• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ബ്രസീലിന് കസാൻ ദുരന്തം; ബെൽജിയം സെമിയിൽ

News18 Malayalam
Updated: July 7, 2018, 12:40 PM IST
ബ്രസീലിന് കസാൻ ദുരന്തം; ബെൽജിയം സെമിയിൽ
News18 Malayalam
Updated: July 7, 2018, 12:40 PM IST
കസാൻ അറീന: കാനറികൾ പറക്കാനാകാതെ തളർന്നുവീണു. സാംബാ താളം നിലച്ചു, മഞ്ഞപ്പടയുടെ ആരാധകർ വിതുമ്പലോടെ മടങ്ങി. അഞ്ചുവട്ടം ലോകചാംപ്യൻമാരായിട്ടുള്ള ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായി. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റാണ് ബ്രസീൽ സെമി കാണാതെ നാട്ടിലേക്ക് മടങ്ങുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്‍റെ ജയം. എണ്ണംപറഞ്ഞ സേവുകളുമായി കളംനിറഞ്ഞ ബെൽജിയം ഗോൾകീപ്പർ ടിബോട്ട് കോർട്ടോയിസായിരുന്നു വിജയശിൽപി. സെമിയിൽ കരുത്തരായ ഫ്രാൻസ് ആണ് ബെൽജിയത്തിന്‍റെ എതിരാളികൾ.

തുടക്കം മുതൽ ഇരു ടീമുകളും ഇരമ്പിയാർക്കുന്നത് കണ്ടുകൊണ്ടാണ് കസാൻ അറീനയിലെ കളിത്തട്ട് ഉണർന്നത്. ആദ്യ മിനിറ്റുകളിൽ തന്നെ തിയാഗോ സിൽവക്കും പോളിഞ്ഞോക്കും ലഭിച്ച അവസരങ്ങൾ ഗോളായിരുന്നെങ്കിൽ കളിയുടെ ചിത്രം തന്നെ മാറിയേനെ. എന്നാൽ കളിക്ക് വിപരീതമായി 13-ാം മിനിട്ടിൽ ഫെർണാണ്ടീഞ്ഞ്യോയുടെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ ബ്രസീലിന് ഒരുഘട്ടത്തിലും തിരിച്ചുവരാൻ കഴിഞ്ഞില്ല. ചാഡ്ലീയുടെ കോർണർ ക്ലിയർ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഫെർനാൻഡിഞോയ്ക്ക് പിഴച്ചത്. ആ സെൽഫ് ഗോൾ തന്നെയാണ് കളിയിൽ ഏറെ നിർണായകമായത്.

31-ാം മിനിട്ടിൽ കെവിൻ ഡിബ്രുയിൻ തകർപ്പൻ ഗോളിലൂടെ ബെൽജിയത്തിന്‍റെ ലീഡ് ഉയർത്തി. സ്വന്തം പകുതിയിൽ നിന്ന് കുതിച്ച ലുകാകു നൽകിയ പന്ത് സ്വീകരിച്ച ഡു ബ്രെയ്നിന്‍റെ ഷോട്ട് ബ്രസീൽ വലയുടെ വലതു മൂലയിൽ പതിച്ചു. ഗോൾ മടക്കാൻ നെയ്മറും കൂട്ടരും കിണഞ്ഞു പരിശ്രമിച്ചെങ്കിലും കോർട്ടോയിസും ബെൽജിയം പ്രതിരോധനിരയും ഒപ്പം നിർഭാഗ്യവും ബ്രസീലിന് മുന്നിൽ കോട്ടകെട്ടി. ബെൽജിയം രണ്ടു ഗോൾ ലീഡ് നിലനിർത്തി ആദ്യ പകുതി കടന്നുപോയി.

രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.നെയ്മറിനൊപ്പം മുന്നേറ്റത്തിൽ കളിച്ച ജീസസ് തീർത്തും നിറംമങ്ങി. ജീസസിനെ ടിറ്റെ തിരിച്ചുവിളിച്ചു. പരിചയസമ്പന്നനായ വില്യമും ഫോമിലല്ലായിരുന്നു. ജീസസിനെ തിരിച്ചുവിളിച്ച് ഡഗ്ലസ് കോസ്റ്റയെ ഇറക്കിയതോടെയാണ് ബ്രസീലിന്‍റെ മുന്നേറ്റങ്ങൾ കൂടുതൽ അപകടകരമായി മാറിയത്. ഏതു നിമിഷവും ഗോൾ നേടുമെന്ന സ്ഥിതിയിലേക്ക് കളി മാറി. പകരക്കാരനായി ഇറങ്ങിയ റെനറ്റോ അഗസ്റ്റോയിലൂടെ 76-ാം മിനിട്ടിൽ ബ്രസീൽ കാത്തിരുന്ന ഗോൾ കണ്ടെത്തി. എന്നാൽ ബെൽജിയത്തിന് ഒപ്പമെത്താൻ ബ്രസീൽ കിണഞ്ഞു പരിശ്രമിച്ചു. ഗോൾ കീപ്പ‍ർ കോർട്ടോയുടെ സേവുകളാണ് പിന്നീട് ബെൽജിയത്തിന് രക്ഷക്കെത്തിയത്.

മറുവശത്ത് ലുക്കാക്കുവിനെ ഉൾപ്പടെ പിൻവലിച്ച് പ്രതിരോധം ശക്തമാക്കി ബെൽജിയം പിടിച്ചുനിന്നു. അവസാനനിമിഷം വരെ ബ്രസീൽ പൊരുതിയെങ്കിലും സമനില ഗോൾ വന്നില്ല. ഒടുവിൽ അഞ്ച് മിനിട്ട് ഇഞ്ച്വറി ടൈമിന് ശേഷം റഫറിയുടെ വിസിൽ. ജർമനിയ്ക്കും സ്പെയിനിനും അർജന്‍റീനയ്ക്കും പിന്നാലെ ബ്രസീലും ഇല്ലാത്ത ചാംപ്യൻഷിപ്പായി റഷ്യ ലോകകപ്പ് മാറി. ബ്രസീൽ പുറത്തായെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ മഞ്ഞപ്പടയുടെ ആരാധകർ നിരാശരായി കസാൻ അറീനയിൽനിന്ന് മടങ്ങി.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...