നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഗാംഗുലിയുടെ ബാറ്റിങ്ങും ബൗളിങ്ങും അനുകരിക്കാന്‍ ശ്രമിച്ചു; ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിയെന്ന് കെകെആര്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍

  ഗാംഗുലിയുടെ ബാറ്റിങ്ങും ബൗളിങ്ങും അനുകരിക്കാന്‍ ശ്രമിച്ചു; ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിയെന്ന് കെകെആര്‍ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍

  ആദ്യം വലം കയ്യനായാണ് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ദാദയെ അനുകരിക്കാനായിരുന്നു ശ്രമം.

  News18

  News18

  • Share this:
   ഐപിഎല്ലിന്റെ രണ്ടാം പാദം യുഎഇയില്‍ പുരോഗമിക്കവെ യുവതാരങ്ങളില്‍ കൂടുതല്‍ കൈയടി നേടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ്. ആര്‍സിബിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തന്റെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വെങ്കടേഷ് മുംബൈക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 30 പന്തുകള്‍ നേരിട്ട് നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 53 റണ്‍സാണ് വെങ്കടേഷ് പോക്കറ്റിലാക്കിയത്.

   ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ തുടങ്ങി മുന്‍ നിര ബോളര്‍മാരെല്ലാം ഈ തുടക്കക്കാരന്റെ ബാറ്റിന്റെ ചൂട് നല്ല രീതിയില്‍ അറിഞ്ഞു. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങില്‍ ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ താരത്തെ കുറിച്ച് പറയുകയാണ് വെങ്കടേഷ്. കളിക്കാന്‍ ഏറ്റവും ആഗ്രഹിച്ച ടീമാണ് കെകെആറെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

   'സത്യസന്ധമായി പറഞ്ഞാല്‍ കളിക്കണമെന്ന് ഏറ്റവും ആഗ്രഹിച്ച ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. അതിന് കാരണം സൗരവ് ഗാംഗുലിയാണ്. അദ്ദേഹമായിരുന്നു തുടക്കത്തിലെ കെകെആറിന്റെ നായകന്‍. അതിനാല്‍ത്തന്നെ കെകെആറിനെ വലിയ ഇഷ്ടമായിരുന്നു. കെകെആറിലേക്ക് വിളിയെത്തിയപ്പോള്‍ സത്യമായും എന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു.'- വെങ്കടേഷ് പറഞ്ഞു.

   'ദാദയുടെ വലിയ ആരാധകനാണ് ഞാന്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകര്‍ ഗാംഗുലിക്കുണ്ട്. ആദ്യം വലം കയ്യനായാണ് ഞാന്‍ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ദാദയെ അനുകരിക്കാനായിരുന്നു ശ്രമം. ദാദ സിക്സ് പറത്തുന്നത് പോലെ, ദാദ ബൗള്‍ ചെയ്യുന്നത് പോലെയെല്ലാം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ ജീവിതത്തില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.'- വെങ്കടേഷ് അയ്യര്‍ പറയുന്നു.

   മധ്യപ്രദേശ് ആഭ്യന്തര താരമായ വെങ്കടേഷ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമാണ്. 19ആം വയസ് വരെ ക്രിക്കറ്റിനെ വെങ്കടേഷ് വളരെ കാര്യമായി എടുത്തിരുന്നില്ല. വിദ്യാഭ്യാസത്തിനായിരുന്നു വെങ്കടേഷ് ആദ്യ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ അമ്മയാണ് ക്രിക്കറ്റിലേക്ക് വെങ്കടേഷിന്റെ താല്‍പര്യം വളര്‍ത്തിയത്. ബികോമിനൊപ്പം ചാറ്റേര്‍ഡ് അക്കൗണ്ടന്റ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു വെങ്കടേഷ്. പഠനത്തിന് ശേഷം ബംഗളൂരുവില്‍ ജോലി ലഭിച്ചു. അപ്പോഴാണ് അധികം വൈകാതെ രഞ്ജി ട്രോഫി തുടങ്ങുമെന്ന് അറിഞ്ഞത്. എന്നാല്‍ ജോലി കളഞ്ഞ് ക്രിക്കറ്റിലേക്ക് പോകാന്‍ അന്ന് താല്‍പര്യമില്ലായിരുന്നു.

   ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനമാണ് കെകെആറിലെത്തിച്ചത്. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 75.66 ശരാശരിയില്‍ 227 റണ്‍സ് വെങ്കടേഷ് നേടി. 149.34 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരേ 146 പന്തില്‍ 198 റണ്‍സ് നേടി അദ്ദേഹം കൈയ്യടി നേടി. ഐപിഎല്‍ 2021ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് കെകെആര്‍ വെങ്കടേഷിനെ സ്വന്തമാക്കിയത്.

   സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ കടുത്ത ആരാധകനായ വെങ്കടേഷിന് വായനയും കുക്കറി ഷോകള്‍ കാണുന്നതുമാണ് വലിയ ഇഷ്ടം. എത്ര വട്ടം വേണമെങ്കിലും രജനിയുടെ സിനിമകള്‍ കണ്ടിരിക്കാന്‍ തനിക്ക് കഴിയുമെന്നാണ് വെങ്കടേഷ് പറയുന്നത്.
   Published by:Sarath Mohanan
   First published:
   )}