• HOME
  • »
  • NEWS
  • »
  • sports
  • »
  • K L Rahul | അപൂർവ രോഗം ബാധിച്ച് 11 വയസുകാരൻ; ശസ്ത്രക്രിയയ്ക്കുള്ള തുക നൽകി കെ എൽ രാഹുൽ

K L Rahul | അപൂർവ രോഗം ബാധിച്ച് 11 വയസുകാരൻ; ശസ്ത്രക്രിയയ്ക്കുള്ള തുക നൽകി കെ എൽ രാഹുൽ

ശസ്ത്രക്രിയയ്‍ക്ക് ആവശ്യമായിരുന്ന 35 ലക്ഷം രൂപയിൽ 31 ലക്ഷം നൽകിയാണ് രാഹുൽ ഈ വളർന്നു വരുന്ന കുട്ടി ക്രിക്കറ്ററുടെ രക്ഷകനായത്.

Image: Twitter

Image: Twitter

  • Last Updated :
  • Share this:
    അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസുകാരന്റെ രക്ഷയ്ക്ക് എത്തി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ (K L Rahul). ഭാവിയിൽ ക്രിക്കറ്റ് താരമാവണം എന്ന സ്വപ്നവുമായി നടക്കുന്ന വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര ബോണ്‍ മാരോ ശസ്ത്രക്രിയയ്ക്കുള്ള (Bone Marrow Transplant) തുക രാഹുൽ സംഭാവന നൽകുകയായിരുന്നു. ശസ്ത്രക്രിയയ്‍ക്ക് ആവശ്യമായിരുന്ന 35 ലക്ഷം രൂപയിൽ 31 ലക്ഷം നൽകിയാണ് രാഹുൽ ഈ വളർന്നു വരുന്ന കുട്ടി ക്രിക്കറ്ററുടെ രക്ഷകനായത്.

    കഴിഞ്ഞ വർഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സാ ചിലവിലേക്കുള്ള തുക കണ്ടെത്തുന്നതിനായി വരദിന്റെ മാതാപിതാക്കളായ സച്ചിൻ നലവാദെയും സ്വപ്ന ഝായും ചേർന്ന് ഗിവ്ഇന്ത്യയിലൂടെ ക്യാമ്പയിൻ നടത്തിയിരുന്നു. ഇത് രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്. ഈ ക്യാമ്പയിൻ കണ്ടയുടൻ തന്നെ രാഹുലിന്റെ ടീം ഗിവ്ഇന്ത്യയുമായി ബന്ധപ്പെടുകയും വേണ്ട കാര്യങ്ങൾ ചെയ്ത് നൽകുകയുമായിരുന്നു.


    അഞ്ചാം ക്ലാസ് വിദ്യാർഥിയായ വരദ്, കഴിഞ്ഞ സെപ്റ്റംബർ മുതൽ മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗമായിരുന്നു വരദിന്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറവായിരുന്നതിനാൽ വരദിന്റെ രോഗ പ്രതിരോധ ശേഷിയും കുറവായിരുന്നു. ചെറിയ പനി പോലും മാറിക്കിട്ടാൻ മാസങ്ങളാണ് വേണ്ടിവന്നിരുന്നത്. ഇതിൽ നിന്നും മുക്തി നേടാൻ ബോണ്‍ മാരോ ശസ്ത്രക്രിയ നടത്തുക മാത്രമായിരുന്നു പോംവഴി. മകന്റെ ജീവൻ നിലനിർത്താൻ നടത്തിയിരുന്ന ചികിത്സയുടെ പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്ന കുടുംബത്തിന് വലിയൊരു പിടിവള്ളിയാണ് രാഹുൽ തന്റെ പ്രവർത്തിയിലൂടെ നൽകിയത്.

    രാഹുൽ നൽകിയ തുകയും മറ്റ് പലരും നൽകിയ തുകയും കൊണ്ട് വരദിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയ കഴിഞ്ഞ വരദ് സുഖമായിരിക്കുന്നു.


    തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന് സഹായം ചെയ്ത രാഹുലിനോടും മറ്റ് ആളുകളോടും ഒരുപാട് നന്ദിയുണ്ടെന്ന് വരദിന്റെ അമ്മ സ്വപ്ന പ്രതികരിച്ചു. 'എന്റെ മകന്റെ ചികിത്സയ്ക്കായി തുക സംഭാവന നൽകിയ ഏവർക്കും നന്ദി. നിങ്ങളുടെ സഹായം ഇല്ലായിരുന്നുവെങ്കിൽ എന്റെ മകന് ഈ ശസ്ത്രക്രിയ നടത്താൻ കഴിയുമായിരുന്നില്ല. കെ എൽ രാഹുലിനോട് പ്രത്യേകമായി നന്ദി പറയുന്നു. നിങ്ങൾ തന്ന വലിയ തുക കൊണ്ടാണ് എന്റെ മകന്റെ ശസ്ത്രക്രിയ ഇത്രയും പെട്ടെന്ന് കഴിഞ്ഞത്. രാഹുലിനോടും എല്ലാവരോടും വളരെയധികം നന്ദിയുണ്ട്.' - സ്വപ്ന പറഞ്ഞു.

    വരദിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിൽ അതീവ സന്തോഷ൦ തോന്നുന്നതായും വരദ് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി അവന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കട്ടെയെന്നും രാഹുൽ പ്രതികരിച്ചു. ‘ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിൽ അതിയായ സന്തോഷമുണ്ട്. അവൻ സുഖമായിരിക്കുന്നു. വളരെ വേഗം തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്തി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ അവന് സാധിക്കട്ടെ. എന്റെ ഈ സംഭാവനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ക്ലേശം അനുഭവിക്കുന്നവരെ സഹായിക്കാൻ കൂടുതൽ പേർ മുന്നിട്ടിറങ്ങട്ടെ’– കെ എൽ രാഹുൽ പറഞ്ഞു.
    Published by:Naveen
    First published: