറ്റ അവസരങ്ങളാണ് കണ്‍സോര്‍ഷ്യം വഴി ലഭിക്കുക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.