ലോകകപ്പ് ഫുട്ബോളിൽ ടുണീഷ്യയ്ക്കെതിരെ നേടിയ ഗോൾ തന്റെ മകനായി സമർപ്പിക്കുന്നുവെന്ന് ഓസ്ട്രേലിയൻ താരം മിച്ചൽ ഡ്യൂക്ക്. തന്റെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന, ഏറെ പ്രിയപ്പെട്ട നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂക്കിന്റെ ഗോളാണ് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. 23-ാം മിനിറ്റിലായിരുന്നു ഗോൾ.
ഗ്രൂപ്പ് ഡി യിലെ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഓസ്ട്രേലിയ ടുണീഷ്യയെ തോൽപിച്ചത്. മിച്ചലിന്റെ ഗോളിനെ ഓസ്ട്രേലിയൻ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. മികച്ചൊരു ഹെഡ്ഡറിലൂടെ ഓസീസ് താരം ഗോൾവല കുലുക്കിയത്.
ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്റെ മകനോട് അതേക്കുറിച്ച് ഏറെ സംസാരിച്ചിരുന്നതായും ഡ്യൂക്ക് പറഞ്ഞു. ഗോൾ നേടാനാകും എന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നു എന്നും അത് മകനായി സമർപ്പിക്കും എന്ന് വാക്കു കൊടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്നോടുള്ള സ്നേഹം അവൻ സ്റ്റേഡിയത്തിൽ വെച്ച് തിരിച്ചും പ്രകടിപ്പിച്ചു. ഇത് എന്റെ ജീവിതകാലം മുഴുവൻ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു നിമിഷമായിരിക്കും”, മിച്ചൽ ഡ്യൂക്ക് പറഞ്ഞു.
ഗോള്‍ നേടിയശേഷം ഗാലറിയിലിരുന്ന മകനുവേണ്ടി ഡ്യൂക്ക് നടത്തിയ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. മകൻ ജാക്സന്റെ പേരിന്റെ ആദ്യ അക്ഷരമായ ജെ (J) യെ സൂചിപ്പിക്കും വിധം ഇരുകൈകളിലെയും വിരലുകള്‍ ചേര്‍ത്തുവെച്ചാണ് ഡ്യൂക്ക് ഗാലറിക്കരികിലേക്ക് ഓടിയത്. മകന് ജാക്സണ് അത് അനുകരിച്ച കാഴ്ചയാണ് ആരാധകരുടെ ഹൃദയം കവർന്നത്. ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായിരുന്നു ഇതെന്നാണ് ആരാധകരിൽ പലരും പ്രതികരിച്ചത്.
സന്തോഷം പ്രകടിപ്പിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം തന്റെ കുടുംബത്തിനും ഏറ്റവും മൂല്യമുള്ള നിമിഷമാണ് ഇതെന്നും മൽസര ശേഷം ഡ്യൂക്ക് പ്രതികരിച്ചിരുന്നു. ”ടീമിനെക്കുറിച്ച് എനിക്ക് അങ്ങേയറ്റം അഭിമാനമുണ്ട്. എല്ലാവരും ഏറെ അര്‍പ്പണബോധത്തോടെയാണ് കളിച്ചത്. ബുദ്ധിമുട്ടുകൾ പലതും സഹിച്ചാണ് ഞങ്ങള്‍ ഇവിടം വരെ എത്തിയത്. ഈ വിജയത്തില്‍
ഞാൻ ഒരിക്കലും മതിമറക്കില്ല. ഗ്രൂപ്പ് ഘട്ടം കടക്കണമെങ്കിൽ ഇനി ഒരു മല്‍സരം കൂടി ജയിക്കണം”, ഡ്യൂക്ക് കൂട്ടിച്ചേർത്തു.
അടുത്ത മാച്ചിനായുള്ള തയ്യാറെടുപ്പിലാണ് തങ്ങളുടെ താരങ്ങളെന്ന് ഓസ്ട്രേലിയൻ ടീമിന്റെ ബോസ് ഗ്രഹാം അർനോൾഡ് പറഞ്ഞു. “അവരെയോർത്ത് ഞാൻ വളരെ അഭിമാനിക്കുന്നു, പക്ഷേ ഇനിയും വളരെ ദൂരം പോകാനുണ്ട്. രാത്രി മുഴുവൻ സോഷ്യൽ മീഡിയയിലും മറ്റ് കാര്യങ്ങളിലും സമയം കളയരുതെന്നാണ് ഞാൻ കളിക്കാരോട് പറയുന്നത്. അവർ ഇപ്പോൾ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, അർനോൾഡ് കൂട്ടിച്ചേർത്തു.
ഈ മാസം മുപ്പതിന് ഡെൻമാർക്കുമായാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.
Summary: Know why Australia forward Mitchell Duke signed off his match-winning goal against Tunisia with a special gesture
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.